കൊത്തിക്കൊത്തി മരംകൊത്തി

Web Desk
Posted on November 14, 2017, 7:37 am

നനശീകരണം മൂലം ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണ് മരംകൊത്തി. പിസിഫോംസ് എന്ന പക്ഷി ഗോത്രത്തിലെ പിസിനേ ശാഖയില്‍പ്പെട്ട പക്ഷികളാണ് മരം കൊത്തികള്‍ എന്നറിയപ്പെടുന്നത്. ആഹാരരീതികളുടെ പ്രത്യേകതകൊണ്ടാണ് ഇവയ്ക്ക് മരംകൊത്തികള്‍ എന്ന പേര് വീണത്. മരങ്ങളില്‍ കാണുന്ന ചെറുവണ്ടുകളും ഉറുമ്പുകളും കീടങ്ങളും പുഴുക്കളുമാണ് ഇവയുടെ പ്രധാന ആഹാരം. ഇതിനായി ഇവര്‍ മരങ്ങളില്‍ കൊക്ക് കൊണ്ട് കൊത്തികൊത്തിയാണ് ആഹാരം കഴിക്കുന്നത്. ചില ഇനം പഴങ്ങളും വിത്തുകളും ഇവയുടെ ആഹാരത്തില്‍പ്പെടും.
ഈ ആഹാരരീതിക്ക് ഇണങ്ങുന്ന കൂര്‍ത്തചുണ്ടാണ് മരം കൊത്തികള്‍ക്കുള്ളത്. ഉളിപോലെ മൂര്‍ച്ഛയേറിയ ചുണ്ടുകളുപയോഗിച്ച് വൃക്ഷങ്ങളുടെ പുറംപാളികള്‍ കൊത്തിപ്പൊളിച്ചാണ് ഇവ സാധാരണയായി ഇരതേടുക. മരപ്പൊത്തുകളില്‍ നിന്നും ഇരകളെ വലിച്ചെടുക്കാന്‍ സാഹയിക്കുന്ന നീണ്ട നാക്കാണ് മരംകൊത്തികളുടെ മറ്റൊരു പ്രത്യേകത. നാക്ക് പശപോലെയുളള ദ്രാവകത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കും. എന്നാല്‍ തത്തകള്‍, കുയില്‍വര്‍ഗങ്ങള്‍ എന്നിവയെപ്പോലെ മരംകൊത്തികളുടെ കാലുകളില്‍ ഈ രണ്ടു വിരലുകള്‍ വീതം മുന്നിലേക്കും പിറകിലേക്കുമായാണ് കാണപ്പെടുന്നത്. മരത്തില്‍ ശക്തിയോടെ കൊത്തുമ്പോള്‍ നിലയുറപ്പിക്കാനും മരങ്ങളില്‍ പ്രയാസമില്ലാതെ കയറാനും ഈ പാദങ്ങള്‍ സഹായകമാകുന്നു.
ഓസ്‌ട്രേലിയ, മഡഗാസ്‌കര്‍, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളൊഴികെ ലോകത്തെല്ലായിടത്തും മരംകൊത്തികളെ കാണാം. ലോകത്താകെ നൂറ്റമ്പതോളം ഇനം മരം കൊത്തികളുണ്ട്. വനങ്ങളും മരങ്ങളേറെയുള്ള പ്രദേശങ്ങളുമാണ് ഇവയുടെ ആവാസകേന്ദ്രം. നാലു മുതല്‍ 11 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്.
15 സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള പിഗ്മി മരം കൊത്തിയാണ് ഏറ്റവും ചെറുത്. വലിയ ഇനങ്ങളായ ഇമ്പീരിയല്‍ മരം കൊത്തി (600 ഗ്രാം തൂക്കം, 58 സെന്റീമീറ്റര്‍ നീളം) ഐവറി ബില്‍ഡ് മരം കൊത്തി (500 ഗ്രാം, 50 സെന്റീമീറ്റര്‍) എന്നിവ അന്യം നിന്നുപോയി. ഭൂമുഖത്ത് നിലവിലുളള മരംകൊത്തികളില്‍ ഏറ്റവും വലുത് തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ഗ്രെയ്റ്റ് സ്ലേറ്റി മരംകൊത്തിയാണ്.
മരംകൊത്തികള്‍ അവയുടെ കൂട് കേട്‌വന്ന മരങ്ങളിലാണ് ഒരുക്കുക. ചിലവ പ്രജനനകാലത്ത് മണ്ണില്‍ കുഴികളുണ്ടാക്കും. മിക്ക ഇനങ്ങളും ഒരു സീസണില്‍ ഒരു തവണ മാത്രമേ കൂടൊരുക്കാറുള്ളു. ആണ്‍കിളികളാണ് സാധാരണയായി മരപ്പൊത്തുകളുണ്ടാക്കാന്‍ കൂടുതല്‍ അധ്വാനിക്കുന്നത്. ഒരു മാസത്തോളമെടുക്കും ഇത്തരമൊരു പൊത്തുണ്ടാക്കാന്‍. ഒരു കൂട്ടില്‍ രണ്ട് മുതല്‍ അഞ്ചുവരെ മുട്ടകള്‍ കാണും. പെണ്‍ കിളികളും ആണ്‍കിളികളും മാറിമാറി അടയിരിക്കന്നു. ആണ്‍കിളികള്‍ മിക്കവാറും രാത്രികാലങ്ങളിലാണ് അടയിരിക്കുന്നത്. 11 മുതല്‍ 14 ദിവസം വരെയെടുക്കും മുട്ട വിരിയാന്‍. 18–30 ദിവസങ്ങളോടെ കുഞ്ഞിക്കിളികള്‍ കൂടുപേക്ഷിക്കാന്‍ പ്രാപ്തമാകുന്നു. പ്രജനനത്തിനുശേഷം മരംകൊത്തികള്‍ ഉപേക്ഷിക്കുന്ന പൊത്തുകള്‍ മറ്റു കിളികള്‍ താവളമാക്കാറുണ്ട്.
നാട്ടുമരം കൊത്തി, കാക്കമരംകൊത്തി, ചിത്രാംഗദന്‍ മരംകൊത്തി, ത്രിയംഗുലി മരംകൊത്തി, മഞ്ഞപ്പിടലിമരം കൊത്തി, വലിയ പൊന്നിമരംകൊത്തി, ചെമ്പന്‍ മരംകൊത്തി, പാണ്ടന്‍ പൊന്നി മരംകൊത്തി, മറാട്ടാമരം കൊത്തി, മരംകൊത്തിച്ചിന്നന്‍, തണ്ടാന്‍ മരംകൊത്തി, മഞ്ഞക്കാഞ്ചി മരംകൊത്തി എന്നിവയാണ് കേരളത്തിലെ മരംകൊത്തികള്‍.