ബിനോയ് വിശ്വം

May 06, 2021, 4:00 am

അധ്വാനത്തിൽ ക്രിസ്തുവിനെ തേടിയ തിരുമേനി

Janayugom Online

തനിരപേക്ഷ സമൂഹത്തിൽ മതത്തിന്റേയും വിശ്വാസത്തിന്റേയും ദൗത്യം എന്താണെന്നതിനെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടക്കുമ്പോഴാണ് ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിട പറയുന്നത്. നന്മ തേടിയുള്ള യാത്രയിൽ മനുഷ്യനെ ഒന്നായി കാണുകയാണ് ദൈവത്തിന്റെ വഴിയെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ ജീവിതം മുഴുവൻ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവാഹകനായി അദ്ദേഹം നിലകൊണ്ടു. പ്രക്ഷുബ്ധതകൾക്ക് മുമ്പിൽ പ്രതീക്ഷ കൈവിടാതെ ഒന്നിച്ച് നീങ്ങുകയാണ് അതിജീവനത്തിന്റെ മാർഗമെന്ന് എല്ലാവരേയും പഠിപ്പിക്കാൻ ക്രിസോസ്റ്റം തിരുമേനി ശ്രമിച്ചു. മത തീവ്രവാദത്തിന്റെ എല്ലാത്തരം രൂപഭാവങ്ങളോടും അദ്ദേഹം ബോധപൂർവ്വമായ അകലം പാലിച്ചു. എല്ലാ സഭകളുടേയും ചരിത്രം വായിച്ചാൽ ക്രിസോസ്റ്റം തിരുമേനിയുടെ അത്രയും കാലം ബിഷപ്പായി പ്രവർത്തിച്ച വേറൊരാൾ കാണുകയില്ലത്രെ. സ്നേഹസാന്ദ്രവും സംഭവബഹുലവുമായ തന്റെ ജീവിതംകൊണ്ട് ക്രിസോസ്റ്റം തിരുമേനി സഭകൾക്കും വിശ്വാസത്തിനും പുറത്തേക്ക് വളർന്ന മനുഷ്യസ്നേഹിയായി നമ്മുടെയെല്ലാം ഓർമ്മകളിൽ നിലനിൽക്കും. സുവിശേഷത്തിന്റെ പാത സ്വയംവരിക്കുംമുമ്പ് അദ്ദേഹത്തിന്റെ പേര് ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. വാക്കുകളുടെ മാസ്മരികതയുമായി ബന്ധപ്പെട്ട ക്രിസോസ്റ്റം എന്ന പേരാണ് സഭാ നേതൃപദവിയിൽ അദ്ദേഹത്തെ കാത്തിരുന്നത്. ‘സുവർണനാവുള്ളവൻ’ എന്നാണ് അതിന്റെ അർത്ഥം. ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ നാവിന്റെ നർമ്മവും മാധുര്യവും ഏവർക്കും അറിവുള്ളതാണ്. ആ നാവിൽ നിന്നും ഉതിർന്ന് വീണ വാക്കുകൾ ഒന്നും വെറും വാക്കുകൾ മാത്രമായിരുന്നില്ല. ലോകത്തോടും മനുഷ്യരോടും കളങ്കമില്ലാത്ത സ്നേഹംസൂക്ഷിച്ച് വച്ച ഒരു മനസിൽ നിന്നും വരുന്നു എന്നുള്ളതാണ് അവയുടെ മഹത്വം. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രവൃത്തികൾക്കും നിലപാടുകൾക്കും വഴി കാണിച്ചത് ആ മനസിന്റെ മൂല്യബോധങ്ങളായിരുന്നു. ക്രിസോസ്റ്റം തിരുമേനിയേക്കാൾ മനോഹരമായി നർമ്മം പറയുന്നവരും വലിയ കാര്യങ്ങൾ പ്രസംഗിക്കുന്നവരുമായ ഏറെപ്പേർ വേറെയുണ്ടാകും. അവരിൽ നിന്നെല്ലാം ക്രിസോസ്റ്റം തിരുമേനിയെ വേറിട്ടതാക്കുന്നത് അദ്ദേഹത്തിലെ മനുഷ്യത്വം നിറഞ്ഞ നന്മകളാണ്. അതുകൊണ്ടാണ് ആ വേർപാടിന്റെ ശൂന്യത നമ്മളെ ദുഃഖിപ്പിക്കുന്നത്.

