Janayugom Online
binoy viswam

റവന്യൂസെക്രട്ടറി അജ്ഞത നടിക്കുന്നു: ബിനോയ് വിശ്വം

Web Desk
Posted on September 08, 2018, 9:19 pm

തിരുവനന്തപുരം: കുട്ടനാട്ടില്‍ കൃഷി പാപമാണെന്ന് കണ്ടുപിടിക്കുന്ന റവന്യൂ സെക്രട്ടറി കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെപ്പറ്റിയും ഭൂഘടനയെപ്പറ്റിയും പ്രകൃതിപ്രതിഭാസങ്ങളെപ്പറ്റിയും അജ്ഞനാണോയെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എംപി ചോദിച്ചു. നവകേരള സൃഷ്ടിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണ്. പി എച്ച് കുര്യനെ നയിക്കുന്ന ചിന്താഗതി എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബിനോയ് വിശ്വം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സര്‍ക്കാര്‍ നയങ്ങളെയും കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെയും പരസ്യമായി വിമര്‍ശിച്ച് അച്ചടക്കലംഘനം നടത്തുന്ന ഈ ഉദേ്യാഗസ്ഥന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പരോക്ഷമായും മുന്‍ ഭവനനിര്‍മാണ വകുപ്പ് മന്ത്രിയായ തന്നെ പ്രത്യക്ഷമായും വിമര്‍ശിച്ച് സായൂജ്യമടയുകയാണ്. കേരളത്തിന്റെ ഭൂദൗര്‍ലഭ്യത്തെപ്പറ്റി അറിയാത്ത ആളല്ല താനെന്ന് ബിനോയ് പറഞ്ഞു. സാമൂഹ്യഭവന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയുള്ള കെട്ടിടങ്ങളാവും ഉചിതമെന്ന നിലപാടാണ് തനിക്കുള്ളതെന്നും നിയമസഭാരേഖകള്‍ നോക്കിയാല്‍ അത് കാണാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷംവീട് കോളനികളിലെ പാവങ്ങളെ പുറത്താക്കി ആ സ്ഥലം കൈക്കലാക്കാന്‍ കണ്ണുവച്ച വിദ്വാന്‍മാര്‍ക്ക് താനെതിരായിരുന്നുവെന്നും മലയടിവാരങ്ങളിലെ വമ്പന്‍മാരുടെ പാഴ്ഭൂമി അന്യായവിലയ്ക്ക് ഹൗസിങ് ബോര്‍ഡിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നീക്കം നടത്തിയവരെ താന്‍ എതിര്‍ത്തിട്ടുണ്ടെന്നും ബിനോയ് കൂട്ടിച്ചേര്‍ത്തു. അത്തരം ഭൂമാഫിയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാണെന്നും ബിനോയ് പറഞ്ഞു.