Sunday
20 Oct 2019

തീവ്രദേശീയത വംശവെറിയുടെ മുഖംമൂടി

By: Web Desk | Friday 3 May 2019 10:28 PM IST


Bilkis Bano

Mattoliഞാന്‍ നഗ്നയായിരുന്നു. എന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ചുറ്റും കിടന്നിരുന്നു. ഞാന്‍ ഭയന്നുവിറച്ചു. നഗ്നത മറയ്ക്കാന്‍ ഒരു തുണ്ടുതുണിക്കായി ചുറ്റും തിരിഞ്ഞു. എന്റെ അടിയുടുപ്പ് കണ്ണില്‍പ്പെട്ടു. അതെടുത്ത് നാണം മറച്ച് അടുത്തുള്ള കുന്നുകളിലേക്ക് ഞാന്‍ നടന്നു. അവിടെ ഗോത്രവര്‍ഗ കുടുംബം അഭയം നല്‍കി…”
2002 മാര്‍ച്ച് മൂന്നിന് ഗോധ്ര തീവണ്ടി തീവയ്പ് നടന്നതിന്റെ നാലാം ദിവസം ഗുജറാത്തിലെങ്ങും പൊട്ടിപ്പുറപ്പെട്ട കലാപത്തെയും വര്‍ഗീയ ഉന്‍മൂലനത്തെയും അതിജീവിച്ച ബില്‍കിസ് ബാനു എന്ന അസാധാരണ പോരാളിയുടെ ചരിത്രമായ മൊഴികളാണിത്. നീതിമാന്‍മാര്‍ ഉപവിഷ്ഠരായ നീതിപീഠം അത് കാതുതുറന്ന് ശ്രവിച്ചതിനാല്‍ സ്വതന്ത്ര ഇന്ത്യയില്‍ കലാപത്തിനിടയിലെ ബലാത്സംഗത്തിന് പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസായി ഇത് ചരിത്രത്തില്‍ ഇടംനേടിയിരിക്കുന്നു.
ഗുജറാത്തില്‍ ആസൂത്രിത കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഹിന്ദു-മുസ്‌ലിം സമുദായത്തിലെ ആയിരങ്ങളാണ് ജീവനുംകൊണ്ട് പലായനം ചെയ്തത്. അതിലൊരു കുടുംബമാണ് ബില്‍കിസ് ബാനുവിന്റേത്. ഒരു ലോറിയില്‍ പതിനേഴ് പേരടങ്ങുന്ന കുടുംബമായിരുന്നു ഉണ്ടായിരുന്നത്. ലോറി രംധിക്പൂരിലെത്തിയപ്പോള്‍ അക്രമാസക്തമായ ജനക്കൂട്ടം ലോറിക്കുനേരെ പാഞ്ഞടുത്തു. 14 പേരെ അപ്പോള്‍ത്തന്നെ കൊന്നു. അതില്‍ ബിന്‍കിസിന്റെ രണ്ടുവയസുള്ള മകള്‍ സലേഹയുമുണ്ടായിരുന്നു. കുഞ്ഞിനെ നിലത്തടിച്ചാണ് കൊന്നത്. അഞ്ചുമാസം ഗര്‍ഭമുണ്ടായിരുന്ന ബില്‍കിസിനെ കൂട്ടബലാല്‍സംഗം ചെയ്തു. ഒടുവില്‍ മരിച്ചെന്നു കരുതി വിട്ടിട്ട് പോകുകയായിരുന്നു.
ബില്‍കിസ് ബാനുവിന്റെ പീഡാനുഭവങ്ങള്‍ നടന്നത് നാസി ജര്‍മനിയിലോ ഇസ്‌ലാമിക ഭീകരര്‍ അഴിഞ്ഞാടുന്ന രാജ്യങ്ങളിലോ അല്ല. ‘ലോക സമസ്താ സുഖിനോഭവന്തു’ എന്ന ഉപനിഷല്‍ സംസ്‌കൃതി ഉരുവംകൊണ്ട ഇന്ത്യയിലാണ.് ഇന്ന് ലോകം മുഴുവന്‍ മേല്‍ക്കൈ നേടാന്‍ യാഥാസ്ഥിതികത്വവും അധീശചിന്തയും ആശയഭ്രാന്തും കണ്ടെത്തുന്ന എളുപ്പവഴിയോ, ഉപായമോ ആണ് വര്‍ഗീയത. അതിന് മതതത്തിന്റെ അധ്യാപനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. വംശ-വര്‍ണ്ണവെറിയുടെ കെടുതിയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. വംശീയത തുടങ്ങുന്നത് സിദ്ധാന്തങ്ങളിലാണെങ്കിലും ഒടുക്കം അക്രമത്തിലായിരിക്കും.
ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ കയറി അന്‍പതുപേരെ വെടിവച്ചുകൊന്ന 28 കാരനായ ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റ് എന്ന അക്രമി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് വെള്ളത്തൊലി വിശുദ്ധിയുടെ തീവ്രവാദം ഉദ്‌ഘോഷിക്കുന്ന ഒരു മാനിഫെസ്റ്റോയാണ് ഉയര്‍ത്തികാട്ടിയത്. ഹിറ്റ്‌ലര്‍ തന്റെ കൊടുംകൂരതകള്‍ക്ക് ന്യായമാക്കിയിരുന്ന വംശശുദ്ധിയുടെ ഉള്‍പ്രേരണകള്‍ പരിഷ്‌കൃതിയില്‍ മുന്നിലായിരുന്ന പാശ്ചാത്യരാജ്യങ്ങളെ മെല്ലെ ഗ്രസിച്ചു തുടങ്ങുകയാണെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. മതവാദം ചേര്‍ത്ത വംശീയ ഭീകരത തലനീട്ടുന്ന അറുപത്തിരണ്ടിലേറെ അനിഷ്ട സംഭവങ്ങള്‍ കൊളറാഡോയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടുത്തകാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അന്യമതക്കാരുടെ സ്ഥാപനങ്ങളുടെ വാതിലുകളില്‍ സ്വസ്തിക വരച്ചിടുക, മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുക തുടങ്ങിയവ ശക്തിയാര്‍ജിക്കുന്ന പ്രതിലോമശക്തികളുടെ സാന്നിധ്യമാണ് അറിയിക്കുന്നത്.
ചൈന, ഏഷ്യാറ്റിക് സോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം ദശാബ്ദങ്ങള്‍ക്ക് മുന്‍പേ അമേരിക്ക പാസാക്കിയിട്ടുള്ളതാണ്. ചൈനക്കാരെയായിരുന്നു ഏറ്റവുമധികം ലക്ഷ്യംവച്ചത്. ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്’ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി കുടിയേറ്റ നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയാണ്. പരോക്ഷമായി മുസ്‌ലിം വിരുദ്ധത ഉള്ളില്‍ സൂക്ഷിക്കുന്ന ട്രംപിനെ അമേരിക്കയില്‍ പിന്തുണയ്ക്കുന്നത് 81 ശതമാനത്തോളം ഇവാഞ്ചലിക്കല്‍ ക്രൈസ്തവരും വെള്ള കത്തോലിക്കരിലെ അറുപത് ശതമാനവുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്ക രൂപപ്പെട്ടതുതന്നെ ക്രിസ്റ്റഫര്‍ കൊളംബസിന്റെ കുടിയേറ്റ യാത്രയില്‍ നിന്നാണെന്ന് വംശവെറി പുലര്‍ത്തുന്ന ഭരണകൂടം മറക്കുന്നു.
മുസ്‌ലിം മത തീവ്രവാദം മേല്‍ക്കൈ നേടിയ യെമന്‍, സിറിയ, ഈജിപ്റ്റ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ മനുഷ്യജീവിതം തന്നെ സാധ്യമല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. വംശീയ വെറിയുടെ പേരില്‍ ‘യസീദി’ വംശജര്‍ പോലുള്ള ന്യൂനപക്ഷങ്ങളോട് ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരതയ്ക്ക് മറുമരുന്നില്ലാതെ ലോകം നിസഹായമായി നില്‍ക്കുന്നു. സ്വതന്ത്രചിന്ത, സൗന്ദര്യബോധം, സര്‍ഗാത്മകത, ആത്മാവബോധം തുടങ്ങിയ മാനുഷിക ഗുണങ്ങളോടും മൂല്യങ്ങളോടും മുഖംതിരിക്കുകയാണ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യയിലെ സ്ത്രീസമൂഹം ലോകത്തോട് സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെയാണ്.
അധികാരത്തിലേക്കുള്ള കുറുക്കുവഴി മതവും ജാതിയുമാണെന്ന തിരിച്ചറിവ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗ്രസിച്ചുതുടങ്ങിയിട്ട് നാളേറെയായി. ജാതിയും മതവും പറഞ്ഞ് വോട്ട് തേടുന്നതിന് കണ്ടെത്തിയിട്ടുള്ള പുതിയ സംജ്ഞകളിലൊന്നാണ് ‘രാഷ്ട്രീയ സമവാക്യം’ എന്നത്. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സജീവമായി നില്‍ക്കുന്നത് മത-ജാതി വേര്‍തിരിവുകള്‍ തന്നെ. താനൊരു പിന്നാക്കക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നാഴികയ്ക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മതപരവും ജാതീയവുമായ വംശാവലി ചികഞ്ഞുപോകുന്നു ചിലര്‍. ഉത്തരേന്ത്യയിലെ രാഷ്ട്രീയ പോരാട്ടമാകെ വ്യക്തമായ ജാതിമത തിരിവുകളില്‍ അധിഷ്ഠിതമായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒപ്പം വര്‍ണവെറിയും ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഭൂരിപക്ഷ തവിട്ടുനിറക്കാരായ ഇന്ത്യക്കാരില്‍ പോലും കറുപ്പിനോട് വെറി നിലനില്‍ക്കുന്നുവെന്നുള്ളതിന്റെ തെളിവാണ് ഉത്തരേന്ത്യന്‍ സംഘപരിവാര്‍ നേതാക്കളുടെ ചില ജല്‍പ്പനങ്ങള്‍.’തെക്കേ ഇന്ത്യക്കാരായ കറുത്തവരേയും ഞങ്ങള്‍ കൂടെക്കൂട്ടുന്നില്ലേ, നോക്കൂ ഞങ്ങള്‍ക്കൊപ്പം അവരില്ലേ, കറുത്തവര്‍, എന്നിട്ടും ഞങ്ങളില്‍ വര്‍ണവെറി ആക്ഷേപിക്കുകയോ?’ ബിജെപി മുന്‍ എംപി തരുണ്‍ വിജയ് ഒരിക്കല്‍ ചോദിച്ചതാണിത്. ന്യൂസിലന്‍ഡില്‍ കൂട്ടക്കൊല നടന്ന അതേദിവസം നമ്മുടെ സുപ്രിംകോടതിയില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണനയ്ക്ക് വന്നിരുന്നു. പരമോന്നത കോടതി നിശിത വിമര്‍ശനത്തോടെ ഹര്‍ജി തള്ളിയെങ്കിലും രാഷ്ട്രം ഇപ്പോള്‍ എവിടേക്ക് നീങ്ങുന്നുവെന്നതിന്റെ ദിശാസൂചികയാണ് ഈ ഹര്‍ജി.
വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശബരിമല ധര്‍മശാസ്താവായ അയ്യപ്പന്റെ ചെലവില്‍ കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ സവര്‍ണ സംഘപരിവാര്‍ 250 കേസുള്ള വീറുറ്റ പോരാളിയെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അധര്‍മണ്യ ചിന്ത ബ്രാഹ്മണ്യത്തിന്റെ സേവകരെ ആശയക്കുഴപ്പത്തിലാക്കിയത് ചര്‍ച്ചയായിരുന്നു. ഒരു കരയോഗക്കാരനെയെങ്കിലും സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സേവകര്‍ എങ്ങനെ ഉള്‍ക്കൊള്ളാനാണ്? അയ്യപ്പ ചരിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചേര്‍ത്തലയിലെ ചീരപ്പന്‍ചിറ എന്ന അധകൃത തറവാടാണ് അയ്യപ്പന്‍ എന്ന യോദ്ധാവിനെ രൂപപ്പെടുത്തിയതെന്ന് കാണുന്നു.( സംഘപരിവാരങ്ങള്‍ക്ക് ദഹിക്കാത്ത കാര്യം).
ഭഗവത്ഗീതയെ ഊര്‍ജ്ജസ്രോതസായി കണക്കാക്കുന്ന മഹാത്മാഗാന്ധി പോലും ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം’ എന്ന ഭഗവത്ഗീതാ ദര്‍ശനത്തിന്റെ വ്യംഗ്യാര്‍ഥം ഉള്‍ക്കൊണ്ടിരുന്നത് മറ്റൊരു തലത്തിലായിരുന്നുവെന്നു വേണം അനുമാനിക്കാന്‍. 1925 ല്‍ ഗാന്ധിജി -ശ്രീനാരായണ ഗുരു കൂടിക്കാഴ്ചക്കിടയില്‍ ശിവഗിരിയിലെ പര്‍ണശാലയ്ക്ക് മുന്നില്‍ നിന്നിരുന്ന മാവിലെ ഇലകള്‍ പ്രഥമദൃഷ്ടിയില്‍ ഒന്നുപോലാണെങ്കിലും സൂക്ഷ്മദൃഷ്ടിയില്‍ വ്യത്യസ്തമല്ലേയെന്ന വാദമുയര്‍ത്തി ചാതുര്‍വര്‍ണ്യത്തെ ന്യായീകരിക്കാന്‍ ഗാന്ധി ശ്രമിച്ചിരുന്നു. ഐക്യരൂപമില്ലാത്ത ഇലകളുടെ സത്ത് പിഴിഞ്ഞെടുത്തുനോക്കൂ അതിന് ഒരേ രുചിയായിരിക്കും എന്ന് പറഞ്ഞ് ഗുരു ഗാന്ധിയെ ഉള്‍ക്കാഴ്ചയിലേക്ക് നയിക്കുകയായിരുന്നു.
തലമുറകളെ സത്ത് നുകരാന്‍ പ്രതിലോമ, സ്ഥാപിത ശക്തികള്‍ അനുവദിക്കാത്തതാണ് ലോകത്തിന്റെ ഇന്നത്തെ ദുര്‍വിധി. തീവ്രദേശീയവാദം എന്ന മുഖംമൂടിയിലാണ് വംശീയതയും വര്‍ഗീയതയും ഒളിച്ചിരിക്കുന്നത്.
മാറ്റൊലി
ചിന്തകള്‍ക്കും ആത്മാവിനും ബുര്‍ഖ ധരിപ്പിക്കാനാവില്ലെന്ന് മറ്റുള്ളവരുടെ അസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നടക്കുന്ന മതമേലാളന്‍മാര്‍ മരണ സമയത്തെങ്കിലും തിരിച്ചറിയുമോ?