ബിനീഷ് ബാസ്റ്റിൻറെ സമയം തെളിഞ്ഞു: ഇനി സിനിമയിൽ നായകനായി തിളങ്ങാം,‘ദി ക്രിയേറ്റർ’തുടങ്ങുന്നു

Web Desk
Posted on November 04, 2019, 3:05 pm

ബിനീഷ് ബാസ്റ്റിൻ നായക പദവിയിലേക്ക്. ദി ക്രിയേറ്റർ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് സംവിധായകൻ സാബു അന്തിക്കായിയാണ്. സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്‍റെ കഥയാണ് ദി ക്രിയേറ്റര്‍. അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ സംവിധായകൻ അനില്‍ രാധാകൃഷ്ണ മേനോനില്‍നിന്ന് അവഗണന നേരിട്ടതിന് പിന്നാലെയാണ് പുതിയ സിനിമ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത്. സംഭവത്തിനു പിന്നാലെ താരത്തിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സിനിമാ മേഖലയിൽ നിന്ന് നിരവധി അവസരങ്ങളാണ് ബിനീഷ് ബാസ്റ്റിന് ലഭിച്ചിരിക്കുന്നത്.

പാലക്കാട് മെ‍ഡിക്കൽ കോളേജിലെ പരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം. ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. എന്തായാലും ഈ വിഷയത്തിൽ സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക സമവായ ചര്‍ച്ചയ്ക്ക് വിളിച്ചിണ്ടുണ്ടെങ്കിലും നടനും സംവിധായകനും തമ്മിലുള്ള വിവാദം ഇപ്പൊഴും സോഷ്യൽ മീഡിയയിൽ പുകഞ്ഞുകൊണ്ടിരിക്കുകയാണ്.