October 6, 2022 Thursday

ജൈവവൈവിധ്യ സംരക്ഷണവും മനുഷ്യസമൂഹത്തിന്റെ ഭാവിയും

Janayugom Webdesk
June 16, 2022 6:00 am

ജൈവവൈവിധ്യം മനുഷ്യസമൂഹത്തിന്റെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന മര്‍മ്മപ്രധാനമായൊരു ഘടകമാണ്. ആധുനിക മനുഷ്യസമൂഹത്തെ മാത്രമല്ല, ഭാവിയില്‍ ജന്മമെടുക്കുന്ന മുഴുവന്‍ തലമുറകളെയും സംരക്ഷിക്കാന്‍ പ്രകൃതിയും അതിന്റെ സമ്മാനങ്ങളായി നമുക്ക് ലഭ്യമാകുന്ന ജൈവ‑അജൈവ വിഭവങ്ങളും സംരക്ഷിച്ച് നിര്‍ത്തിയേ തീരു. മറിച്ചാണ് സംഭവിക്കുകയെങ്കില്‍ പ്രകൃതിയും മനുഷ്യ സമൂഹവും ഒരുപോലെ നാശോന്മുഖമാവുകയായിരിക്കും ഫലം. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം നടത്തിവരുന്ന ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ യുനെസ്കോയുടെ ഡയറക്ടര്‍ ഡോ. എറിക്ക് ഫാ‍ട്ടിന്റെ വാക്കുകളാണിത്. അദ്ദേഹത്തിന്റെ മേല്‍നോട്ട ചുമതലയില്‍ ഇന്ത്യക്കു പുറമെ, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. യുനെസ്കോയുടെ ഡയറക്ടര്‍ എന്ന പദവിക്കുപുറമെ, ഡോ. ഫാള്‍ട്ട് ഈ രാജ്യങ്ങളിലെ മുഴുവന്‍ വികസന പദ്ധതികളുടെ പ്രകൃതി സൗഹൃദ സമീപനവും കൂടി ഉറപ്പാക്കുന്ന ചുമതലയും നിര്‍വഹിക്കുന്നു. ‘ടീം യുഎന്‍ ഇന്‍‍ ഇന്ത്യ’ എന്ന സംവിധാനമാണ്. രാജ്യത്തിന്റെ നിലനില്ക്കുന്ന വികസന ലക്ഷ്യങ്ങളുടെ മേല്‍നോട്ട ചുമതലയും ഈ വിദഗ്ധനാണുള്ളത്. ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് യുഎന്‍ ഏജന്‍സികള്‍ നിരവധി പഠനങ്ങള്‍ നടത്തുകയും അവ സംബന്ധമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് 2019ലെ ഗ്ലോബല്‍ അസെസ്മെന്റ് റിപ്പോര്‍ട്ട് ഓണ്‍ ബയോഡൈവേഴ്സിറ്റി ആന്റ് ഇക്കോസിസ്റ്റം സര്‍വീസസ് എന്ന ആധികാരികമായൊരു പഠനരേഖ. ഇതില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന കാതലായ നിരവധി ജൈവവൈവിധ്യ ഭീഷണിയുമായി ബന്ധിതമായ വിഷയങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം പുതിയ ജീവജാലങ്ങളുടെ കടന്നാക്രമണം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, മലിനീകരണം, നഗരവല്ക്കരണം, വനസമ്പത്തിന്റെ വ്യാപകമായ നാശം തുടങ്ങിയവ ഇതില്‍പ്പെടുന്നു. നമ്മുടെ രാജ്യം മൊത്തത്തിലും വ്യവസായവല്ക്കരണത്തിന്റെ പേരില്‍ നിരവധി സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന വികസന ഭ്രാന്തും ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ട മലനിരകളെപ്പോലുള്ള സംരക്ഷിത പ്രദേശങ്ങളെ സര്‍വ നാശത്തിലേക്കാണ് നയിക്കുക എന്ന് പരിസ്ഥിതി ശാസ്ത്ര വിദഗ്ധന്മാരായ ഡോ. മാധവ് ഗാഡ്ഗലിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്കിയിട്ടുള്ളതുമാണ്. വികസനത്തിന്റെ പേരില്‍ കൂട്ടായ നിലയില്‍ പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണത്തിന് ഇറങ്ങിത്തിരിക്കുന്ന ഭരണാധികാരികള്‍ ഭൂമിയുടെ ഉപരിതലത്തില്‍ ഏല്പിക്കപ്പെടുന്ന ഇക്കോളജിക്കല്‍ ആഘാതങ്ങള്‍ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്യുന്നത്. ഭൂമിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറം ഭാരമാണ് ഇപ്പോള്‍ത്തന്നെ നിലവിലുള്ളത്. ഇത് ഇനിയും വര്‍ധിപ്പിക്കരുത്. ശുദ്ധമായ വായു, ഗുണമേന്മയുള്ള കുടിവെള്ളം, ആരോഗ്യകരമായ ഭക്ഷണ സൗകര്യങ്ങള്‍, പോഷകാഹാരങ്ങളുടെ പരിമിതമായതോതിലുള്ള യോഗ്യതയെങ്കിലും ഉറപ്പാക്കല്‍, പരിമിതമായ സൗകര്യങ്ങളോടുകൂടിയ വാസസ്ഥലങ്ങള്‍, സഞ്ചാര സൗകര്യങ്ങള്‍ തുടങ്ങിയ പ്രകൃതിയുടെ ബാലന്‍സ് തകര്‍ക്കാതെതന്നെ പ്രയോഗത്തിലാക്കാന്‍ കഴിയും; കഴിയണം. പ്രകൃതിയെ വീക്ഷിക്കുന്നത് പരിസ്ഥിതിയുടെയോ സംസ്കാരത്തിന്റെയോ മതത്തിന്റെ തന്നെയോ കാഴ്ചപ്പാടിലൂടെയായാലും പരിസ്ഥിതി സംരക്ഷണമല്ലാതെ മറ്റ് ബദല്‍മാര്‍ഗങ്ങളൊന്നുംതന്നെയില്ല. ഇത്തരമൊരു നയസമീപനത്തിന് സാധ്യതകള്‍ ഏറെയുണ്ട്. എല്ലാം നഷ്ടപ്പെട്ടു എന്നൊരു ധാരണ അസ്ഥാനത്താണ്. പിന്നിട്ട അഞ്ച് പതിറ്റാണ്ടുകള്‍ക്കിടയില്‍ പ്രകൃതി സംരക്ഷണാര്‍ത്ഥം ഒട്ടേറെ കാര്യങ്ങള്‍ നാം ചെയ്തിട്ടുണ്ട്. ജൈവവിഭവ ശേഖരങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അടിത്തറയൊരുക്കുന്നത്. ഇതിലേക്കാണ് 1971 ല്‍ യുനെസ്കോ,‍ വേള്‍ഡ് നെറ്റ്‌വര്‍ക്ക് ഓഫ് ബയോസ്‌ഫിയര്‍ റിസര്‍വ്സ് — ജൈവ ശേഖരമെന്നൊരു ശൃംഖല – ആഗോളതലത്തില്‍ തന്നെ രൂപീകരിച്ചത്.


ഇതുകൂടി വായിക്കാം; സുസ്ഥിര വികസന ലക്ഷ്യങ്ങളും ജൈവവൈവിധ്യ സംരക്ഷണവും


ഇതിന്റെ ലക്ഷ്യം, പ്രകൃതി വിഭവ സംരക്ഷണത്തോടൊപ്പം നിലനില്ക്കുന്ന അധമ സ്ഥായിയായ വികസനവും ഉറപ്പാക്കാന്‍ പ്രകൃതി വിഭവ വിനിയോഗവും വിളക്കിച്ചേര്‍ക്കുന്നതിനനുയോജ്യമായ നിലയില്‍ മനുഷ്യസമൂഹവും പ്രകൃതിയും മുന്നേറാന്‍ കളമൊരുക്കു എന്നായിരുന്നു. ദക്ഷിണേന്ത്യയില്‍ മാത്രം 30 ജൈവവിഭവശേഖര കേന്ദ്രങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിലൊന്ന് നമുക്കേറെയൊന്നും സുപരിചിതമല്ലാത്ത ശ്രീലങ്കയിലെ ഹുരുലു ബയോസ്‌ഫിയര്‍ റിസര്‍ച്ച് ആണ്. 1977ലാണ് ഇത് ശ്രദ്ധാകേന്ദ്രമായത്. ഇവിടെ നിത്യ ഹരിത വനപ്രദേശമെന്ന നിലയില്‍ 25,500 ഹെക്ടര്‍ ഭൂമിയാണുള്ളത്. ഇന്ത്യയിലാണെങ്കില്‍ 2000 ല്‍ യുനെസ്കോ കണ്ടെത്തിയത് തമിഴ്‌നാട്ടിലെ നീല്‍ഗിരീസ് നീല മലനിരകളാണ്. എന്നാല്‍, ഈ മലനിരകള്‍ കര്‍ണാടക കേരള സംസ്ഥാനങ്ങളിലേക്കും ഇപ്പോള്‍, മധ്യപ്രദേശിലെ 12 മേഖലകളിലേക്കും കൂടി നീണ്ടുകിടക്കുകയാണ്. 2020ല്‍ ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടുകളാണ് ഇതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേഷ്യ മൊത്തത്തിലെടുത്താല്‍ കാണാന്‍ കഴിയുക ഇവിടം വൈവിധ്യമാര്‍ന്ന ഇക്കോ വ്യവസ്ഥകളാല്‍ സമ്പന്നമാണെന്നാണ്. ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഒരുമിച്ച് നിന്നാല്‍ സ്ഥായിയായ സാമ്പത്തിക വികസന സാധ്യതകള്‍ അനന്തമായ നിലയിലാണെന്നു വ്യക്തമാകുന്നു. അത്രയേറെ പ്രകൃതിവിഭവങ്ങള്‍ — നദികള്‍, തടാകങ്ങള്‍, വനം പ്രദേശങ്ങള്‍, പര്‍വത നിരകള്‍ — ഈ പ്രദേശമാകെ വ്യാപിച്ചുകിടക്കുകയാണ്. ഇവിടെ രൂപപ്പെട്ടിരിക്കുന്ന ജൈവവിഭവ സമ്പന്നമായ പ്രദേശങ്ങളുടെ വ്യാപ്തിയും ഉയരവും അത്ര ഏറെയാണ്. ഏതാനും ചില മലകളുടെ ഉയരം 8,586 മീറ്ററിലേറെയാണ്. ഓര്‍ക്കിഡുകളും അപൂര്‍വമായ നിരവധി ഔഷധ ചെടികളും ഇവിടെ തഴച്ചുവളരുന്നു. ഇവിടെ അധിവസിക്കുന്നവരുടെ എണ്ണവും കുറവല്ല – 35,000ല്‍പ്പരം. ഇവരുടെ പ്രധാന ജീവിതമാര്‍ഗങ്ങള്‍ കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം, പാല്‍ ഉല്പന്ന നിര്‍മ്മാണവും വില്പനയും കോഴി വളര്‍ത്തല്‍ തുടങ്ങിയവയാണ്. ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ ചെറുരാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയും ചേര്‍ന്നാല്‍ അതിദീര്‍ഘമായൊരു സമുദ്ര തീരപ്രദേശമാണ്. മത്സ്യബന്ധനത്തിനു പുറമെ, വനവിഭവ ശേഖരത്തിലൂടെയും ജനജീവിതം സുഗമമാക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണ് പ്രകൃതി കനിഞ്ഞു നല്കിയിരിക്കുന്നത്. നിരന്തരമായ കടലാക്രമണ ഭീഷണിക്കെതിരെ പ്രതിഷേധമുയര്‍ത്താന്‍ വേണ്ടത്ര കണ്ടല്‍ക്കാടുകള്‍ ഇവിടെ കുറവല്ല. എന്നാല്‍, ജനാധിപത്യപരമായി അധികാരം കയ്യടക്കിയിരിക്കുന്ന തീരദേശ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ വികസന ഭ്രാന്തിന്റെ പേരില്‍ കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വംശനാശത്തിലേക്കാണ് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന വിനാശകരമായ പ്രവണത നാം ഒരിക്കലും തുടരാന്‍ അനുവദിച്ചുകൂടാ.


