Web Desk

പട്ന

November 07, 2020, 11:04 pm

ബിഹാർ: എക്സിറ്റ് പോളിൽ മഹാസഖ്യം

Janayugom Online
Vaishali: A security official keeps a vigil as voters stand in queues to cast their votes at a polling station during the third phase of Bihar Assembly Elections, at Mahua in Vaishali district, Saturday, Nov. 7, 2020. (PTI Photo)(PTI07-11-2020_000049B)

ബിഹാറിൽ മഹാസഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനത്ത് മോഡി തരംഗം ഉണ്ടാവില്ലെന്നും ഇടതുപാർട്ടികൾ നേട്ടമുണ്ടാക്കുമെന്നും വിവിധ സർവേകൾ പ്രവചിക്കുന്നു.

തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം 124 മുതൽ 180 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. നിതീഷ് കുമാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പ്രകടമായിട്ടുണ്ട്. ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപിക്കും തെര‍ഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രവചനങ്ങൾ.

മഹാസഖ്യത്തിന് ന്യൂസ്18‑ടുഡേയ്സ് ചാണക്യ സർവേ 180 സീറ്റുകളാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 66 ശതമാനം വോട്ട് വിഹിതം ലഭിക്കും. ബിജെപിയ്ക്കും ജെഡിയുവിനും 33 ശതമാനം വോട്ട് ലഭിക്കും.

ടൈം നൗ- സി വോട്ടർ സർവേയും മഹാസഖ്യത്തിന് മുൻതൂക്കമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മഹാസഖ്യം 120 സീറ്റുകൾ നേടുമെന്നാണ് സി വോട്ടറിന്റെ പ്രവചനം. എൻഡിഎ 116 സീറ്റുകളും എൽജെപി ഒരു സീറ്റും നേടുമെന്നും സീ വോട്ടർ പ്രവചിക്കുന്നു.

118 മുതൽ 138 സീറ്റുകൾ വരെ മഹാസഖ്യം കരസ്ഥമാക്കുമെന്നാണ് റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത് പറയുന്നത്. ഭരണ കക്ഷിയായ എൻഡിഎ 91 മുതൽ 117 സീറ്റുകൾ വരെ നേടും. എൽജെപി അഞ്ച് മുതൽ എട്ട് സീറ്റുകളിലും വിജയിക്കുമെന്ന് ഇവർ പറയുന്നു.

എബിപി-സി വോട്ടർ സർവേയിൽ മഹാസഖ്യം 108 മുതൽ 131 വരെ സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. എൻഡിഎയ്ക്ക് 104 മുതൽ 128 സീറ്റുകൾ, എൽജെപി ഒന്നുമുതൽ മൂന്നു സീറ്റുകളും മറ്റുള്ളവർ നാലുമുതൽ എട്ടുസീറ്റുകളും നേടിയേക്കുമെന്നാണ് സർവേയിൽ പറയുന്നത്. 243 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

ഇന്ത്യ ടുഡെ-ആക്സിസ് 150 സീറ്റുകളാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. മഹാസഖ്യം 120 സീറ്റുകളും എൻഡിഎ 115 സീറ്റുകളും നേടുമെന്ന് ടിവി9 ഭാരത്‌വർഷ് സർവേ പ്രവചിക്കുന്നു.

അതേസമയം മധ്യപ്രദേശ് ഉപതെര‍ഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നിലനിർത്താനാകുമെന്നാണ് ആജ് തക്-ആക്സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നത്. 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 16–18 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.

അന്തിമഘട്ടത്തിൽ 54.06 ശതമാനം പോളിങ്

പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചു. മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച പുറത്തുവരും. ഇന്നലെ നടന്ന അവസാനഘട്ട വോട്ടെടുപ്പിൽ 54.06 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിനാണ് അവസാനിച്ചത്. 15 ജില്ലകളിലായി 78 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തിൽ മത്സരം നടന്നത്. 1,207 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടിം​ഗ് മെഷീനുകൾ വ്യാപകമായി തകരാറിലായതായി പ്രതിപക്ഷമായ മഹാസഖ്യം ആരോപിച്ചു.

ബിഹാറില്‍ ആകെയുള്ള 243 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ 71 ലും രണ്ടാം ഘട്ടത്തില്‍ 94 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്.

ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. ജെഡിയു നേതാവ് ബൈദ്യനാഥ് മഹാതോയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ബിഹാറിലെ വാത്മീകി നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇന്നലെ നടന്നു.