ബിഹാറില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ നിലവിളികള്‍

Web Desk
Posted on June 20, 2019, 12:54 am

ബിഹാറില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ മരണവാര്‍ത്തകള്‍ നിലയ്ക്കുന്നില്ല. ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് നൂറ്റിയമ്പതിലധികം കുട്ടികള്‍ മരിച്ചു. ഒരുമാസത്തോളമായിരിക്കുന്നു ഈ ദുരവസ്ഥ തുടങ്ങിയിട്ട്. എന്നിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് സാധ്യമായിട്ടില്ലെന്നത് ബിഹാറിലെ ഭരണസംവിധാനത്തിന്റെ ദയനീയ പരാജയം തന്നെയാണ്. ഗുരുതരമായ അനാസ്ഥയും ഇവിടെ സംഭവിച്ചിട്ടുണ്ട്.

രോഗബാധയുണ്ടായി കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് പതിനേഴ് ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശിക്കാനെത്തിയെന്നത് സര്‍ക്കാര്‍ ഉദാസീനതയുടെ ഉദാഹരണങ്ങളിലൊന്നാണ്. മൂന്നാഴ്ച പിന്നിടുകയും നൂറിലധികം മരണം സ്ഥിരീകരിക്കപ്പെടുകയും ചെയ്തതിന് ശേഷമായിരുന്നു ഉന്നതതലയോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം അതായത് മരണസംഖ്യ ഉയര്‍ന്നു തുടങ്ങിയതിന്റെ മൂന്നാഴ്ചകള്‍ക്കുശേഷമാണ് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. അവിടെ ജനങ്ങള്‍ കരിങ്കൊടിയേന്തിയാണ് പ്രതിഷേധം നടത്തിയത്. പ്രസ്തുത യോഗത്തില്‍ ഉറങ്ങുകയായിരുന്ന മന്ത്രിയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ക്രിക്കറ്റ് സ്‌കോറെത്രയെന്ന് അന്വേഷിച്ച മന്ത്രിയെ പരിഹസിക്കുന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചതാകട്ടെ 25 ദിവസം പിന്നിട്ടതിന് ശേഷവും. ഗുരുതരമായ സാഹചര്യങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ചയ്ക്കും അനാസ്ഥയ്ക്കും ഇതിലധികം ഉദാഹരണങ്ങള്‍ ആവശ്യമില്ല, പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് സാഹചര്യങ്ങളെ പരിശോധിക്കുമ്പോള്‍. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലാണ് ഏറ്റവുമധികം മരണമുണ്ടായത്. അവിടെയാണ് പതിനേഴ് ദിവസത്തിന് ശേഷം മുഖ്യമന്ത്രിയെത്തിയത്. കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ രോഗികളുടെ ബന്ധുക്കള്‍ ഉയര്‍ത്തിയത്. തങ്ങളുടെ മക്കളുടെ ജീവനെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ആര്‍ത്തനാദമായിരുന്നു ആശുപത്രിയില്‍ ഉയര്‍ന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ജില്ലയില്‍ നിന്ന് തൊട്ടടുത്ത ജില്ലകളിലേയ്ക്ക് എന്ന നിലയില്‍ രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരുന്നപ്പോഴും മതിയായ ചികിത്സാസംവിധാനങ്ങള്‍ ഒരുക്കുന്നതിനോ മരണസംഖ്യ നിയന്ത്രിക്കുന്നതിനോ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. വൈശാലി, സമഷ്ടിപ്പൂര്‍, സീതാമരി, ചമ്പാരന്‍, പട്‌ന, ഗയ, ജെഹാനാബാദ്, ഭോജ്പൂര്‍, ഔറംഗാബാദ് തുടങ്ങിയ ജില്ലകളിലാണ് കൂടുതലായും മരണമുണ്ടായത്. ഇരുനൂറിലധികം കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുണ്ട്.

