Web Desk

ആലപ്പുഴ

January 20, 2021, 12:28 pm

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ജാഗ്രതാ നിർദ്ദേശം

Janayugom Online

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.  കൈനകരിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം വന്നതോടെയാണ് വൈറസ് രോഗബാധയെന്ന് ഉറപ്പിച്ചത്.

പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കളളിങ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് പ്രദേശത്ത് നിന്നും നശിപ്പിച്ചത്. രോഗബാധ ആലപ്പുഴയിലെ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H‑5 N‑8എന്ന വൈറസ് രോഗം കണ്ടെത്തിയത്.

പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് 10അംഗ റാപ്പിഡ് റസ്പോണ്‍സ് ടീം രൂപവത്കരിച്ചു. ഒരു വെറ്ററിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും. വെറ്ററിനറി ഡോക്ടറായിരിക്കും സംഘത്തലവന്‍. രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, ഒരു റവന്യൂ ഉദ്യോഗസ്ഥന്‍, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രണ്ട് പണിക്കാര്‍ എന്നിവരുള്‍പ്പെട്ടതാണ് ആര്‍.ആര്‍.ടി. ഒരു ദിവസം കൊണ്ട് കള്ളിങ് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പി.പി.ഇ കിറ്റ് ഉള്‍പ്പടെ ധരിച്ച് മാനദണ്ഡപ്രകാരമായിരിക്കും പക്ഷികളെ നശിപ്പിക്കുന്നത്. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ ‍ നിലവിലുണ്ട്. കോഴികള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്ന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കത്തിക്കും. ഇതിനാവശ്യമായ വിറക്, ഡീസല്‍, പഞ്ചസ്സാര തുടങ്ങിയ സാമഗ്രികള്‍ കൈനകരി പഞ്ചായത്ത് നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡിന്റെയും പക്ഷിപ്പനിക്കെതിരെയും പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ എത്തിയ സംഘമാണ് മുന്നറിയിപ്പ് നല്‍കിയത്

Eng­lish summary:bird flu con­firmed in Alapuzha

You may also like this video: