സ്വകാര്യ ബസിനടിയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Web Desk
Posted on September 24, 2019, 8:56 pm

തൊടുപുഴ: നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് തെറിച്ച് സ്വകാര്യ ബസിനടിയില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുങ്കണ്ടം കരുണാപുരം കട്ടക്കാനം പനച്ചിത്തുരുത്തില്‍ സാബുവിന്റെ മകന്‍ അമലാണ് (20) ഇന്നലെ പുലര്‍ച്ചെയോടെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അമലും സുഹൃത്ത് അനന്തുവും വരുന്ന വഴി മൂലമറ്റം റോഡില്‍ തൊടുപുഴ പുളിമൂട്ടില്‍ പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.

മൂലമറ്റം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് പിക്കപ്പ് വാനിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിനടിയിലേക്ക് യുവാക്കള്‍ തെറിച്ചു വീഴുകയായിരുന്നു. ഡ്രൈവര്‍ പെട്ടെന്ന് തന്നെ ബ്രേക്ക് ചവിട്ടിയെങ്കിലും അമലിന്റെ ഒരു തുടയില്‍ ബസിന്റെ മുന്‍ചക്രം കയറിയിറിങ്ങി നിന്നു. ചക്രത്തില്‍ കുടുങ്ങിയ ഇരുവരെയും ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതില്‍ സ്ഥിതി ഗുരുതരമായ അമലിനെ കോലഞ്ചേരിയിലെയും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു. അമലിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന കരുണാപുരം കട്ടക്കാനം കിഴക്കേക്കര വീട്ടില്‍ അനന്തു സഹദേവന്‍ (19) പരിക്കേറ്റ് ചികിത്സയിലാണ്. നിഷയാണ് അമലിന്റെ അമ്മ. സഹോദരി: അക്ഷയ. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്നു.