വിമോചന ദൈവശാസ്ത്രം കേരളത്തിൽ എന്തുകൊണ്ട് വേരോടിയില്ല എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട്. ആ പേരിനെച്ചൊല്ലി എന്തെങ്കിലും പറയാൻ താൻ ആളല്ലന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ക്രിസ്തുവിന്റെ പക്ഷപാതിത്വം നിന്ദിതരോടും പീഡിതരോടും ആണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്രൈസ്തവചിന്തയുടെ ആത്മാവ് വിമോചനാത്മകത ആണെന്ന് അദ്ദേഹം വിശ്വസിച്ചു. പാവങ്ങളേയും അവരുടെ ജീവിതത്തേയും അറിയാതെയുള്ള സുവിശേഷ പ്രഘോഷണങ്ങളിൽ അദ്ദേഹം ക്രിസ്തുവിനെ കണ്ടില്ല. ക്രിസോസ്റ്റം തിരുമേനിക്ക് സഭാപ്രവർത്തനം ക്രിസ്തുവിനെ തേടലായിരുന്നു. ആന്ധ്രയിലെ ഒരു സെമിനാരിയിലേക്കുള്ള യാത്രാമധ്യേ ജോലാർപേട്ട് റയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹം താൻ ആരാണെന്ന് പറയാതെ അവിടുത്തെ പോർട്ടർമാരോടൊപ്പം മാസങ്ങൾ കഴിച്ച് കൂട്ടി. ഭാരമുള്ള പെട്ടി തലയിൽ ചുമക്കുമ്പോഴുള്ള പ്രയാസം താൻ മനസിലാക്കിയത് പറഞ്ഞ് കേട്ടോ വായിച്ചോ അല്ലായെന്ന് അദ്ദേഹം പറഞ്ഞു. വ്യവസ്ഥാപിത സംഘടനാ സംവിധാനങ്ങളുടെ ചട്ടക്കൂട്ടിലൊതുങ്ങുമ്പോൾ മനുഷ്യർ പലപ്പോഴും ആത്മ സംഘർഷങ്ങൾക്ക്അടിപ്പെടും. ക്രിസോസ്റ്റം തിരുമേനിയും ഫ്രാൻസിസ് മാർപ്പാപ്പയും മഹാത്മാഗാന്ധിയും ഡോക്ടർ അംബേദ്ക്കറും അച്യുതമേനോനും എ കെ ഗോപാലനും എല്ലാം ഈ സംഘർഷത്തിലൂടെ കടന്നുപോയിക്കാണും. അതിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വേണ്ടി നർമ്മത്തെ കൂടെക്കൂട്ടുകയാണ് തിരുമേനി കണ്ടെത്തിയ പോംവഴിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ജയിലിലെ തടവുകാരോട് സംസാരിക്കുമ്പോൾ, ‘നിങ്ങൾ പിടിക്കപ്പെട്ടതുകൊണ്ട് ഇവിടെയെത്തി. ഞാൻ പിടിക്കപ്പെടാത്തതുകൊണ്ട് പുറത്തൊക്കെ നടക്കുന്നു. ’ എന്ന് പറയാൻ അസാമാന്യമായ ധൈര്യവും സ്വയം വിമർശന ബോധവും ആവശ്യമാണ്. തിരുമേനിയുടെ നർമ്മത്തിന്റെ അടിയിലേക്ക് നോക്കിയാൽ അത് തെളിഞ്ഞ് വരും. മാർത്തോമാ സഭയുടെ മേലധ്യക്ഷ പദവിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ വാസം പമ്പയാറിന്റെ തീരത്ത് മാരാമൺ മണപ്പുറത്തിന്റെ മറുഭാഗത്തായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആ വീട്ടിൽ പലപ്പോഴും പോയി താമസിച്ചിട്ടുള്ളവനാണ് ഞാൻ. വീട്ടുമുറ്റത്ത് തന്നെ ആടുകളേയും മുയലുകളേയും കുഞ്ഞ് കിളികളേയും പരിപാലിക്കുന്ന ഒരു കാരണവരുടെ സ്നേഹസാമീപ്യമാണ് അവിടെ ചെല്ലുമ്പോഴെല്ലാം അനുഭവപ്പെട്ടിട്ടുള്ളത്. ലക്ഷം വീടുകൾ പുതുക്കി പണിയുന്ന പദ്ധതിയുടേയും എന്റെ മരം പദ്ധതിയുടേയും ആശയങ്ങൾ നാമ്പെടുത്തപ്പോൾ ഞാൻ ആദ്യം ചെന്ന് കണ്ടവരിൽ ഒരാൾ ക്രിസോസ്റ്റം തിരുമേനിയായിരുന്നു. അതുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒരു യോഗം ചേർന്നതും അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു. സർക്കാർ സഹായംകൊണ്ട് മാത്രം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പുതുക്കിപ്പണിയൽ പദ്ധതിക്കായി അദ്ദേഹം 25000 രൂപ സംഭാവനയും ചെയ്തു. ഏതാനും മാസങ്ങൾക്ക് ശേഷം ഒരു പഞ്ചായത്തിന്റെ ലക്ഷം വീടുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ പങ്കെടുക്കാൻ മൂന്നാം നിലയിലെ ഹാൾ വരെ ക്രിസോസ്റ്റം തിരുമേനി തന്റെ ആരോഗ്യാവസ്ഥ മറന്നു കൊണ്ട് പടി കയറി വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ട് നിന്നു. എന്റെ തോളിൽ പിടിച്ചുകൊണ്ട് വാത്സല്യം നിറഞ്ഞ പുഞ്ചിരിയുമായി ആ വലിയ മനുഷ്യൻ പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്: ‘കൂടെ ഉണ്ടാകുമെന്ന് ഞാൻ വെറുതെയല്ല പറഞ്ഞത്. ‘! ക്രിസോസ്റ്റം തിരുമേനിയുടെ കൂടി അനുഗ്രഹാശിസുകളോടെയാണ് വനം, വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് എന്റെ മരം പദ്ധതിക്ക് രൂപം നൽകിയത്. പാതയോരങ്ങളിലും വീട്ടുവളപ്പുകളിലും വിദ്യാലയങ്ങളിലുമായി തണൽ വിരിച്ച് നിൽക്കുന്ന ലക്ഷക്കണക്കിന് മരങ്ങൾ എന്നും ഒരു കുളിർമയാണ്. ശബരിമല തീർത്ഥാടന സമയത്തും മാരാമൺ കൺവെൻഷനിലും ചന്ദനക്കുട മഹോത്സവങ്ങളിലുമെല്ലാം ഞങ്ങൾ വൃക്ഷത്തൈകളുമായെത്തി. ‘ആഗോള താപനം മരമാണ് മറുപടി’ എന്ന സന്ദേശമാണ് ഓരോ മരത്തോടുമൊപ്പം ഞങ്ങൾ കൈമാറാൻ ശ്രമിച്ചത്. മാരാമൺ കൺവെൻഷനോടനുബന്ധിച്ച് ഒരു ലക്ഷം തൈകൾ വിതരണം ചെയ്തപ്പോൾ ഒരു രക്ഷാകർത്താവിനെപ്പോലെ തിരുമേനി അവിടെ ഉണ്ടായിരുന്നു.

