Janayugom Online
GANDHIJI GODSE

ചിത്രത്തിലേയ്ക്ക് നിറയൊഴിച്ച് സായൂജ്യം നേടുന്നവര്‍

Web Desk
Posted on October 09, 2019, 12:13 am

ബിനോയ് വിശ്വം എം പി

ഭാരതചരിത്രഗാഥയുടെ ഉത്സവപ്രഭയായി മാറിയ മഹാന്മാരില്‍ ഏറ്റവും പ്രമുഖനാണ് മഹാത്മാഗാന്ധിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് കണ്ടെത്തി! ആ മഹാത്മാഗാന്ധിക്കെതിരെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രമുഖ നേതാക്കള്‍ പലതരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അതിനെ വിലക്കാന്‍ ഒരു വാക്കുപോലും ഉരിയാടാത്ത ‘സര്‍സംഘ്ചാലക്’ ആണ് അദ്ദേഹം. ഗാന്ധിജിയുടെ മാറിലേക്ക് നിറയൊഴിച്ച ഗോഡ്‌സെ ആണ് യഥാര്‍ഥ ദേശസ്‌നേഹി എന്ന് പ്രസംഗിച്ച സന്യാസിനിയായ വനിത ഇന്ന് ബിജെപി എംപിയാണ്. ആര്‍എസ്എസിന്റെ ആശയങ്ങളാല്‍ പ്രചോദിതരായവരാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തിലേക്ക് നിറയൊഴിച്ച് സായൂജ്യം നേടുന്നത്. അപ്പോഴൊന്നും അനങ്ങാതിരുന്ന ഡോ.മോഹന്‍ ഭാഗവത് ഗാന്ധിജിയുടെ 150ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ ആര്‍ക്കും അത്ഭുതമുണ്ടാകും.
സംശയം വേണ്ട ഇത് ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണകൗശലത്തിന്റെ മകുടോദാഹരണമാണ്. തങ്ങള്‍ കൊന്ന് കുഴിച്ചുമൂടാന്‍ ശ്രമിച്ചിട്ടും ഉജ്ജ്വലപ്രഭയോടെ ജീവിച്ചിരിക്കുന്ന ഗാന്ധിദര്‍ശനങ്ങളെ സ്വന്തം ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമാക്കി മാറ്റുന്നതിലാണ് ആ കൗശലം കുടികൊള്ളുന്നത്.

ആര്‍എസ്എസ് ദര്‍ശനങ്ങള്‍ക്ക് പൊക്കിള്‍ക്കൊടി ബന്ധമുള്ള ഹിറ്റ്‌ലറൈറ്റ് പ്രചാരണതന്ത്രത്തില്‍നിന്ന് കടംകൊണ്ടതാണത്. അതിന്റെ ഗുരുസ്ഥാനീയനായ ജോസഫ് ഗീബല്‍സ് പഠിപ്പിച്ചത് ലക്ഷ്യം നേടാനായി നിങ്ങള്‍ക്ക് എന്തും പറയാമെന്നാണ്. അങ്ങനെ പറയുമ്പോള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയണമെന്ന് മാത്രം. ആ പാഠം പിന്‍പറ്റി സര്‍ദാര്‍ പട്ടേലിനെയും സുഭാഷ്ചന്ദ്രബോസിനെയും ഭഗത്‌സിംഗിനെയുംവരെ കാവി പുതപ്പിച്ചവരാണ് സംഘപരിവാര്‍ ശക്തികള്‍. ഇപ്പോളിതാ കാപട്യം ഒളിച്ചുവച്ച ആ കാവി പുതപ്പുമായി അവര്‍ മഹാത്മാഗാന്ധിയെയും തേടിയെത്തിയിരിക്കുന്നു. രാഷ്ട്രം എത്തിനില്‍ക്കുന്ന ആശയരാഷ്ട്രീയ ദശാസന്ധിയുടെ വൈപരീത്യമാണിത്.

