Janayugom Online
Bike thieves

ആഡംബര ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി

Web Desk
Posted on December 14, 2018, 8:13 pm

തിരുവനന്തപുരം: എന്‍ഫീല്‍ഡ് മോഡല്‍ ബൈക്കുകള്‍ മോഷണം നടത്തുന്ന മൂവര്‍ സംഘത്തെ നരുവാമൂട് പൊലീസ് പിടികൂടി. മണക്കാട് ആറ്റുകാല്‍ പാടശ്ശേരി പണയില്‍ വീട്ടില്‍ ശരത്കുമാര്‍ (22), പാടശ്ശേരി റ്റി.സി 22/ 174 ല്‍ ശ്രീനു എന്ന് വിളിക്കുന്ന കിരണ്‍ (22), വിഷ്ണു (25)എന്നിവരെയാണ് വാഹനപരിശോധനക്കിടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11 ന് മെഡിക്കല്‍ കോളേജിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കൊല്ലം കടക്കല്‍ സ്വദേശി അരുണ്‍കുമാറിന്റെയും അന്നേദിവസം തന്നെ കുടപ്പനക്കുന്ന് മരുതൂര്‍വാര്‍ഡില്‍ വാറുവിളാകത്ത് വീട്ടില്‍ ബിജുവിന്റെയും എന്‍ഫീല്‍ഡ് ബൈക്കുകള്‍ യുവാക്കള്‍ മോഷ്ടിച്ചു കടന്നു കളഞ്ഞത്.

കഴിഞ്ഞ ദിവസം മൊട്ടമൂടിന് സമീപം വച്ച് നടന്ന വാഹനപരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. അരുണ്‍കുമാറും ബിജുവും മെഡിക്കല്‍ കോളജ് പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിജുവിന്റെ ബൈക്കും മോഷ്ടിച്ചെന്ന് യുവാക്കള്‍ കുറ്റസമ്മതം നടത്തിയത്. അക്രമികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നരുവാമൂട് എസ്.ഐ എം.ആര്‍.പ്രസാദ്, ഗ്രേഡ് എസ്.ഐ പത്മചന്ദ്രന്‍, എ.എസ്.ഐ ജോയി, സി.പി.ഒ മാരായ പ്രദീപ്കുമാര്‍, സുനു എന്നിവരുടെ നേത്യത്വത്തിലാണ് യുവമോഷണ സംഘത്തെ അറസ്റ്റ് ചെയ്തത്. കേസ് മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുമെന്ന് എസ്.ഐ അറിയിച്ചു.