19 April 2024, Friday

നാടകവേദിയിൽ തിളങ്ങി ബിഹാറി പയ്യൻ; കാണൻ മാത്രം ബിഹാറിൽ നിന്ന് അമ്മയുമെത്തി

നിഖിൽ എസ് ബാലകൃഷ്ണൻ
കോഴിക്കോട്
January 6, 2023 7:53 pm

‘ഇവനാണ് ഞങ്ങ പറഞ്ഞ നടൻ.. ഇവനാണ് നടൻ.. ’ പറഞ്ഞുവരുന്നത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകമത്സര വേദിയിൽ നിറഞ്ഞാടിയ പ്രിൻസ് കുമാർ എന്ന ഒമ്പതാം ക്ലാസുകാരനെ കുറിച്ചാണ്. കണ്ണൂർ ജില്ലയിലെ രാമവിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥിയായ പ്രിൻസിന്റെ സ്വദേശം ബിഹാറാണ്. അഭിനയിക്കാൻ മിടുക്കനായ പ്രിൻസ് തന്നെയാണ് കണ്ണൂർ ജില്ലയിൽ നിന്നെത്തിയ ‘ഞാൻ’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ ട്രാൻസ്ജെന്‍ഡറിനെ അവതരിപ്പിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വെല്ലുവിളികളും സംഘർഷങ്ങളും മനസിലേയ്ക്ക് ആവാഹിച്ച് വേദിയിൽ പ്രിൻസ് നിറഞ്ഞാടിയപ്പോൾ കണ്ടുനിന്നവർക്ക് കൈയടിക്കാതിരിക്കാനായില്ല. അത്രമാത്രം ഹൃദ്യമായിരുന്നു പ്രകടനമെന്ന് കണ്ടുനിന്നവർ ഒരേ സ്വരത്തിൽ പറഞ്ഞു.

കണ്ണൂർ ജില്ലയിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരവും നേടിയാണ് പ്രിൻസ് കോഴിക്കോടെയ്ക്കും എത്തിയത്. മകന്റെ പ്രകടനം കാണാൻ അങ്ങ് ബിഹാറിൽ നിന്ന് അമ്മ ആരതി ദേവിയും കിലോമീറ്ററുകൾ താണ്ടി കോഴിക്കോട് എത്തിയിരുന്നു. മകൻ വേദിയിൽ നിറഞ്ഞാടിയപ്പോൾ കണ്ടുനിന്ന ആരതി ദേവിക്കും കണ്ണുനിറഞ്ഞു. പ്രിൻസും സഹോദരി പ്ലസ് വൺ വിദ്യാർഥിയായ കൃതി കുമാരിക്കും മലയാളം പച്ചവെള്ളം പോലെ അറിയാമെങ്കിലും അമ്മയ്ക്ക് ഭാഷ വശമില്ല. നാടകത്തിന്റെ കഥ ചോദിച്ച് മനസിലാക്കിയാണ് ആസ്വദിച്ചത്. കുഞ്ഞനിയൻ യുഗ് കുമാറും ബീഹാറിൽ നിന്ന് കേരളത്തിലെത്തിയിരുന്നു.

കിലോമീറ്ററുകൾ താണ്ടി അമ്മ എത്തിയതിന്റെ സന്തോഷത്തിൽ കൂടിയാണ് പ്രിൻസ് വേദിയിൽ അഭിനയിച്ച തകർത്തത്. തന്നിലെ നടനെ മികവുറ്റതാക്കാൻ നാടകം സംവിധാനം ചെയ്ത സവ്യ ഷാജി നൽകുന്ന പിന്തുണ മറക്കാനാകില്ലെന്നും പ്രിൻസ് പറഞ്ഞു. പഠിച്ച് ഉന്നതങ്ങളിൽ എത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ കുട്ടി നടനുള്ളത്. അതിനിടയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഇനിയും വേദികളിൽ എത്തുമെന്നും പ്രിൻസ് പറയുന്നു. വിദ്യഭ്യാസം മാത്രം ലക്ഷ്യമിട്ടാണ് പ്രിൻസും സഹോദരിയും വർഷങ്ങൾക്ക് മുൻപ് കണ്ണൂരെത്തിയത്. ഇനി പഠനം പൂർത്തിയാക്കിയാലും കേരളം വിടില്ലെന്നാണ് പ്രിൻസിന്റെ കുടുംബം പറയുന്നത്. ഈ നാടും ഇവിടുത്തെ ആളുകളും അത്രമേൽ പ്രിയപ്പെട്ടതായിരിക്കുന്നു ഇവർക്ക്.

Eng­lish Summary;Bihari boy shines in dra­ma; ker­ala state school kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.