ടോറസ് ജ്വല്ലറി കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിന്റെ സൂത്രധാരന്മാർ വിദേശികളെന്ന് മുംബൈ പൊലീസ്. പോണ്‍സി സ്കീം തട്ടിപ്പ് വഴി നൂറുകണക്കിന് ആളുകളിൽ നിന്നും കോടികൾ തട്ടിയെടുത്തത് ഉക്രെയ്ൻ സ്വദേശികളാണെന്ന് പൊലീസ് കണ്ടെത്തി. ഒലീന സ്റ്റോയിൻ, വിക്ടോറിയ കോവലെങ്കോ, ആർടെം എന്നീ വ്യക്തികളാണ് തട്ടിപ്പിന്റെ ആസൂത്രകര്‍. പൊലീസിൽ ഇതുവരെ രേഖാമൂലം പരാതി നൽകിയിരിക്കുന്നത് എഴുപേരാണ്. 13 കോടിയോളം രൂപയാണ് ഇവർക്ക് നഷ്ടമായത്. 1500 ലധികം നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന. തട്ടിപ്പിന്റെ വ്യാപ്തി നൂറുകണക്കിന് കോടി വരുമെന്നാണ് വിലയിരുത്തല്‍.
രത്നക്കല്ലുകൾ, സ്വർണം, വെള്ളി എന്നിവയിലെ നിക്ഷേപത്തിൽ നിന്ന് വൻ വരുമാനം തിരികെ വാഗ്ദാനം നൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചത്. വലിയ വരുമാനം വാഗ്ദാനം ചെയ്ത പദ്ധതിയുടെ പേരിൽ ശതകോടികളുടെ നിക്ഷേപമാണ് മുംബൈ കേന്ദ്രമായിട്ടുള്ള ടോറസ് ജ്വല്ലറി ശൃംഖല സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച ഇവരുടെ ആറ് സ്റ്റോറുകൾ മുന്നറിയിപ്പില്ലാതെ പൂട്ടിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപകർ നൽകിയ പരാതിയെ തുടർന്ന് ടോറസ് ജ്വല്ലറി ശൃംഖലയുടെ മാതൃകമ്പനിയായ പ്ലാറ്റിനം ഹെർൺ പ്രൈവറ്റ് ലിമിറ്റഡ്, അതിന്റെ രണ്ട് ഡയറക്ടർമാർ, സിഇഒ, ജനറൽ മാനേജർ, ഒരു സ്റ്റോർ ഇൻചാർജ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉസ്‌ബെക്ക് സ്വദേശിയായ ഡയറക്ടർ ടാനിയ കസറ്റോവയെയും സ്റ്റോർ ഇൻ ചാർജ് ചുമതലയുള്ള റഷ്യക്കാരനായ വാലന്റീനോ ഗണേഷ് കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മുംബൈയിൽ തട്ടിപ്പുകാർ ജ്വല്ലറി ഷോറൂമുകൾ ആരംഭിച്ചത്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറ് സ്ഥാപനങ്ങളാണ് ആരംഭിച്ചത്. 25 ലക്ഷം പ്രതിമാസ വാടക നല്‍കിയാണ് 11,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ദാദറിലെ പ്രധാന ഷോറൂം പ്രവര്‍ത്തിച്ചത്.
രത്നക്കല്ലുകൾ വാങ്ങുന്നവർക്ക് ഒരു ബോണസ് സ്കീം പ്രഖ്യാപിച്ചായിരുന്നു തട്ടിപ്പ്. ഈ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവിന് 10,000 രൂപ വിലയുള്ള രത്നാഭരണങ്ങൾ നൽകും. ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിന് ആറു ശതമാനം പലിശ 52 ആഴ്ചയ്ക്കുള്ളിൽ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമ്മാനമായി 15 കാറുകളും ജ്വല്ലറി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് വിതരണം ചെയ്തിരുന്നു. ജനുവരി അഞ്ചിന് മുമ്പ് നിക്ഷേപം നടത്തുന്നവർക്ക് പതിനൊന്നു ശതമാനം വരെ പലിശ നൽകുമെന്നായിരുന്നു മറ്റൊരു അവകാശവാദം. ഇതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പണം നൽകി ആഭരണം വാങ്ങിയത്. എന്നാൽ ജനുവരി ആറു മുതൽ മുന്നറിയിപ്പില്ലാതെ ഷോറൂമുകൾ എല്ലാം പൂട്ടുകയായിരുന്നു. നിക്ഷേപകർക്ക് നൽകിയ രത്നക്കല്ലുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈയിൽ ആറ് ഇടങ്ങളിലായി നടത്തിയ തെരച്ചിലിൽ ഏകദേശം അഞ്ചുകോടി രൂപ പിടിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.