‘ദൈവത്തെ പ്രാർത്ഥിക്കുമ്പോലെ ഓരോ മരത്തെെകളും നട്ടുവളർത്തണ’മെന്ന് അദ്ദേഹം വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു. രാഷ്ട്രീയവും മതവും വിദ്യാഭ്യാസവും മനുഷ്യബന്ധങ്ങളുമെല്ലാം ഞങ്ങളുടെ ചർച്ചകളിൽ കടന്നു വന്നു. ദൈവമുണ്ടോ ഇല്ലയോ എന്ന് മാത്രം ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ആയിരമായിരം വർഷം പഴക്കമുള്ള ആ ചർച്ചയേക്കാൾ ഇന്നത്തെ ലോകത്തിന് ഗുണം ചെയ്യുന്നത് ഭൂമിയുടേയും മനുഷ്യന്റെയും ഭാവിയെ മുൻനിർത്തി ആത്മീയ വാദികൾക്കും ഭൗതികവാദികൾക്കും എങ്ങനെ കൈകോർത്ത് നീങ്ങാൻ കഴിയും എന്ന ചർച്ചയാണ്. ആർത്തി പുതിയ മതവും ലാഭം ദൈവവും കമ്പോളം ദേവാലയവും ആയി മാറുന്ന ആഗോളവത്കരണ കാലത്ത് ആ അന്വേഷണത്തിന്റെ പ്രാധാന്യം ആത്മീയ വാദികളും ഭൗതിക വാദികളും തിരിച്ചറിയേണ്ടതുണ്ട്. അതേപ്പറ്റി തികഞ്ഞ ബോധ്യമുള്ള മാർത്തോമാ സഭയിലെ വലിയ ഇടയനാണ് വിടപറയുന്നത്. ക്രിസോസ്റ്റം തിരുമേനി പക്ഷെ ഒരു സഭയുടേയോ മതത്തിന്റെയോ മാത്രം സ്വത്തായിരുന്നില്ല. മനുഷ്യനന്മയിൽ കൂറുള്ള എല്ലാവരുടേയും ‘വല്യപ്പച്ചനാ‘യി അദ്ദേഹം നിലകൊണ്ടു. ഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഒരു മഹാസമ്മേളനം. ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതവാർഷികം പ്രമാണിച്ച് സഭ സംഘടിപ്പിച്ചതാണത്. ക്ഷണിക്കപ്പെട്ട ഒരാൾ എന്ന നിലയിൽ ശ്രോതാവാകാൻ ആണ് ഞാൻ അവിടെയെത്തിയത്. തിരുമേനി പക്ഷെ എന്നെ വിളിച്ച് വേദിയിൽ അടുത്തിരുത്തി.