1922ല്‍ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നാഗ്പ്പൂരില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ഡോ. ഹെഡ്‌ഗെവാര്‍ പ്രസംഗിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ ഭാഗവത് തന്റെ വിചിത്രവാദങ്ങളുടെ കോട്ട കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നത്. ആ ഹെഡ്‌ഗെവാര്‍ പിന്നെ എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ടുവെന്ന് മോഹന്‍ ഭാഗവതിന് അറിയാത്തതല്ല. അദ്ദേഹം പിന്നീട് ആര്‍എസ് എസ് സ്ഥാപകനായതിന്റെ പിന്നിലെ ആശയപരിണാമങ്ങളെ പറ്റി മൗനം പാലിക്കുന്നതും യാദൃച്ഛികമല്ല. എന്തുകൊണ്ടാണ് 1922ല്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പ്രസംഗിച്ച ഹെഡ്‌ഗെവാര്‍ 1925ല്‍ ആര്‍എസ്എസ് സ്ഥാപകനായി മാറിയത്? അവിടെയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും തീവ്രഹിന്ദുവര്‍ഗീയവാദവും തമ്മിലുള്ള വൈരുധ്യത്തിന്റെ ഉത്തരം കുടികൊള്ളുന്നത്. മഹാത്മാഗാന്ധിയോട് ഗോഡ്‌സെക്കുണ്ടായ തീര്‍ത്താല്‍ തീരാത്ത പകയുടെയും കാരണങ്ങള്‍ അതില്‍ കണ്ടെത്താനാവും. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനം ഹിന്ദു മുസ്‌ലിം മൈത്രിയുടെ പതാകയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്താങ്ങിയപ്പോഴും അതാണ് മഹാത്മാഗാന്ധിയെ നയിച്ചത്. ‘ഹിന്ദു മുസ്‌ലീം ഏക് ഹോ’ എന്ന മുദ്രാവാക്യത്തിലൂടെ ജനതയെ ഒന്നിപ്പിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. മതത്തിന്റെ പേരില്‍ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തെ അത് ഭയപ്പെടുത്തി. അതിരറ്റ മതാഭിമാനബോധവും അതേ അളവില്‍ മുസ്‌ലിം വിരോധവും നെഞ്ചില്‍ സൂക്ഷിച്ച വര്‍ഗ്ഗീയവാദികള്‍ക്കും ആ മുദ്രാവാക്യത്തോട് ഭയമായിരുന്നു.
അതുകൊണ്ടാണ് ഇറ്റലിയില്‍ മുസോളിനി നടപ്പിലാക്കിയ ഫാസിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് കേട്ട മാത്രയില്‍ ഹെഡ്‌ഗെവാര്‍ അതില്‍ ആകൃഷ്ടനായത്. സ്വന്തം ശിഷ്യോത്തമനായ ഡോ.മുഞ്ചെയെ ഇറ്റലിയിലേക്ക് പറഞ്ഞയച്ച് മുസോളിനിയെ കണ്ട് ആ മാതൃകയിലൂടെ ആര്‍എസ്എസ് സ്ഥാപിക്കുന്നതില്‍വരെ ചെന്നെത്തി ആ ആശയ അടിമത്വം. അതെങ്ങനെയാണ് ഗാന്ധിയന്‍ ചിന്താധാരയുമായി എവിടെയെങ്കിലും പൊരുത്തപ്പെട്ട് പോകുന്നത്? ഡോ.ഹെഡ്‌ഗെവാറുമായി ഗാന്ധിജി നടത്തിയതായി പറയപ്പെടുന്ന സംഭാഷണങ്ങളിലെവിടെയെങ്കിലും വംശവിദ്വേണ്ടഷത്തിന്റെ തണലില്‍ മുളപൊട്ടിയ മുസ്‌ലിം വിരോധം ഗാന്ധിജി പങ്കുവച്ചതായി മോഹന്‍ ഭാഗവതിനോ അനുയായികള്‍ക്കോ തെളിയിക്കാന്‍ കഴിയുമോ?
