Web Desk

ന്യൂഡൽഹി‍

October 23, 2020, 10:22 pm

ബിഹാർ ജനത മാറ്റം ആഗ്രഹിക്കുന്നു: ഡി രാജ

Janayugom Online

രാജ്യം കടന്നു പോകുന്ന ദുർഘടമായ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ മഹാസഖ്യത്തിന്റെ ഭാഗമായി ബദൽ തീർക്കുന്നത് സംബന്ധിച്ച് ഡി രാജ സംസാരിച്ചത്.

നേരത്തെ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് പോരാടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകളിൽ സഖ്യത്തിലെത്താൻ കഴിയാതെ പോയി. ഇപ്പോൾ രാജ്യത്തെയും ബിഹാറിലെയും സ്ഥിതി കണക്കിലെടുത്ത് ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുകയെന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മതേതര ജനാധിപത്യ ശക്തികളും ഈ ലക്ഷ്യത്തിനായി ഒത്തുചേരേണ്ടതുണ്ട്. ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് ഭരണഘടനയ്ക്കും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയത്തിനും മതേതരത്വത്തിനും കനത്ത വെല്ലുവിളി ഉയർത്തുകയാണ്. ഇത് ചെറുക്കേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ മൊത്തത്തിലുള്ള രാഷ്ട്രീയഗതിയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും ഡി രാജ പറഞ്ഞു.

രാജ്യത്ത് ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങളുടെ തുടക്കവും പുനർനിർമ്മാണവുമാകും ബിഹാർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ഈ വിഭാഗങ്ങളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സിപിഐ നിലകൊള്ളുന്നത്. എന്നാൽ ബിജെപി തങ്ങളുടെ നവ ലിബറൽ അജണ്ട അടിച്ചേൽപ്പിക്കുന്നതിനായി രാജ്യത്തുടനീളം ദളിതർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുഴുവൻ സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനർത്ഥം ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണെന്നും രാജ കുറ്റപ്പെടുത്തി. ഇന്ത്യയിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ‘ജാതി ഉന്മൂലനം’ ചെയ്യപ്പെടണമെന്ന് അംബേദ്കർ ആഹ്വാനം ചെയ്തത്. ഹത്രാസിൽ കണ്ടത് ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ്. ജാതിവ്യവസ്ഥയ്ക്കും പുരുഷാധിപത്യത്തിനുമെതിരായ ദീർഘനാളത്തെ പോരാട്ടമാണ് സിപിഐയുടേതെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ മഹാസഖ്യം ഇതിനകം തന്നെ വോട്ടർമാരുടെ ആദ്യത്തെ മുൻഗണനയായി മാറി എന്നതാണ് യാഥാർത്ഥ്യം. ജനങ്ങളിൽ ഭരണകക്ഷിക്കെതിരായ വികാരം ശക്തമാണ്. ഇത് കേവലം നിതീഷ് കുമാറിനെതിരെയല്ല, ബിജെപിക്കെതിരെകൂടിയാണ്.

സംസ്ഥാനത്ത് ജനാധിപത്യ സംവിധാനം സംരക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിലും ബിജെപി-ജെഡിയു സർക്കാർ പരാജയപ്പെട്ടെന്നും ബിഹാർ ജനത മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

you may also like this video