Web Desk

പട്ന

October 25, 2020, 10:33 pm

ബിഹാറില്‍ എൻഡിഎയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; വോട്ടർമാർ തൃപ്തരല്ലെന്ന് അഭിപ്രായ സര്‍വേ

Janayugom Online

ബിഹാർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമെന്ന് അഭിപ്രായസർവേ.  നിലവിലെ സർക്കാരിൽ ഭൂരിഭാഗം വോട്ടർമാരും തൃപ്തരല്ലെന്ന് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ വിലയിരുത്തുന്നു. ജെഡിയുവും ബിജെപിയും വിഐപിയും എച്ച്എഎമ്മും ഉൾപ്പെടുന്ന എൻഡിഎയ്ക്ക് തെരഞ്ഞെടുപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന നേരിയ മുൻതൂക്കം നഷ്ടമാകുന്ന സ്ഥിതിയിലേക്കെന്നാണ് സർവേ പ്രവചിക്കുന്നത്.

സംസ്ഥാനത്തെ 41 ശതമാനം ആളുകളും നിലവിലെ ബിഹാർ സർക്കാരിൽ ഒട്ടും തൃപ്തരല്ല, 28 ശതമാനം ആളുകൾ മാത്രമാണ് സംതൃപ്തരാണെന്ന് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സമാനമായ വിലയിരുത്തൽ തന്നെയാണ് ഉയർന്നു വന്നിരിക്കുന്നത്. 40.42 ശതമാനം ആളുകൾ നിതീഷ് കുമാറിൽ സംതൃപ്തരല്ല. 27.43 ശതമാനം വോട്ടർമാർ മുഖ്യമന്ത്രി മികച്ച പ്രകടനമാണ് കഴിഞ്ഞ ഭരണത്തിൽ കാഴ്ചവച്ചതെന്ന് അഭിപ്രായപ്പെടുമ്പോൾ 31.54 ശതമാനം വോട്ടർമാർ ചില വിഷയങ്ങളിൽ അസംതൃപ്തരാണെന്നും അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മയാണ് ഭൂരിപക്ഷം വോട്ടർമാരും ബിഹാറിലെ പ്രധാന പ്രശ്നമായി കരുതുന്നത്. കോവിഡ് പകർച്ചവ്യാധിയുടെയും അഴിമതിയുടെയും ഫലമായാണ് തൊഴിലില്ലായ്മ സംസ്ഥാനത്തെ പ്രധാന പ്രശ്നമായി മാറിയതെന്നും ജനങ്ങൾ കരുതുന്നു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ആളുകൾ സംതൃപ്തരല്ലെന്ന് അഭിപ്രായ വോട്ടെടുപ്പ് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും എൻഡിഎ ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി ഉയർത്തിക്കാട്ടുന്നത് അദ്ദേഹത്തെ തന്നെയാണ്.

ബിഹാറിലെ പ്രശ്നങ്ങൾ ഏത് പാർട്ടിയ്ക്ക് നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിപക്ഷം വോട്ടർമാരും എൻഡിഎയോ യുപിഎയോ തെരഞ്ഞെടുത്തിട്ടില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry: Bihar elec­tion survey
You may also like this video: