വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; നാലുപേര്‍ക്ക് പരിക്ക്

Web Desk
Posted on June 26, 2019, 8:38 am

നീലേശ്വരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഓടി കയറി നാലു പേര്‍ക്ക് പരിക്കേറ്റു. ചായ്യോം ഗവ.ഹയര്‍ സെക്കന്ററി സകൂളിലെ പത്താംതരം വിദ്യാര്‍ഥികളായ എന്‍ മോഹനന്റെ മകന്‍ ജിഷ്ണു, നരിമാളത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ജുനൈദ് ബിന്‍ മുഹമ്മദ്, ചായ്യോത്ത് രാജേഷിന്റെ മകള്‍ എം ആര്യ, ഇ അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അശ്വതി ഒഴികെ മറ്റുള്ളവര്‍ ഗുരുതര പരിക്കുകളോടെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 9.30ന് ചായ്യോം സ്‌കൂളിന് സമീപമാണ് അപകടം. വാഹനത്തെ മറികടക്കുന്നതിനിടയില്‍ രണ്ട് ഭാഗങ്ങളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന പള്ളിക്കരയിലെ ആദര്‍ശ് റോഡില്‍ തെറിച്ച് വീഴുകയും ബൈക്ക് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയുമായിരുന്നു. ആദര്‍ശിനെ മംഗളുരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്നയാള്‍ നിര്‍ത്താതെ ഓടിച്ച് പോയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.