പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകള്‍ നടപ്പ് സമ്മേളനത്തില്‍ പരിഗണനയ്ക്കുവരും.
ആദ്യ ദിനമായ ഇന്നുതന്നെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ബില്‍ സഭയിൽ അവതരിപ്പിക്കും. മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള അവ്യക്തത നിലനിർത്തിയാണ് ബില്‍ അവതരണം. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സഭയിൽ ഹാജരാകണമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.
വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപവത്ക്കരിക്കാനുള്ള പ്രഖ്യാപനവും മോഡി സർക്കാർ സഭയിൽ നടത്തും.
ബില്ലിന്റെ ചർച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വേദിയാകും. ബില്ലിനെ എതിർക്കേണ്ടെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യ ദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്‍കും. പെഗാസസ്, ഇന്ധനവില വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷ പ്രതിഷേധത്തിന് പാര്‍ലമെന്റ് വേദിയാകും. ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബിൽ, വൈദ്യുതി നിയമ ഭേദഗതി, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കാനുള്ള ബില്‍ തുടങ്ങിയവയാണ് ഈ സമ്മേളനത്തിൽ സഭ പരിഗണിയ്ക്കുന്ന മറ്റ് സുപ്രധാന ബില്ലുകൾ.
ബിൽ പാസാക്കുന്നതിനുള്ള സാധ്യത തെളിഞ്ഞതോടെ പാർലമെന്റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കർഷകരുടെ ട്രാക്ടർ റാലി മാറ്റിവച്ചിരുന്നു. അതേസമയം ഡല്‍ഹി അതിര്‍ത്തികളായ സിംഘു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ സമരം തുടരും. തുടർസമര പരിപാടികള്‍ അടുത്തമാസം നാലിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു.
സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി വിട്ട് നിന്നു;ഒളിച്ചോട്ടമെന്ന് പ്രതിപക്ഷം
ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ ഞായറാഴ്ച വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല. പെഗാസസ് ചാരവൃത്തി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഒഴിഞ്ഞുമാറി.
നീണ്ടനാളത്തെ കർഷക പോരാട്ടങ്ങൾക്കൊടുവിൽ പിൻവലിക്കേണ്ടിവന്ന കാർഷിക കരിനിയമങ്ങളെ കുറിച്ച് ചർച്ചകൾ നടക്കേണ്ട യോഗത്തിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നത് ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ മോഡി പങ്കെടുക്കാത്തതിനെ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ന്യായീകരിച്ചു. ‘പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കീഴ്‍വഴക്കം മുമ്പ് ഉണ്ടായിരുന്നില്ല. മോഡിയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രീതി തുടങ്ങിയത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് മറ്റുകാരണങ്ങളാൽ അതിന് കഴിയില്ല’ ജോഷി പറഞ്ഞു. ശീതകാല സമ്മേളനത്തിൽ രാജ്യസഭാ അധ്യക്ഷനും ലോക്‌സഭാ സ്പീക്കറും അനുവദിക്കുന്ന ഏത് ചർച്ചയ്ക്കും സർക്കാർ തയാറാണെന്ന് പ്രഹ്ലാദ് ജോഷി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിവിധ പാർട്ടികളിൽ നിന്നുള്ള 42 നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പശ്ചിമ ബംഗാൾ ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാ സേനയുടെ അധികാരപരിധി വിപുലീകരിച്ചത്, ഓഹരി വില്പന, താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. അതേസമയം കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് എഎപി നേതാവ് സഞ്ജയ് സിങ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സർവകക്ഷി യോഗത്തിൽ ഒരു അംഗത്തെയും സംസാരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് സഞ്ജയ് സിങ് പറഞ്ഞു.
‘പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുമെന്നും ആശയസംവാദത്തിന് തയ്യാറാകുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പിൻവലിക്കാനിരിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളും വീണ്ടും മറ്റൊരു രൂപത്തിൽ വരുമെന്ന് ആശങ്കയുണ്ട്’- കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയതിൽ ആരോപണ വിധേയനായ ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ പുറത്താക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ സർക്കാർ ഭാഗത്തുനിന്നും കോൺഗ്രസിൽ നിന്ന് മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ, ഡിഎംകെയുടെ ടിആർ ബാലു, തിരുച്ചി ശിവ, എൻസിപി നേതാക്കളായ ശരദ് പവാർ, ശിവസേന പ്രതിനിധികളായ വിനായക് റാവത്ത്, സമാജ്‍വാദി പാർട്ടിയുടെ രാംഗോപാൽ യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്.
english summary; Bill to repeal agricultural laws in Parliament today
you may also like this video;