ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; ഫെഫ്ക ഇടപ്പെട്ടു

Web Desk
Posted on November 01, 2019, 11:13 am

കൊച്ചി: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ ഫെഫ്ക ഇടപ്പെട്ടു. സംവിധായകനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.

തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനിൽ രാധാകൃഷ്ണ മേനോൻ സംഘാടകരോട് പറഞ്ഞത്. ഇതേ തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ച ബിനീഷിനോട് അനിൽ രാധാകൃഷ്ണൻ മേനോൻ മാഗസിൻ റിലീസ് ചടങ്ങ് പൂർത്തിയായി തിരിച്ചുപോയതിന് ശേഷം വേദിയിൽ എത്തിയാൽ മതിയെന്ന് അറിയിച്ചു. കേളേജിലെ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് കേളേജ് അധികൃതർ ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി ഈ കാര്യം താരത്തോട് പറഞ്ഞത്. എന്നാൽ പിന്മാറാൻ തയ്യാറാകാത്ത ബിനീഷ് നേരെ വേദിയിലെത്തി നിലത്തിരുന്നു പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.