ബിനാലെയ്ക്കുള്ളിലെ ബിനാലെ; ഇന്‍ഫ്ര പ്രൊജക്ടുമായി മറ്റ് ക്യൂറേറ്റര്‍മാര്‍

Web Desk
Posted on December 11, 2018, 6:28 pm
കൊച്ചി:  ബിനാലെയ്ക്ക് നാളെ തിരി തെളിയാനിരിക്കെ കൊച്ചി-മുസിരിസ് ബിനാലെയുടെ ചരിത്രത്തില്‍ ആദ്യമായി മറ്റ് ബിനാലെകളുടെ ക്യൂറേറ്റര്‍മാരെ ഉള്‍പ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങള്‍ തയ്യാറാകുന്നു. ഇന്‍ഫ്രാ പ്രൊജക്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഷ്ഠാപനങ്ങള്‍ കലാലോകത്തെ കൊച്ചി ബിനാലെയുടെ സഹവര്‍ത്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്. ആകെ നാല് ഇന്‍ഫ്രാ പ്രൊജക്ടുകളാണ് 108 ദിവസം നീണ്ടു നില്‍ക്കുന്ന കൊച്ചി ബിനാലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന്  ആരംഭിക്കുന്ന ബിനാലെ 2019 മാര്‍ച്ച് 29 നാണ് അവസാനിക്കുന്നത്.
പൊതുജന പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഫ്രാ പ്രൊജക്ടുകള്‍ ബിനാലെ നാലാം ലക്കത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ബിനാലെ പവലിയന്‍ പൊതുജനങ്ങള്‍ക്കു കൂടി തങ്ങളുടെ നിര്‍ദ്ദേശം വയക്കാനും ക്യൂറേറ്ററുമായി സംവദിക്കാനുമുള്ള വേദിയാക്കി മാറ്റും. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് ക്യൂറേറ്റര്‍ അനിത ദുബെ നല്‍കിയിരിക്കുന്ന പേര്.
എഡിബിള്‍ ആര്‍ക്കൈവ്സ്, സിസ്റ്റര്‍ ലൈബ്രറി, ശ്രീനഗര്‍ ബിനാലെ, വ്യാംസ് പ്രൊജക്ട് എന്നിവയാണ് ഇന്‍ഫ്രാ പ്രൊജക്ടുകള്‍. പ്രത്യേകം ക്ഷണിച്ചു വരുത്തിയ ഇവര്‍ തങ്ങളുടെ ക്യൂറേറ്റര്‍ ചിന്താഗതിയില്‍ അടിസ്ഥാനമാക്കിയാകും സൃഷ്ടികള്‍ തയ്യാറാക്കുകയെന്ന് അനിത ദുബെ പറഞ്ഞു. ഭക്ഷണ പാരമ്പര്യത്തിലൂടെയുള്ള അനുഭവപരിചയം വച്ച് വിവിധയിനം അരി വകഭേദങ്ങള്‍ കൊണ്ട് പാചകം ചെയ്യാനുള്ള വേദിയാണ് എഡിബിള്‍ ആര്‍ക്കൈവ്സ് ഒരുക്കുന്നത്. പ്രമുഖ എഴുത്തുകാരിയും ശില്‍പ്പിയുമായ പ്രീമ കുര്യന്‍, ഷെഫ് അനുമിത്ര ഘോഷ് ദസ്തിദാര്‍ എന്നിവരാണ് ഇതൊരുക്കിയിരിക്കുന്നത്. പുറമെ നിന്നുള്ളവര്‍ക്ക് അരിയുടെ വകഭേദങ്ങള്‍ കൊണ്ട് ഭക്ഷണമുണ്ടാക്കാന്‍ അവസരം ലഭിക്കുന്നു. നാല് വനിത ഷെഫുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനത്തില്‍ വാണിജ്യാടിസ്ഥാനത്തിലല്ലാതെ കൃഷി ചെയ്യുന്ന 16 ഇനം അരികളുടെ കഥയാണ് പറയുന്നത്.