തന്റെ പ്രസംഗത്തിന് മുമ്പ് ഞാനും പ്രസംഗിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു. ആ ശാസനയ്ക്ക് മുമ്പിൽ എനിക്ക് വഴങ്ങേണ്ടി വന്നു. അഞ്ചാറ് മിനിട്ട് കൊണ്ട് അവസാനിച്ച ആ പ്രസംഗത്തിൽ എനിക്ക് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ലന്ന് ഞാൻ പറഞ്ഞു. വിശ്വാസികളുടെ വീക്ഷണപ്രകാരമുള്ള സ്വർഗമുണ്ടെങ്കിൽ ക്രിസോസ്റ്റം തിരുമേനിക്ക് അവിടെ സ്ഥാനമുറപ്പാണെന്നു പറഞ്ഞുകൊണ്ട് തന്റെ കൂടെ പത്ത് പേരെ കൂടെകൂട്ടാൻ ദൈവം സമ്മതിച്ചാൽ അതിൽ പത്താമത്തെ ആളായെങ്കിലും തിരുമേനി എന്നെ കൂട്ടിയേക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ പ്രസംഗം അവസാനിപ്പിച്ചത്. അപ്പോൾ എല്ലാവരുടേയും കൂടെ ചേർന്ന് തിരുമേനിയും നന്നായി ചിരിച്ചു. തന്റെ മറുപടി പ്രസംഗത്തിന്റെ ഊഴമെത്തിയപ്പോൾ തിരുമേനി ആ കാര്യം പക്ഷെ മറന്നില്ല. സ്വർഗത്തിലേക്ക് പത്ത് പേരെ കൂടെ കൂട്ടാൻ ദൈവം സമ്മതിച്ചാൽ ഒരാളായി തീർച്ചയായും ഞാനതിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലേഖനം എഴുതാൻ എന്റെ യോഗ്യത ചിലപ്പോൾ അതായിരിക്കും. നമുക്കിടയിൽ വിശുദ്ധിയുടെ വിളക്കുമാടംപോലെ നിലകൊണ്ട ക്രിസോസ്റ്റം തിരുമേനിയുടെ വേർപാടിന്റെ വേളയിൽ ഞാൻ കണ്ണീർ പൊഴിക്കുന്നില്ല. ലോകത്തേയും സഹജീവികളേയും കളങ്കമില്ലാതെ സ്നേഹിച്ച ആ വലിയ മനുഷ്യന്റെ കൈ മുത്താനാണ് ഈ നിമിഷത്തിൽ എനിക്ക് തോന്നുന്നത്.