ഡോ.ഹെഡ്‌ഗെവാറിനുശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ആയത് എം എസ് ഗോള്‍വാള്‍ക്കറാണ്. അദ്ദേഹമാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രധാരകള്‍ക്കു ക്രോഡീകൃതരൂപം നല്‍കിയത്. ‘വി ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്’ എന്ന പുസ്തകത്തിലും ‘വിചാരണ്ടധാര’ എന്ന സമാഹാരത്തിലും ആ കാഴ്ചപ്പാടുകള്‍ വായിക്കാം. വിചാരധാരയുടെ 19, 20, 21 അധ്യായങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യയുടെ ആഭ്യന്തരശത്രുക്കള്‍ ആരാണെന്ന് വിവരിക്കുന്നുണ്ട്. അവര്‍ യഥാക്രമം മുസ്‌ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണ്. ഈ കണ്ടെത്തലിന് ജര്‍മ്മനിയുടെ ശത്രുക്കള്‍ ജൂതന്മാരും, ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് ‘മീന്‍ കാഫി’ ലെഴുതിയ ഹിറ്റ്‌ലറുടെ നിലപാടുകളുമായുള്ള സാദൃശ്യം ആരെയാണ് അമ്പരപ്പിക്കാത്തത്? അതേക്കുറിച്ചൊന്നും പറയാന്‍ മോഹന്‍ ഭാഗവതും കൂട്ടരും ഇഷ്ടപ്പെടുന്നില്ല. വിഭജനത്തിന്റെ ദിനങ്ങളില്‍ ഡല്‍ഹിയിലെ സംഘശാലയില്‍ ഗാന്ധിജി ചെന്നതിനെക്കുറിച്ചും 1947 സെപ്റ്റംബര്‍ 27ന്റെ ‘ഹരിജനി‘ല്‍ അതിന്റെ വാര്‍ത്ത വന്നതിനെക്കുറിച്ചും മോഹന്‍ ഭാഗവത് എഴുതുന്നുണ്ട്. ആ ദിനങ്ങളില്‍ അഴിഞ്ഞാടിയ വര്‍ഗ്ഗീയഭ്രാന്തിന് അനുകൂലമായി സംസാരിക്കാനല്ല, ചോരപ്പുഴ ഒഴുക്കുന്ന നിലപാടില്‍ ദുഃഖമറിയിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. സഹോദരപ്പോരിന് അന്ത്യംകുറിക്കാന്‍ ശ്രമിച്ച നിസ്സഹായനായ ഒരു മനുഷ്യസ്‌നേഹിയുടെ ഉത്ക്കടമായ പരിശ്രമങ്ങളെ ആര്‍എസ്എസിനുള്ള പിന്തുണയായി മോഹന്‍ ഭാഗവത് വ്യാഖ്യാനിക്കുമ്പോള്‍ ഹാ കഷ്ടം എന്നല്ലാതെ മറ്റെന്ത് പറയാന്‍ സാധിക്കും.
മോഹന്‍ ഭാഗവതിന്റെ ലേഖനത്തില്‍ 1947 സെപ്റ്റംബര്‍ 27ന് ശേഷമുള്ള തീയതികളെപ്പറ്റിയോ സംഭവങ്ങളെപ്പറ്റിയോ പറയാത്തതില്‍ അത്ഭുതം വേണ്ട. തങ്ങള്‍ക്കു വേണ്ടതു മാത്രം ആവശ്യമായ രീതിയില്‍ പറയുകയും അല്ലാത്തവയ്‌ക്കെല്ലാം നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് പ്രചാരണശൈലിയുടെ ഇളകാത്ത സ്വഭാവമാണ്. മോഹന്‍ ഭാഗവതിന് അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുകയില്ലല്ലോ. ഗാന്ധിസ്മരണയിലെ ഏറ്റവും നടുക്കുന്ന ദിനം 1948 ജനുവരി 30 ആണ്. ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചു കൊന്ന ദിനം. ആ കൊലപാതകം മനസിന്റെ സമനില തെറ്റിയ ഒരു ഭ്രാന്തന്റെ പ്രവൃത്തിയായിരുന്നില്ല. മാസങ്ങള്‍ നീണ്ടുനിന്ന തയ്യാറെടുപ്പിലൂടെ വിദ്വേഷരാഷ്ട്രീയത്തിന്റെ സ്വയംസേവകനായി മാറിയ ഒരാള്‍ ബോധപൂര്‍വ്വം ചെയ്ത നരഹത്യയായിരുന്നു അത്. ഗാന്ധിവധക്കേസിന്റെ വിചാരണവേളയില്‍ പശ്ചാത്താപത്തിന്റെ കണികപോലുമില്ലാതെ അക്ഷോഭ്യനായി നിന്നുകൊണ്ട് നാഥുറാം വിനായക് ഗോഡ്‌സെ അക്കാര്യം വിവരിക്കുന്നുണ്ട്. ‘എന്തുകൊണ്ട് ഞാന്‍ ഗാന്ധിജിയെ വധിച്ചു’ എന്ന പേരിലുള്ള ഗോഡ്‌സെയുടെ കോടതിമൊഴി ആര്‍ക്കും വായിക്കാന്‍ കിട്ടും. സാങ്കേതികമായി ആ വെടിയുതിര്‍ക്കുന്ന ദിവസം ഗോഡ്‌സെ ആര്‍എസ് എസ് അംഗമായിരുന്നോ എന്നതല്ല പ്രശ്‌നം.