പെണ്ണെഴുത്തിന്‍റെ 100 പുസ്തകങ്ങളുമായി സഞ്ചരിക്കുന്നതാണ് സിസ്റ്റര്‍ ലൈബ്രറി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്വി താമിയാണ് ഇതിന്‍റെ സൃഷ്ടാവ്. സഞ്ചാരത്തിന്‍റെ ഭാഗമായി സിസ്റ്റര്‍ ലൈബ്രറി കൊച്ചിയിലെത്തുമ്പോള്‍ സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. മുംബൈ, ഡല്‍ഹി, പുണെ, ബംഗളുരു, ഗോവ എന്നിവിടങ്ങളിലാണ് സിസ്റ്റര്‍ ലൈബ്രറി സഞ്ചരിക്കുന്നത്. ഇതൊരു സാധാരണ വായനശാലയല്ലെന്ന് ഡാര്‍ജിലിംഗ് സ്വദേശിയായ അക്വി പറയുന്നു. വര്‍ത്തമാനകാലത്തെ വായന, കാഴ്ച എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണിതെന്നും അവര്‍ പറഞ്ഞു. ജമ്മു-കശ്മീര്‍ സ്വദേശിയായ വീര്‍ മുന്‍ഷി നയിക്കുന്ന സംഘമാണ് ശ്രീനഗര്‍ ബിനാലെയുടെ ഇന്‍ഫ്രാ പ്രൊജക്ട്സിനു പിന്നില്‍. കശ്മീരിന്‍റെ മതേതരവും സൂഫിസത്തില്‍ ഊന്നിയതുമായ പാരമ്പര്യത്തെ വിളിച്ചോതുന്ന വാസ്തുശില്‍പകലയെ അടിസ്ഥാനമാക്കിയുള്ള വമ്പന്‍ പ്രതിഷ്ഠാപനമാണിത്. മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ ഡിസംബര്‍ 13ന് ശ്രീനഗര്‍ ബിനാലെയുടെ പ്രകടനമുണ്ടായിരിക്കും. 1990 ലെ വംശീയ കലാപത്തെ തുടര്‍ന്ന നാടു വിടേണ്ടി വന്നവരുടെ ജീവിതമാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
ആദിവാസി ഗോത്രമായ ഗോണ്ട് ആര്‍ട്ടിസ്റ്റുകളായ സുഭാഷ് സിംഗ് വ്യാം, ദുര്‍ഗാഭായി വ്യാം എന്നിവരുടെ പ്രതിഷ്ഠാപനമാണ് വ്യാം പ്രൊജ്ക്ട്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ തടിയയിലാണ് തങ്ങളുടെ ഗോത്രവര്‍ഗ കലാസൃഷ്ടി നടത്തുന്നത്. ഭൂമിയുടെ ഉല്‍പ്പത്തിയും ജീവന്‍റെ ആദിമഘട്ടങ്ങളുമാണ് സൃഷ്ടിയുടെ പ്രമേയം.
ഡല്‍ഹി ആസ്ഥാനമായുള്ള ആനഗ്രാം ആര്‍ക്കിടെക്ട്റ്റ്സാണ് ബിനാലെ പവലിയന്‍ ഒരുക്കുന്നത്. കേവലം പ്രഭാഷണങ്ങളും കലാപരിപാടികളും മാത്രമാകില്ല ഇവിടെ നടക്കുന്നത്. മറിച്ച ആര്‍ക്കും തങ്ങളുടെ ക്രിയാത്മകമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാനും അതിന്‍മേല്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താനുമുള്ള ഇടമായി ഇത് മാറും. ആര്‍ക്കും തങ്ങളുടെ സാംസ്കാരിക മൂല്യമുള്ള വിഷയങ്ങളോ സൃഷ്ടികളോ പ്രദര്‍ശിപ്പിക്കാനുള്ള വെബ് അധിഷ്ഠിതമായ സ്ഥലവും കബ്രാള്‍ യാര്‍ഡിലുണ്ടാകും.  ഇതിനു പുറമെ ലണ്ടന്‍ ആസ്ഥാനമായ റെസൊണന്‍സ് എഫ് എം റേഡിയോയുമായി സഹകരിച്ച് കല, സംഗീതം, സമാന്തര സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ റേഡിയോ സ്റ്റേഷനും ഒരുക്കുന്നുണ്ട്.