Janayugom Online
Binoy Viswam- Janayugom

ആള്‍ക്കൂട്ടകൊലയെന്ന പ്രവര്‍ത്തിയെ കുറിച്ച് ആര്‍എസ് എസിനും ബി ജെ പിക്കും എന്താണ് പറയാനുള്ളത്; ബിനോയ് വിശ്വം എം പി

Web Desk
Posted on October 09, 2019, 9:13 pm

കാസര്‍കോട്: ആള്‍ക്കൂട്ടകൊലയെന്ന പ്രവര്‍ത്തിയെ കുറിച്ച് ആര്‍എസ് എസിനും ബി ജെ പിക്കും എന്താണ് പറയാനുള്ളതെന്ന് സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി ചോദിച്ചു.
ആള്‍ക്കൂട്ടകൊല (മോബ് ലിച്ചിംങ് ) എന്നത് പാശ്ചാത്യ വാക്കായതുകൊണ്ട് ആ വിഷയത്തില്‍ ചര്‍ച്ച വേണ്ട എന്നാണ് ആര്‍എസ് എസും ബി ജെ പിയും ആവശ്യപ്പെടുന്നു. ആ വാക്കിനെ ഇരുവരും ഭയപ്പെടുന്നതുകൊണ്ടാണ് ചര്‍ച്ച വേണ്ടെന്ന് അവര്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു വാക്കിനെ പിടിച്ചുള്ള പ്രശ്‌നമല്ലിത്. ഞങ്ങളുടെ ചോദ്യം ബി ജെ പി ക്കും ആര്‍ എസ് എസിനും ആ പ്രവര്‍ത്തിയെപറ്റി എന്ത് പറയാനുണ്ടന്നാണെന്നും അദ്ദേഹം ചോദിച്ചു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലര്‍ ജയ്ശ്രീറാം വിളിച്ചുകൊണ്ട് ഒരു തെറ്റും ചെയ്യാത്ത നിരപരാധികളെ തല്ലിക്കൊല്ലുന്ന ഭ്രാന്തിനെപറ്റി ബി ജെ പിക്ക് ആര്‍ എസ് എസിന് എന്ത് പറയാനുണ്ട്. ആ ചര്‍ച്ചയെ ആര്‍ എസ് എസ് ഭയപ്പെടുന്നു . അതുകൊണ്ടാണ് ആള്‍ക്കൂട്ടകൊല എന്ന വാക്ക് പാശ്ചാത്യമാണെന്ന തൊടുന്യായം പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ പ്രശ്‌നത്തിലെ സ്വന്തം കുറ്റം മൂടിവെക്കാനുള്ള രാഷ്ട്രീയ കൗശലം ആര്‍ എസ്എസും ബി ജെ പിയും കാണിക്കുന്നത്. ഈ ചര്‍ച്ചയില്‍ എല്ലാതലത്തിലും പ്രതിയാകേണ്ടത് ആര്‍ എസ് എസാണ്.

ആര്‍ എസ് എസ് സര്‍സംഘ് ചാലക് ആയ മോഹന്‍ഭഗവത് അദ്ദേഹത്തിന്റെ വിജയദശമി പ്രസംഗത്തില്‍ പറഞ്ഞത് ആ വാക്ക് പാശ്ചാത്യവാക്ക് എന്നാണ്. എന്നാല്‍ ആള്‍ക്കൂട്ടകൊലകള്‍ ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തെ മുഴുവനും നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനങ്ങള്‍തോറും ആര്‍ എസ് എസിന്റെ മുന്‍കൈയില്‍ ബി ജെ പിയും ആര്‍എസ് എസും ചേര്‍ന്നൊരുക്കിയ ആശയ ചിന്തയുടെ കൂട്ടകൊലകള്‍ നിരന്തരമുണ്ടാകുന്നുണ്ട്. പശുവിന്റെ പേരില്‍, ശ്രീരാമസേനയുടെ പേരില്‍, വെളിയിടത്തില്‍ വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍, തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ കൊലപാതക പരമ്പരകള്‍. ഈ പരമ്പരയാണ് അടൂര്‍ ഗോപാലകൃഷ്ണനെയും അദ്ദേഹത്തെപോലെയുള്ള രാജ്യം മാനിക്കുന്ന 49 പ്രമുഖരായ ബുദ്ധിജീവികളെ നടുക്കിയത്. ആ നടുക്കം ഇന്ത്യ മൊത്തം ഏറ്റുവാങ്ങിയ നടുക്കമാണ്. ആ നടുക്കം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത്തരം സംഭവത്തില്‍ ജയ്ശ്രീരാം വിളികള്‍ കൊലവിളിയായി മാറികൂട എന്ന് ഉറപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് രാജ്യം മാനിക്കുന്ന പ്രമുഖരായ സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെയുള്ളവര്‍ കത്ത് എഴുതിയത്. ആ കത്തിന്റെ പേരില്‍ അവര്‍ക്കെതിരെ ദേശദ്രോഹത്തിന്റെ പേരില്‍ കേസെടുക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതക പരമ്പരകളുമായി ആര്‍ എസ് എസും ബി ജെ പിയും ജനങ്ങളെ എല്ലാതലങ്ങളിലും വേട്ടായാടുമ്പോഴാണ് കോണ്‍ഗ്രസിന്റെ മൗനം നമ്മളെ അമ്പരപ്പിക്കുന്നത്. ഇതില്‍ മാത്രമല്ല, എല്ലാ മൂര്‍ത്തമായ സാമൂഹ്യ ‚സാമ്പത്തിക, രാഷ്ട്രീയ, വിഷയങ്ങളിലും കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. ബി ജെ പിയുടെ മുമ്പില്‍ കോണ്‍ഗ്രസ് പരിപൂര്‍ണമായ വിധേയത്വം പ്രഖ്യാപിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കന്മാര്‍ കൂട്ടംകൂട്ടമായി ബി ജെ പിയിലേക്ക് ഒഴുകി പോവുകയാണ്. ഇപ്പോഴും ഒഴുക്ക് അവസാനിച്ചിട്ടില്ല. ബി ജെ പിയിലേക്ക് ആളെ കൊടുക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് ഒരുതരം അങ്കമാലി റെയില്‍വേസ്റ്റേഷനായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു. മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയെന്ന് വലിയ അക്ഷരത്തില്‍ എഴുതി അതിന് താഴെ ബി ജെ പിയിലേക്ക് എത്തുവാന്‍ ഇതിലോട്ട് കയറുക എന്ന എഴുതിവെച്ചിരിക്കുകയാണെന്ന് അങ്കമാലി റെയില്‍വേസ്റ്റേഷനിലെ ബോര്‍ഡിന് ഉദാഹരണമായി കാണിച്ച് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് അതുകൊണ്ടാണ് ആ ജനങ്ങള്‍ കോണ്‍ഗ്രസിനെയും ബി ജെ പി ആര്‍ എസ് എസ് കൂട്ടുകെട്ടിനെയും തോല്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കേണ്ട സംസ്ഥാനമാണ് കേരളം.

ആര്‍ എസ് എസ് കെട്ടഴിച്ചുവിട്ട വര്‍ഗീയം ജനങ്ങളെ വേട്ടയാടുമ്പോള്‍ ആ ഭയത്തില്‍ നിന്ന് മുക്തമായ രാജ്യമായി ഇന്ത്യയെ മാറ്റുവാന്‍ വഴികാണിക്കേണ്ട് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് എല്‍ ഡി എഫ് ഒറ്റക്കെട്ടായി ഈ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഞ്ച് മണ്ഡലങ്ങളിലും പാലായിലെ വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന കൗണ്‍സിലംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.