ബിഹാർ: ഒന്നാംഘട്ട പോളിങ് ഇന്ന്

Web Desk

പട്ന

Posted on October 28, 2020, 8:21 am

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിക്കുക. 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുക.

ജെഡിയുവും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎയും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാസഖ്യവും തമ്മിലാണ് മുഖ്യപോരാട്ടം. എന്‍ഡിഎയില്‍നിന്ന് പുറത്തുവന്ന എല്‍ജെപി ഒറ്റയ്ക്കും ബിഎസ്‌പി- ആര്‍എല്‍എസ്‌പി- എഐഎംഐഎം എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മുന്നണിയും മത്സരരംഗത്തുണ്ട്. എൻഡിഎ സഖ്യത്തിന് കടുത്ത ഭരണവിരുദ്ധ വികാരം നേരിടേണ്ടിവരുന്നുവെന്ന് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

114 വനിതാ സ്ഥാനാർത്ഥികളടക്കം 1066 പേരാണ് മത്സരരംഗത്തുള്ളത്. ആദ്യഘട്ടത്തിലെ മണ്ഡലങ്ങളിൽ ആർജെഡി 42 സീറ്റിലും ജെഡിയു 35 സീറ്റിലും ബിജെപി 29 സീറ്റിലും കോൺഗ്രസ് 21 സീറ്റിലും ഇടതുപാർട്ടികൾ എട്ട് സീറ്റിലും മത്സരിക്കുന്നു. 31,380 പോളിങ് ബൂത്തുകളിലായി 2.14 കോടി വോട്ടർമാരാണ് ഒന്നാംഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് എത്തുന്നത്.

ENGLISH SUMMARY:Bihar first phase of polling is today
You may also like this video