ഗാന്ധിവധത്തിലേക്ക് ഗോഡ്‌സെയെ നയിച്ച ആശയപരിസരം സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസ് വഹിച്ച പങ്ക് വലുതാണ്. മഹാത്മാ ഗാന്ധിയോട് തനിക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ലായിരുന്നു എന്ന് ഗോഡ്‌സെ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഹിന്ദുവിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍ക്കും എന്ന വിചാരധാരയാണ് ഗോഡ്‌സെയെ ചരിത്രംകണ്ട ഏറ്റവും ഹീനമായ ആ രാഷ്ട്രീയ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അപ്പോഴും അദ്ദേഹം ഹിന്ദുത്വദര്‍ശനങ്ങള്‍ (വാസ്തവത്തില്‍ അതിന് ഹിന്ദുമതവുമായി ശബ്ദത്തില്‍മാത്രമേ ബന്ധമുള്ളൂ) പ്രചരിപ്പിക്കുന്ന ഹിന്ദുമഹാസഭയുടെ പത്രത്തിന്റെ പത്രാധിപരായിരുന്നു. ഗോഡ്‌സെ സഹോദരങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും എന്നും സ്വാധീനിച്ചത് ആര്‍എസ്എസ് ആണെന്ന് നാഥുറാം വിനായക് ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്നെ വ്യക്തമാക്കിയതാണല്ലോ. ബാല്യകാലം മുതല്‍ തങ്ങള്‍ സ്വന്തം വീട്ടിലേതിനെക്കാള്‍ സമയം ചെലവഴിച്ചത് ആര്‍എസ്എസ് കാര്യാലയത്തിലാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ആ മുറ്റത്ത് നിന്ന് പഠിച്ച മുസ്‌ലീം വിരോധത്തിന്റെ കൂര്‍ത്ത് മൂര്‍ത്ത ആശയങ്ങളാണ് ഗോഡ്‌സെയുടെ കയ്യില്‍ നിന്നുള്ള വെടിയുണ്ടയായി മാറിയത്. ആ ആശയങ്ങളോട് സന്ധിയില്ലാതെ പോരാടുകയും മതങ്ങള്‍ക്കതീതമായ ദേശസ്‌നേഹമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത മഹാനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയാണ് ഗാന്ധിജി. അതുകൊണ്ടാണ് ഗാന്ധിജി ജീവിച്ചിരിക്കാന്‍ യോഗ്യനല്ലായെന്ന് ഗോഡ്‌സെയ്ക്ക് തോന്നിയത്. ഗോഡ്‌സെ സൃഷ്ടിച്ച ആശയങ്ങള്‍ എത്രയും കൗശലത്തോടെ ഇന്ത്യയ്ക്കുമേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുവെന്ന് വിളിച്ചുപറയുന്നതാണ് മോഹന്‍ ഭാഗവതിന്റെ ലേഖനം.
പൗരത്വപ്രശ്‌നം കുത്തിപ്പൊക്കുമ്പോഴും കാശ്മീരിന്റെ പ്രത്യേക പദവി പിച്ചിച്ചീന്തിയപ്പോഴും, ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുമ്പോഴും അയോധ്യാ വിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോഴും പശുവിന്റെ പേരില്‍ മനുഷ്യനെ വേട്ടയാടുമ്പോഴും വെളിയിടത്തില്‍ വെളിക്കിറങ്ങിയതിന്റെ പേരില്‍ കുട്ടികളെ തല്ലിക്കൊല്ലുമ്പോഴും ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുമ്പോഴും അവയുടെ എല്ലാം അടിയില്‍ പ്രവര്‍ത്തിക്കുന്ന വിചാരധാരയെ നാം കാണാതെ പോകരുത്. ഗാന്ധിജിയെ കൊന്ന വെടിയുണ്ടകളുമായി അവയ്ക്കുള്ള ബന്ധം അറിയാതെ പോകരുത്.
ഗോവിന്ദ് പന്‍സാരെയും ധബോല്‍ക്കറും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും പിടഞ്ഞുവീണത് ആ വിചാരധാര സൃഷ്ടിച്ച വെടിയുണ്ട ഏറ്റാണ്. മതനിരപേക്ഷത, പരമാധികാരം, ജനാധിപത്യം, സോഷ്യലിസം എന്നീ ഭരണഘടനാ പ്രമാണങ്ങളോട് നിതാന്തവൈരം പുലര്‍ത്തുന്ന ആ പ്രത്യയശാസ്ത്രത്തിന് വേഷപ്രച്ഛന്നമായി സഞ്ചരിക്കാനറിയാം. വേട്ടനായ്‌ക്കൊപ്പം വേട്ടയാടുമ്പോള്‍ തന്നെ അത് മുയലിന്റെ കൂടെ ഓടുകയും ചെയ്യും. ആ ഓട്ടമാണ് മോഹന്‍ ഭാഗവതിന്റെ ലേഖനത്തില്‍ കാണുന്നത്. കണ്ണും കാതും മനസും ബുദ്ധിയും സദാ തുറന്നുവച്ച് നാം ജാഗ്രത പാലിക്കുക. അല്ലെങ്കില്‍ ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്‌സെയും ഗോഡ്‌സെയുടെ സ്ഥാനത്ത് ഗാന്ധിജിയും നില്‍ക്കുന്ന കാഴ്ച നമുക്ക് കാണേണ്ടിവന്നേക്കാം.