ന്യൂഡൽഹി: മതേതര ഇന്ത്യയുടെതലയ്ക്കുമീതെ തൂങ്ങിനിൽക്കുന്ന വാളാണ് പൗരത്വ ഭേദഗതി ബില്ലെന്ന് സിപിഐ പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. രാജ്യസഭയിൽ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. പ്രതീക്ഷയുടെ കിരണങ്ങളുമായാണ് നാളെ സൂര്യൻ ഉദിക്കുകയെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. ഞാൻ അതിനോട് വിയോജിക്കുന്നു. നാളെയും സൂര്യൻ ഉദിക്കും, മതേതര ഇന്ത്യയുടെ തലയ്ക്കുമീതെ തൂങ്ങിനിൽക്കുന്ന ഡമോക്ലാസിന്റെ വാളായിട്ടാണ് നാളത്തെ സൂര്യോദയമുണ്ടാവുക. ഏത് നിമിഷവും അത് താഴോട്ട് പതിക്കാമെന്ന് ജനങ്ങൾ ഭയക്കുന്നു. ബില്ലിന് പിറകിലുള്ള കാരണങ്ങൾ വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റാരുടേതുമല്ല ഗുരുജി ഗോൾവൾക്കറുടെ വാക്കുകളാണ് ഉദ്ധരിക്കാനുളളത്. അദ്ദേഹത്തിന്റെ ആശയത്തെകുറിച്ച് സംശയമില്ല, പക്ഷേ ദ്വിമുഖം കാട്ടാത്ത അദ്ദേഹത്തിന്റെ സത്യസന്ധതയെ ബഹുമാനിക്കാതിരിക്കാനാവില്ല. വിചാരധാര എന്ന പുസ്തകത്തിൽ രാജ്യത്തികത്തെ ഭീഷണിയെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. അത് മുസ്ലിങ്ങളാണെന്നാണ്. ലോകത്തെ രാജ്യങ്ങളിൽ ഇന്ത്യയ്ക്കകത്താണ് പുറത്തുള്ളതിനെക്കാൾ ആഭ്യന്ത സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയുയർത്തുന്ന ശത്രുസംഘമുള്ളതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോയെന്ന് വ്യക്തമാക്കണമെന്ന് ബിനോയ് വിശ്വം അഭ്യന്തര മന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതവും ഭാഷയും സംസ്കാരവും പിന്തുടരുകയാണെങ്കിൽ ന്യൂപക്ഷങ്ങൾ ഇവിടെ ഭയക്കേണ്ടതില്ലെന്ന് ഗോൾവൾക്കർ പറയുകയുണ്ടായി. ഏതാണ് ഇന്ത്യയുടെ മതം. ഇന്ത്യയ്ക്ക് പ്രത്യേകമായൊരു മതമില്ലെന്നതുകൊണ്ടാണ് നമ്മളെല്ലാം ഇത് മതേതര രാജ്യമാണെന്ന് അഭിമാനത്തോടെ പറയുന്നത്. ഇന്ത്യയെന്ന രാജ്യത്തിന് പ്രത്യേക മതമില്ല. വ്യക്തികൾക്ക് മതമുണ്ടാവാം, അവരുടെ വിശ്വാസങ്ങൾ വ്യത്യസ്തമാകാം. എന്നാൽ രാജ്യം നമ്മൾ എല്ലാവരുടേതുമാണ്. അതാണ് ഇന്ത്യയുടെ സൗന്ദര്യം. അതാണ് ഇന്ത്യയുടെ മഹത്വവും. രാജ്യത്തിനാകെ ഒരു മതത്തെ കുറിച്ച് പറയാൻ തുടങ്ങുന്ന നിമിഷം ഇന്ത്യ അവസാനിക്കുന്നു. ഈ ബില്ല് ഇന്ത്യയുടെ മരണത്തിന് കാരണമാകുമെന്ന് ഭയക്കുന്നതായി ബില്ലിനെ അതിർത്തുകൊണ്ട് ബിനോയ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.