ബീര്‍ബലിന്റെ ബുദ്ധി

Web Desk
Posted on May 05, 2019, 8:49 am

സന്തോഷ് പ്രിയന്‍

അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയും കൊട്ടാരം സദസ്യനുമായിരുന്ന ബീര്‍ബലിനെകുറിച്ച് കുട്ടികള്‍ കേട്ടിരിക്കുമല്ലൊ. ഏത് വിഷമം പിടിച്ച പ്രശ്‌നത്തിനും നീതിപൂര്‍വ്വമായ പരിഹാരം കണ്ടെത്തി ചക്രവര്‍ത്തിയെ ദുര്‍ഘട ഘട്ടത്തില്‍നിന്നും രക്ഷിക്കുന്ന ബീര്‍ബലിനോട് അദ്ദേഹത്തിന് വളരെ മതിപ്പായിരുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ബീര്‍ബലിനോട് അസൂയയും വിദ്വേഷവും ഉള്ളവര്‍ കൊട്ടാരത്തിലുണ്ടായിരുന്നു. അവര്‍ എങ്ങനെയെങ്കിലും ബീര്‍ബലിനെ ചക്രവര്‍ത്തിയുടെ അപ്രീതിക്ക് പാത്രമാക്കാന്‍ അവസരം കാത്ത് കഴിയുകയായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു പൊട്ടക്കണ്ണന്‍ അബ്ദുള്‍ കരീം. നീചനും ദുരാഗ്രഹിയുമായ കരീമിന്റെ മനസ് ബീര്‍ബലിന് നല്ലതുപോലെ അറിയാം. പലതവണ അവരുടെ കെണിയില്‍നിന്നും അവരെ വെട്ടിലാക്കി തന്ത്രപൂര്‍വ്വം രക്ഷപെട്ടിട്ടുള്ളതും ബീര്‍ബല്‍ ഓര്‍ക്കും.
ഒരുദിവസം ബീര്‍ബല്‍ വെറ്റില മുറുക്കി വെളിയിലേക്കു തുപ്പിയപ്പോള്‍ കൊട്ടാരത്തിലെ മനോഹരമായ മാര്‍ബിള്‍തൂണില്‍ അല്പം വീണു. ഇതു കണ്ട് പൊട്ടക്കണ്ണന്‍ അബ്ദുള്‍ കരീം ചക്രവര്‍ത്തിയോട് പോയി രഹസ്യമായി പറഞ്ഞു.
കൊട്ടാരത്തിലെ മാര്‍ബിള്‍തൂണുകള്‍ തുപ്പി അലങ്കോലമാക്കിയെന്നറിഞ്ഞപ്പോള്‍ ചക്രവര്‍ത്തിക്ക് വല്ലാത്ത ദേഷ്യം തോന്നി. അദ്ദേഹം ബീര്‍ബലിനെ ഉടന്‍ വരുത്തി പറഞ്ഞു.
‘മേലില്‍ ഇതുപോലുള്ള പ്രവര്‍ത്തി ആവര്‍ത്തിക്കരുത്. ഉപയോഗശൂന്യമായ സ്ഥലത്ത് മാത്രമേ തുപ്പാവൂ.’
ചക്രവര്‍ത്തിയുടെ ഉത്തരവ് ബീര്‍ബല്‍ സമ്മതിച്ചു. ഇതിന്റെ പിന്നില്‍ ആ അബ്ദുള്‍കരീമാണെന്ന് ബീര്‍ബലിന് മനസിലായി. അയാളെ ഒരു പാഠം പഠിപ്പിക്കാന്‍ ബീര്‍ബല്‍ തീരുമാനിച്ചു.
അടുത്തദിവസം ബീര്‍ബല്‍ വെറ്റിലയും മുറുക്കി കൊട്ടാരത്തിലെ വരാന്തയില്‍കൂടി നടന്നുവരികയായിരുന്നു. അപ്പോള്‍ അതാ എതിരേ വരുന്നു അബ്ദുള്‍കരീം. ബീര്‍ബല്‍ പിന്നെ വൈകിയില്ല. കരീമിന്റെ പൊട്ടക്കണ്ണിലേക്ക് ഒരു തുപ്പുകൊടുത്തു. മുഖമാകെ ചായം വീണപോലെ വികൃതമായി. കരഞ്ഞുകൊണ്ടയാള്‍ ചക്രവര്‍ത്തിസദസിലേക്ക് നീങ്ങി. ഈ രംഗം കാണുമ്പോള്‍ ചക്രവര്‍ത്തി തീര്‍ച്ചയായും ബീര്‍ബലിനെ ശിക്ഷിക്കും എന്നയാള്‍ സന്തോഷിച്ചു.
സദസിലെത്തിയ അബ്ദുള്‍കരീം കാര്യം ചക്രവര്‍ത്തിയെ ബോധിപ്പിച്ചു. കോപിഷ്ഠനായ അദ്ദേഹം ഉടന്‍ തന്നെ ബീര്‍ബലിനെ വിളിപ്പിച്ച് കരീമിന്റെ മുഖത്ത് തുപ്പുവാനുണ്ടായ കാരണം തിരക്കി. അപ്പോള്‍ ബീര്‍ബല്‍ ശാന്തനായി പറഞ്ഞു. ‘പ്രഭോ.…ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഉപയോഗശൂന്യമായ സ്ഥലത്ത് മാത്രമേ തുപ്പാവൂ എന്ന് അങ്ങ് എന്നെ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയത് മറക്കാനിടയില്ലല്ലോ. ഞാന്‍ അത്രയും മാത്രമേ ചെയ്തിട്ടുള്ളു. കരീമിന്റെ പൊട്ടക്കണ്ണുകൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമാണ് പ്രഭോ ഉള്ളത്.?’
ബീര്‍ബലിന്റെ മറുപടി കേട്ട് സദസ്യരൊന്നടങ്കം പൊട്ടിച്ചിരിച്ചു. അക്ബര്‍ ചക്രവര്‍ത്തി ചിരിയടക്കാന്‍ നന്നേ പാടുപെട്ടു. പൊട്ടക്കണ്ണന്‍ അബ്ദുള്‍കരീമാകട്ടെ ഇളിഭ്യനായി സ്ഥലംവിടുകയും ചെയ്തു.