പെട്രോള്‍ പമ്പില്‍ ബൈക്ക് കത്തിച്ചു; ദുരന്തം ഒഴിവായി

Web Desk
Posted on May 19, 2018, 9:54 pm

തൃശൂര്‍: പെട്രോള്‍ പമ്പില്‍ തർക്കത്തിനിടെ ഗുണ്ടാ പെട്രോളൊഴിച്ച് ബൈക്ക് കത്തിച്ചു. ഫ്യൂവല്‍ പമ്പിന് രണ്ടുമീറ്റര്‍ മാത്രം അകലത്തിലാണ് ബൈക്ക് കത്തിച്ചതെങ്കിലും തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.
കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോള്‍ പമ്പിലായിരുന്നു വന്‍ ദുരന്തത്തിനിടയാക്കുമായിരുന്ന സംഭവം നടന്നത്. ബൈക്കിലും സ്‌കൂട്ടറിലുമായി പെട്രോള്‍ പമ്പിലെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ബൈക്ക് കത്തിക്കലില്‍ കലാശിച്ചത്. തര്‍ക്കം മൂത്തപ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ എടുത്ത് ബൈക്കിലേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ജീവനക്കാർ അവസരോചിതമായി ഇടപെട്ടതിനാൽ തീ നിയന്ത്രിക്കാനായി.  ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും പമ്പുജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് തീയണച്ചു . പമ്പിലെ സി സി ടി വി ക്യാമറയില്‍ നിന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കരിമണി എന്നു വിളിക്കുന്ന മാങ്കുറ്റിപ്പാടം വട്ടപ്പറമ്പില്‍ വിനീതാണ് പ്രതി.  രക്ഷപ്പെട്ട ഇയാളെ ഉടന്‍ പിടികൂടുമെന്നും വെള്ളിക്കുളങ്ങര എസ് ഐ എസ് എല്‍ സുധീഷ് പറഞ്ഞു. മുപ്ലിയം സ്വദേശികരളായ മാണൂക്കാടന്‍ ദിലീപ്, പീണിക്ക വീട്ടില്‍ സുരാജ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ഇവരില്‍ ദിലീപിന് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.