ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസനാരോയെ എഴുപത്തൊന്നാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയാക്കിയതിൽ ബിനോയ് വിശ്വം എംപി പ്രതിഷേധിച്ചു. ഇന്ത്യയുടെ പരമാധികാരത്തെയും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തങ്ങളായ സമത്വം, സ്വാതന്ത്യം, സാഹോദര്യം, നീതി, എന്നിവയെയും ഊട്ടി ഉറപ്പിക്കുന്ന ആഘോഷമാണ് ഇതെന്നും ബിനോയ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു ആഘോഷത്തിൽ അതിഥിയാക്കേണ്ട വ്യക്തിയല്ല ബൊൽസനാരോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീലിലും ആഗോളവേദികളിലും ബൊൽസനാരോ കൈക്കൊള്ളുന്ന നടപടികൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരാണെന്ന് ബിനോയ് വിശ്വം പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ടു തന്നെ ഭരണഘടനയുടെ ആഘോഷവേളയിൽ ബൊല്‍സനാരോ അതിഥിയാകുന്നത് ഭൂഷണമല്ല. ആമസോൺ മഴക്കാടുകൾ കത്തിയമർന്നപ്പോൾ രണ്ട് മാസത്തോളം യാതൊരു നടപടികളും കൈക്കൊള്ളാതിരുന്ന വ്യക്തിയാണ് ബൊൽസനാരോ. ഈ മഴക്കാടുകളുടെ നാശം ആഗോള പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്ന ഇന്ത്യയ്ക്ക് എങ്ങനെയാണ് ഇത്തരമൊരു വ്യക്തിയെ അംഗീകരിക്കാനാകുക എന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ രാജ്യത്തെ പാവപ്പെട്ട കരിമ്പ് കർഷകരെ സഹായിച്ചതിന്റെ പേരിൽ ലോകവ്യാപാര സംഘടനയിൽ നമുക്ക് മേൽ ബൊൽസനാരോ ഉപരോധം ഏർപ്പെടുത്തിയതും എങ്ങനെയാണ് താങ്കൾക്ക് മറക്കാനാകുക. ബൊൽസനാരോയുടെ നടപടി നമ്മുടെ രാജ്യത്തെ അഞ്ച് കോടി കർഷകരുടെ ജീവിതവൃത്തിക്ക് മേൽ നേരിട്ട് ഭീഷണിയായി. സ്വന്തം പൗരൻമാരെ പൂർണമായും നിരാകരിക്കലാണ് ഈ പ്രവൃത്തിയിലൂടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.
English summary:Binoy viswam writes letter to modi about the republican day guest
YOU MAY ALSO LIKE THIS VIDEO