ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സിഡിഎസ്)യായി അവരോധിക്കപ്പെട്ടു. കര, നാവിക, വ്യോമസേനകളുടെ പ്രവർത്തനം ഏകോപിപ്പിക്കലും പ്രതിരോധ സേനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിരോധ മന്ത്രിയേയും കേന്ദ്രസർക്കാരിനെയും ഉപദേശിക്കുക എന്നിവയായിരിക്കും സിഡിഎസിന്റെ ചുമതല എന്ന് വിലയിരുത്തപ്പെടുന്നു. ഒരു ദശകത്തിന് മുമ്പ് കാർഗിൽ യുദ്ധത്തെ തുടർന്നാണ് സിഡിഎസ് എന്ന ആവശ്യം ഉയർന്നുവന്നത്. ഇന്ത്യയെപ്പോലെ കടുത്ത സുരക്ഷാ ഭീഷണിയും യുദ്ധാന്തരീക്ഷവും വിപുലമായ അതിർത്തിയുമുള്ള ഒരു വലിയ രാഷ്ട്രത്തിനും പ്രതിരോധസേനയ്ക്കും സിഡിഎസ് എന്ന പദവി അസ്വാഭാവികമല്ല. എന്നാൽ ഇപ്പോഴത്തെ നിയമനം മോഡിസർക്കാരിന്റെ നാളിതുവരെയുള്ള വിവിധ നടപടികൾ എന്നപോലെ വിവാദങ്ങൾക്കും ആശങ്കകൾക്കും കാരണമായതിൽ അത്ഭുതപ്പെടേണ്ടതില്ല. ബിപിൻ റാവത്തിന്റെ കരസേനാ മേധാവി എന്ന നിലയിലുള്ള പ്രകടനവും സ്വയം സൃഷ്ടിച്ച പ്രതിച്ഛായയുമാണ് അതിനു കാരണം. സൈനിക മേധാവി എന്ന നിലയിൽ പ്രതിരോധരംഗത്ത് അദ്ദേഹത്തിന്റെ പ്രകടനത്തെക്കാളേറെ രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനും പൗരാവകാശങ്ങളടക്കം ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കാനും അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിലായിരിക്കും റാവത്ത് ചരിത്രത്തിൽ സ്ഥാനം പിടിക്കുക. മൂന്ന് സേനാവിഭാഗങ്ങളുടെ കൂടുതൽ ഉറ്റ ഏകോപനമാണ് നിയമനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതത്രെ. എന്നാൽ, ജനതയുടെ ഐക്യം തകർക്കുന്നതിലും പ്രതിരോധ സേനാവിഭാഗങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഉലച്ചിൽ സൃഷ്ടിക്കുന്നതിലും റാവത്തിന്റെ സംഭാവനകൾ വിസ്മരിച്ചുകൂടാ. പുതിയ അധികാരലബ്ധിയോടെ സമചിത്തത, നീതിബോധം, മനുഷ്യാവകാശങ്ങൾ, മതനിരപേക്ഷത, ഭരണഘടനാധിഷ്ഠിത ജനാധിപത്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയണം.
