Web Desk

February 21, 2021, 11:31 am

വൈറല്‍ തെയ്യക്കോലം കെട്ടിയത് ബിനു; ചിത്രത്തിന് പിന്നിലെ കഥ അറിയാമോ?

Janayugom Online

കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ മണത്തന നീലകരിങ്കാളി തെയ്യക്കോലധാരിയുടെ മടിയില്‍ ഇരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം വൈറലായത്. കടുത്ത ചുവപ്പ് ചായക്കൂട്ടുകളും വേഷഭൂഷാതികളും കാരണം കുട്ടികൾ അടുക്കാൻ മടിക്കുന്ന രൂപമാണ് നീലകരിങ്കാളി തെയ്യത്തിന്റേത്. എന്നാൽ യാതൊരു ഭീതിയോ ആശങ്കയോ ഇല്ലാതെ അമ്മയുടെ മടിയിലെന്ന പോലെ ഇരിക്കുന്ന കുഞ്ഞിനെ കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. ലാസ്യത്തിൽ തുടങ്ങി രൗദ്രത്തിൽ എത്തുന്ന ഈ ഭഗവതി തെയ്യത്തിനടുത്ത് അങ്ങനെ കുഞ്ഞുങ്ങള്‍ അടുക്കാറില്ല.

രഹനേഷ് സുകുമാർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവച്ചത്. ഇപ്പോളിതാ തെയ്യം കെട്ടിയ ബിനു എന്ന യുവാവ് സംഭവം വിവരിക്കുകയാണ്.കണ്ണൂർ പൊതുവാച്ചേരി സ്വദേശിയായ ബിനു തന്റെ പതിമൂന്നാം വയസ് മുതൽ തെയ്യ വേഷം കെട്ടാൻ തുടങ്ങിയതാണ്. ബിനു അഞ്ചരക്കണ്ടി പാളയം കടമ്പേരി മടപ്പുര ക്ഷേത്രത്തിൽ തെയ്യത്തിനായി എത്തിയതായിരുന്നു.അപ്പോളാണ് അവിടുത്തെ ക്ഷേത്രക്കാരന്റെ മകളുടെ മകളെ കാണുന്നത്. കുട്ടിയെ ബിനു കൈകാണിച്ച് വിളിച്ചപ്പോൾ തന്നെ കുട്ടി അടുത്തേക്ക് വരികയും മടിയിൽ കയറി ഇരിക്കുകയും ചെയ്തു. അമ്മയാരാണെന്ന് ചോദിച്ചപ്പോൾ താൻ മടിയിലിരിക്കുന്നയാളാണെന്നായിരുന്നു കുഞ്ഞിന്റെ ഉത്തരം.

ഏത് കുട്ടിയും ആദ്യം കരഞ്ഞ ശേഷമാകും അടുക്കുക. എന്നാല്‍ തന്റെ ഇത്ര നാളത്തെ പരിചയത്തിൽ ഭയമേതുമില്ലാതെ മറ്റൊരു കുട്ടിയും അടുത്ത് വന്നിട്ടില്ലെന്ന് ബിനു പറയുന്നു. തെയ്യ വേഷം കാണുമ്പോഴുള്ള ഭയം കുട്ടികളുടെ കണ്ണുകളിലുണ്ടാകും. എന്നാൽ ഈ കുഞ്ഞിന്റെ പെരുമാറ്റം അതിശയിപ്പിച്ചുവെന്ന് ബിനു പറയുന്നു. അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്ട് ബിനുവിന്. അച്ഛൻ ഡ്രൈവറാണ്.

ENGLISH SUMMARY;Binu tied the viral theyyakko­lam; Do you know the sto­ry behind the film?
You may also like this video