മംഗളുരു: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മംഗളുരുവിൽ സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെ ബിനോയ് വിശ്വം എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി സ്വാഥി സുന്ദരേശ്, അസിസ്റ്റൻ്റ് സെക്രട്ടറി ഡോ.ജനാർദ്ദനൻ, മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജ്യോതി സുബ്ബറാവു, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി സന്തോഷ്, എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ജ്യോതി എന്നിവരടക്കം നേതാക്കളെ ബർക്കെ പൊലീസ് സ്റ്റേഷനിലാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്.
മുഖ്യമന്ത്രി യെഡ്യൂരപ്പ ഇന്ന് മംഗലാപുരത്ത് പരിപാടികളിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ നിയമം ലംഘിച്ച് പ്രകടനം നടത്തുവാനായിരുന്നു സിപിഐ തീരുമാനം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കുന് സിപിഐ പ്രവർത്തകർ മംഗലാപുരത്തേക്ക് പുറപ്പെടുകയും ചെയ്തു. എന്നാൽ പൊലീസ് സന്നാഹം പലയിടങ്ങളിലായി പാർട്ടി പ്രവർത്തകരുടെ വാഹനങ്ങൾ തടഞ്ഞിട്ടു.
പ്രകടനത്തിന് നേതൃത്വം നൽകാൻ തയ്യാറായി നിന്ന ബിനോയ് വിശ്വം,സാഥി സുന്ദരേശ് ഉൾപ്പെടെയുള്ള നേതാക്കളോട് പിരിഞ്ഞുപോകാനും ആവശ്യപ്പെട്ടു. ഇതോടെ നേതാക്കൾ പ്രവർത്തകരെത്തും മുമ്പേ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. പ്രധാന മന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം മുഴക്കി. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരുന്നു പ്രതിഷേധം.
നഗരപാലിക ഓഫീസിനു മുമ്പിൽ കൂടിയ പ്രവർത്തകർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ചു. പൗരത്വ ബില്ല് പിൻവലിക്കണമെന്നും അത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാംഗ്ലൂർ ബറാക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെനയത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലുടനീളം പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു.സംഭവത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.