ഇപ്പോഴും രോഗകാരണമെന്തെന്ന് വ്യക്തമായി കണ്ടെത്തുന്നതിന് പോലും സാധിച്ചിട്ടില്ല. മസ്തിഷ്‌ക ജ്വരം, ജപ്പാന്‍ ജ്വരം എന്നിങ്ങനെ പല തരത്തിലുള്ള വിശദീകരണങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. രോഗമെന്തായാലും അതിനുള്ള കാരണങ്ങളും കൃത്യമായി കണ്ടെത്താനായിട്ടില്ല. ലിച്ചിപ്പഴം കഴിച്ചതിന്റെ ഫലമായാണ് രോഗമുണ്ടായതെന്ന നിഗമനവുമുണ്ടായിട്ടുണ്ട്. അത് ശരിവയ്ക്കുന്ന വാര്‍ത്തകളാണ് ഏറ്റവും ഒടുവിലെത്തിയിട്ടുള്ളത്. അതാണെങ്കില്‍ രോഗം വ്യാപിക്കുന്നതിനുള്ള കാരണം കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിഹാറിലെയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആരോഗ്യമേഖലയ്ക്കുള്ള പോരായ്മകള്‍ മാത്രമല്ല വെളിവാകുന്നത്. ആ ഗ്രാമങ്ങളിലെ ദാരിദ്ര്യംകൂടി ഉള്‍ച്ചേരുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറുകണക്കിന് കുട്ടികളാണ് മരിച്ചത്. ആരോഗ്യമേഖലയുടെ പരിതാപകരമായ സാഹചര്യങ്ങളാണ് കുട്ടികളുടെ മരണത്തിന് അന്ന് കാരണമായത്. ഗുരുതരമായ രോഗാവസ്ഥയിലെത്തിയ കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതിന് സംവിധാനങ്ങളില്ലാത്തതായിരുന്നു അന്ന് കുട്ടികളുടെ മരണകാരണമായതെങ്കില്‍ ദാരിദ്ര്യവും ആരോഗ്യമേഖലയുടെ അപര്യാപ്തതകളും ഒരുമിച്ചാണ് ബിഹാറിലെ കുട്ടികളുടെ മരണത്തിന് കാരണമായിരിക്കുന്നത്.

ദരിദ്രകുടുംബങ്ങളിലെ ഒന്നും കഴിക്കാനില്ലാത്ത കുട്ടികള്‍ ലിച്ചിപ്പഴം കഴിക്കുന്നു. ശൂന്യമായ വയറ്റില്‍ ഇത് മൂലം സംഭവിക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് പൊതുവേ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളില്‍ രോഗബാധയുണ്ടാകുന്നതിന് കാരണമായത്. നേരത്തേയും ഇത്ര വ്യാപകമായല്ലെങ്കിലും ലിച്ചിപ്പഴം കഴിച്ചുള്ള രോഗബാധയുണ്ടായിരുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കുന്നതിനോ മുന്‍കരുതലുകളെടുക്കുന്നതിനോ ഉള്ള ഒരു സംവിധാനവും ഒരുക്കപ്പെട്ടില്ല.
പാവപ്പെട്ടവരുടെയും പട്ടിണിക്കാരുടെയും പ്രശ്‌നങ്ങള്‍ക്കപ്പുറം വോട്ടിന് വേണ്ടി ജാതിയുടെയും മതത്തിന്റെയും തീവ്രവൈകാരികതയുടെയും വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ഭരണത്തില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. കുട്ടികളുടെ ക്ഷേമത്തിനായും ആരോഗ്യമേഖലയുടെ പരിപോഷണത്തിനായും ദശകോടികള്‍ ചെലവഴിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് കുട്ടികളുടെ മരണങ്ങളുണ്ടാകുന്നത്. അതുകൊണ്ട് രോഗ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം തന്നെ പട്ടിണി മാറ്റുന്നതിനുള്ള നടപടികളുമുണ്ടാകണമെന്നാണ് ബിഹാര്‍ നമ്മുടെ ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുന്നത്.