കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് മാർച്ച് 31 നകം നഷ്ടപരിഹാരം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. പക്ഷിപ്പനി നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴിക്ക് ഒന്നിന് 100 രൂപയും ഇതിന് മുകളിൽ പ്രായമുള്ള കോഴിക്ക് ഒന്നിന് 200 രൂപയും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നൽകുക. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് പ്രത്യേക നിയന്ത്രണ പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടേക്ക് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോവാനോ പാടില്ല. ഈ പ്രദേശങ്ങളിലെ കോഴിക്കടകൾ അടച്ചിടുന്നത് തുടരും. 10 കിലോമീറ്റർ ചുറ്റളവിൽ നിലവിൽ കടകളിൽ സൂക്ഷിച്ച കോഴികളെ വിൽപന നടത്താം.
അരുമ പക്ഷികളെ നശിപ്പിച്ച ഇനത്തിൽ ഉടമകൾക്ക് നിലവിലുള്ള നിരക്കിൽ നഷ്ടപരിഹാരം നൽകും. ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് പക്ഷിപ്പനി പടരാതെ നിയന്ത്രിക്കാൻ സാധിച്ചു. പരിശോധന നടത്തിയ കേന്ദ്ര സംഘം പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്ന സാഹചര്യം ഇല്ലെങ്കിലും നിയന്ത്രണങ്ങൾ തുടരും. 14 ദിവസം ഇടവിട്ട് സാമ്പിളുകൾ ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. ഇത് മൂന്നു മാസം വരെ തുടരും. മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കൂ. ഒരു മാസം കഴിഞ്ഞ് ഇക്കാര്യത്തിൽ വീണ്ടും അവലോകന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്. രോഗം ശ്രദ്ധയയിൽപ്പെട്ടയുടനെ കോഴിക്കോട്, കണ്ണൂർ ലാബുകളിൽ പ്രാഥമിക പരിശോധന നടത്തി. ഇതിൽത്തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സാമ്പിൾ ഭോപ്പാലിലെ ലാബിലേക്ക് വിശദ പരിശോധനയ്ക്ക് അയച്ചത്. രോഗം ശ്രദ്ധയിൽപ്പെട്ട പ്രദേശങ്ങളെ പ്രത്യേക നിയന്ത്രണ മേഖലയായി കണക്കാക്കിയാണ് പക്ഷിപ്പനി നിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഒരു കിലോമീറ്റർ പരിധിയിലെ പക്ഷികളെയാണ് നശിപ്പിച്ചത്. ഇതിനായി വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെട്ട 24 സ്ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. 6307 പക്ഷികളേയും 3100 മുട്ടകളുമാണ് നശിപ്പിച്ചത്. 517.1 കിലോഗ്രാം കോഴിത്തീറ്റയും നശിപ്പിച്ചു. പ്രദേശത്തെ രണ്ട് ഫാമുകളിലായി 2000 കോഴികളും നേരത്തെ ചത്തൊടുങ്ങിയിരുന്നു. മുമ്പ് ദേശാടനപക്ഷികളിലൂടെയായിരുന്നു രോഗം പടർന്നത്. ഇത്തവണത്തെ രോഗകാരണം സംബന്ധിച്ച് അന്തിമ അഭിപ്രായം പറയാനായിട്ടില്ല. കോഴിക്കോട് ജില്ലയ്ക്കു പുറമെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടേയും നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കലക്ടർ സാംബശിവറാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം കെ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
English Summary; bird flu compensation; minister k raju response
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.