അയൽരാജ്യങ്ങളടക്കം ലോകത്തെമ്പാടും നവസ്വതന്ത്ര രാഷ്ട്രങ്ങൾ പലതും പട്ടാളഭരണത്തിൽ അമരുന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് നിരത്താനാവും. അതിൽ നിന്ന് വിഭിന്നമായി സൈന്യവും പൊതുസമൂഹവും പരസ്പര ബഹുമാനത്തോടെ ഏഴുപതിറ്റാണ്ട് പിന്നിട്ടതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം. അതിന്റെ മുഖ്യകാരണം ഇന്ത്യൻ പ്രതിരോധ സേനാവിഭാഗങ്ങൾ ഭരണഘടനയോടും മതേതര ജനാധിപത്യ മൂല്യങ്ങളോടും പുലർത്തിപ്പോന്ന പ്രതിബദ്ധതയാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് ദൂരം പാലിക്കുക എന്ന ഭരണഘടനാപരമായ ആ മര്യാദ ആവർത്തിച്ച് പരസ്യമായും ലംഘിക്കപ്പെട്ടിരിക്കുന്നു. അതിന് തുടക്കംകുറിച്ചത് ബിപിൻ റാവത്താണ്. മോഡി ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവർത്തിക്കാനുള്ള സന്നദ്ധതയ്ക്കുള്ള പാരിതോഷികമായി റാവത്തിന്റെ സ്ഥാനലബ്ധിയെ ആരെങ്കിലും നോക്കിക്കണ്ടാൽ അവരെ കുറ്റപ്പെടുത്താനാവില്ല. വർഗീയതയും മതവിദ്വേഷവും ജാതിവിവേചനവും ഇന്ത്യൻ പ്രതിരോധ സേനയെ കളങ്കപ്പെടുത്താൻ അനുവദിക്കുകയെന്നത് ആത്മഹത്യാപരമായിരിക്കും. കേന്ദ്ര ഭരണകൂടത്തെ നയിക്കുന്നവർ വിദ്വേഷത്തിന്റെയും പകയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ്. ബ്യൂറോക്രസിയിലും നീതിന്യായ സംവിധാനത്തിലും പൊലീസ് സേനയിലും ഇതിനകം നിലയുറപ്പിച്ച വിഭജനത്തിന്റെ പ്രത്യയശാസ്ത്രം നമ്മുടെ പ്രതിരോധ സേനയിൽ കടന്നുകൂടാൻ അനുവദിച്ചുകൂട. നിലവിൽ സൈനിക തന്ത്രങ്ങൾക്ക് രൂപം നൽകുന്ന ജനാധിപത്യ സംവിധാനങ്ങൾ, ആയുധ സമാഹരണ സംവിധാനങ്ങൾ എന്നിവയിലെല്ലാം മാറ്റം വന്നേക്കാമെന്ന സൂചനകളാണ് പുതിയ നിയമനത്തോടെ പുറത്തുവരുന്നത്. അവയ്ക്കുമേൽ പൗരസമൂഹത്തിന്റെ ജാഗ്രതാപൂർവമായ നിരീക്ഷണവും കരുതലും ബിപിൻ റാവത്തിന്റെ നിയമനം അനിവാര്യമാക്കുന്നു.
പ്രതിരോധ സേനാവിഭാഗങ്ങളെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാനുസാരികളാക്കി മാറ്റാൻ നടത്തുന്ന നീക്കങ്ങൾ നിശിതമായി ചെറുക്കാൻ ജനാധിപത്യ സമൂഹം ജാഗ്രത പുലർത്തണം. ആഭ്യന്തര രാഷ്ട്രീയം കൂടുതൽ കൂടുതൽ കലുഷിതമാകുന്ന സാഹചര്യത്തിൽ പ്രതിരോധസേനയെ രാജ്യത്തിനുള്ളിലും അതിർത്തികളിലും സാഹസിക പ്രവൃത്തികൾക്ക് നിയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കാലാകാലങ്ങളിലായി ഭരണവർഗം അത്തരം പ്രലോഭനങ്ങൾക്ക് വംശവദമാകുന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ആവർത്തനം ഇന്ത്യക്ക് വിനാശകരമായിരിക്കും. സേനാ ആവശ്യങ്ങൾക്കായുള്ള ആയുധ സമാഹരണം മിക്കപ്പോഴും അഴിമതിയുടെ വിളനിലമായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ജനാധിപത്യപരവും സുതാര്യവുമായേ ആയുധസമാഹരണം നടക്കൂവെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾക്ക് കഴിയണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പ്രതിരോധ സേനകൾ ദൈനംദിന രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പാലിച്ചിരുന്ന അകലം അപ്രത്യക്ഷമാകുന്നുവെന്ന തോന്നൽ ശക്തമാണ്. ഒരു ഭരണഘടനാധിഷ്ഠിത മതേതര ജനാധിപത്യരാഷ്ട്രത്തെ ആശങ്കപ്പെടുത്തുന്ന അന്തരീക്ഷമാണ് ബിപിൻ റാവത്തിന്റെ നിയമനത്തോടെ സംജാതമായിരിക്കുന്നത്. അത് അകറ്റാൻ സിഡിഎസിനും ഭരണകൂടത്തിനും കഴിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.