Web Desk

പട്ന

October 23, 2020, 10:17 pm

അഴിമതിയും ഭരണവീഴ്ചകളും ചർച്ചയാകുന്നു; ബിഹാറിൽ എൻഡിഎ പതറുന്നു

Janayugom Online
Nalanda: RJD leader Tejashwi Yadav addresses an election rally ahead of Bihar Assembly elections, at Hilsa in Nalanda District, Friday, Oct. 23, 2020. (PTI Photo)(PTI23-10-2020_000130B)

നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പ്രചരണം കലാശക്കൊട്ടിനോട് അടുക്കുന്ന ബിഹാറിൽ എൻഡിഎ പതറുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭരണവീഴ്ചകളും അഴിമതിയും തുറന്നുകാട്ടിയുള്ള മഹാസഖ്യത്തിന്റെ ആക്രമണാത്മക പ്രചരണം ഭരണകക്ഷിയെ പിന്നോട്ടടിച്ചതായാണ് രാഷ്ട്രീയ വിലയിരുത്തൽ.

നവാഡ ജില്ലയിൽ ഇന്നലെ നടന്ന പ്രചരണ റാലിയിൽ നിതീഷിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ പ്രസംഗം. കോവിഡ് കാരണം പറഞ്ഞ് നാലു മാസത്തിലേറെ കാലം വീട്ടിൽ അടച്ചിരുന്ന നീതീഷ് ഇപ്പോൾ വോട്ടിനു വേണ്ടി മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നതെന്ന് തേജസ്വി പറഞ്ഞു.

സംസ്ഥാനം വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ വീട്ടിൽ അടച്ചിട്ടിരിക്കുകയും പൊതുജനങ്ങളോട് സംവദിക്കാതിരിക്കുകയും, ലക്ഷക്കണക്കിന് ബി­ഹാറി കുടിയേറ്റ തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്താനാകാതെ പ്രതിസന്ധിയിലായപ്പോൾ ഒന്നും ചെയ്യാതിരിക്കുകയുമാണ് നിതീഷ് ചെയ്തതെന്ന് തേജസ്വി പറഞ്ഞു.

32 ലക്ഷം പേരാണ് ലോക്ഡൗൺ കാലത്ത് ജോലി നഷ്ടമായി സംസ്ഥാനത്ത് തിരിച്ചെത്തിയത്. സർക്കാർ അവർക്ക് ജോലി വാഗ്ദാനം നൽകുകയും സ്കിൽ മാപ്പിങ് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. 15 വർഷംകൊണ്ട് പൊതുജനങ്ങളുടെ 30000 കോടിരൂപ നിതീഷ് കുമാർ കവർന്നതായും മഹാസഖ്യം ആരോപിക്കുന്നു.

അതിനിടെ ബിഹാർ കോൺഗ്രസ് ഘടകത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോൺഗ്രസ് വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലികൾക്കും സംസ്ഥാനത്ത് തുടക്കമായിട്ടുണ്ട്. മോഡിയുടെ എടുത്തുചാടിയുള്ള ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ ഫലം ബിഹാറിലെ കുടിയേറ്റജനതയാണ് ഏറ്റവുമധികം അനുഭവിക്കേണ്ടിവന്നതെന്ന് അദ്ദേഹം ഭഗൽപൂരിലെ റാലിയിൽ പറഞ്ഞു.

എൻഡിഎ സഖ്യത്തിൽ നിന്നും പുറത്ത് പോയ ചിരാഗ് പാസ്വാന്റെയും എൽജെപിയുടെയും അഴിമതി ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും എൻഡിഎയ്ക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഒരു വശത്ത് നിന്ന് നിതീഷ് കുമാറിനെ കടന്ന് ആക്രമിക്കുന്ന ചിരാഗ് തന്റെ പാർട്ടി അധികാരത്തിൽ എത്തിയാൽ നിതീഷ് കുമാറിനെ ജയിലിൽ അടയ്ക്കും എന്നുവരെ പ്രഖ്യാപിച്ചിരുന്നു.

you may also like this video