ഇതുകൂടി വായിക്കാം; ഭൂമിയുടെ ശുദ്ധീകരണശാലകള്‍


ഗുജറാത്ത് മുതല്‍ കേരളം വരെ പരന്നുകിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ നാശം തുല്യവേഗതയിലാണ് സമീപകാലത്ത് നടന്നുവരുന്നതെന്ന യാഥാര്‍ത്ഥ്യവും തമസ്ക്കരിച്ചുകൂടാ. ജനാധിപത്യാവകാശത്തിന്റെ മറവില്‍ പ്രകൃതിക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങള്‍ ഒരിക്കലും അനുവദിക്കരുത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കാലാവസ്ഥാ വ്യതിയാനം തടഞ്ഞുനിര്‍ത്താന്‍ യാതൊന്നും ചെയ്യുക സാധ്യമല്ലെന്ന സാഹചര്യം നിലനില്‍ക്കെ, അതിന്റെ ആഘാതം പരമാവധി പരിമിതപ്പെടുത്താനെങ്കിലും ശ്രമിക്കേണ്ടതാണ്. ഇതിനാവശ്യം വേണ്ടത് യുനെസ്കൊയുടെ സഹായത്തോടെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്ധവിശ്വാസത്തിന്റെ അടിസ്ഥാനമില്ലാത്തവിധം, ഇക്കോ സിസ്റ്റം മാനേജ്മെന്റ് പദ്ധതികള്‍ തയാറാക്കുക എന്നതാണ്. ബയോസ്‌ഫിയര്‍ റിസര്‍വുകള്‍ക്കെല്ലാം ഭൂമിയിലായാലും കടലിലായാലും തീരപ്രദേശങ്ങളിലായാലും അവയ്ക്ക് ആഗോളതല അംഗീകാരമുണ്ട്. ഇവയ്ക്ക് അംഗീകാരം നല്കാന്‍ സര്‍ക്കാരിനു മാത്രമെ അധികാരമുള്ളു. ലോകമാസകലമുള്ള മുഴുവന്‍ രാജ്യങ്ങളിലും ജെെവ വെെവിധ്യ മേഖലകള്‍ ഉണ്ടായിരിക്കണമെന്നില്ല. ചില രാജ്യഭരണകൂടങ്ങള്‍ക്ക് അവ കണ്ടെത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടായിരിക്കില്ല. മറ്റുചിലവയ്ക്കാണെങ്കില്‍ അതു സംബന്ധമായ അറിവില്ലാതിരിക്കുകയൊ, ധനകാര്യ ശേഷി ഇല്ലാതിരിക്കുകയൊ ആയിരിക്കാം പ്രതിബന്ധമായിരിക്കുക. ഏതായാലും ഏതു രാജ്യമായാലും ഭാവിസുരക്ഷിതമാക്കുകയാണ് ലക്ഷ്യമെങ്കില്‍ ജെെവസമ്പത്ത് കണ്ടെത്തുകയും അവയുടെ സംരക്ഷണം ഉറപ്പാക്കുകയും ഒരു സാമ്പത്തിക ബാധ്യതയായി കാണാതെ അത് ഏറ്റെടുത്തേ തീരൂ. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രകൃതിയുമായി സൗഹൃദത്തില്‍ കഴിയാനും പ്രകൃതി വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കുന്നതിലൂടെ മെച്ചപ്പെട്ടൊരു ജീവിതം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താനും അതിലൂടെ സാധ്യമാവുകയും വേണം. മുറ തെറ്റാതെ ഏപ്രില്‍ 22ന് ഭൗമദിനം എന്നതുപോലെ ഓരോ വര്‍ഷവും മേയ് 22ന് ഇന്റര്‍നാഷണല്‍ ഡെ ഫോര്‍ ബയളോജിക്കല്‍ ഡെെവേഴ്സിറ്റി ആചരിച്ചാല്‍ മാത്രം മതിയാവില്ല. ഭൂമിയെയും അതിന്റെ ഭാഗമായ ജെെവവെെവിധ്യത്തെയും സംരക്ഷിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.