ആകാശ കസര്‍ത്തുകളുടെ രാജകുമാരി

Web Desk
Posted on July 16, 2019, 9:18 am

മുണ്ടന്‍ മരംകൊത്തി

mUNDAN MARAMKOTHY
(Brown-capped pygmy wood­peck­er)
ശാസ്ത്രീയനാമം-Dendrocapos moluc­cen­si

കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരിനം ചെറിയ മരംകൊത്തിയാണ് മുണ്ടന്‍ മരംകൊത്തി. ഇതിന്റെ മുകള്‍ ഭാഗം വെളുത്ത വരകളും പാടുകളോടും കൂടിയ ഇരുണ്ടതവിട്ട് നിറത്തിലായിരിക്കും. അടിഭാഗത്ത് നേരിയ മഞ്ഞകലര്‍ന്ന വെള്ളനിറവും തവിട്ട് നിറത്തിലുള്ള അവ്യക്തമായ വരകളും കാണപ്പെടും. പിന്‍ കഴുത്തിലേക്ക് വ്യാപിക്കുന്ന കണ്‍പുരികവും വാലിന്റെ മധ്യഭാഗത്തുള്ള പുള്ളികളും വെള്ളനിറത്തില്‍ കാണപ്പെടും. കണ്ണിന്റെ ഭാഗത്തും കടുത്ത തവിട്ട് പട്ട കാണാം. ചെറിയ കൂര്‍ത്ത കടുത്ത ചാരനിറത്തിലുള്ള കൊക്കും വിളറിയ ചാരനിറത്തിലുള്ള ചെറിയ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. കേരളത്തില്‍ വയനാടും കോഴിക്കോടുമാണ് ഇവയെ കണ്ടുവരുന്നത്. വൃക്ഷനിബിഡമായ പ്രദേശങ്ങളിലും കാടുകളിലും തോട്ടങ്ങളിലും ഇവയെ കണ്ടുവരുന്നു. സാധാരണ മറ്റ് മരംകൊത്തികളെപ്പോലെ കീടങ്ങളാണ് ഇഷ്ടാഹാരമെങ്കിലും ഇടയ്ക്ക് ലഭ്യത അനുസരിച്ച് തേനും പഴവര്‍ഗങ്ങളും ഭക്ഷണമാക്കാറുണ്ട്.

വെള്ളക്കണ്ണിക്കുരുവി

vELLAKKANI

(Ori­en­tal white eye)
ശാസ്ത്രീയനാമം ‑Zos­terops palpe­brossu

കേരളത്തില്‍ കണ്ടുവരുന്ന ഒരിനം ചെറിയ പക്ഷിയാണ് വെള്ളക്കണ്ണിക്കുരുവി. പച്ച കലര്‍ന്നതും തിളങ്ങുന്നതുമായ മഞ്ഞനിറവുമാണ് ഇതിന്റെ ശരീരവര്‍ണ പ്രകൃതം. കണ്ണുകള്‍ക്ക് ചുറ്റും വെള്ളനിറത്തിലുള്ള ഒരു വലയം പ്രകടമാണ്. ഇതുകാരണമാണ് വെള്ളക്കണ്ണിക്കുരുവി എന്ന പേരു വന്നതും. നേര്‍ത്ത കൊക്കിന്റെ അറ്റം അല്‍പം താഴേയ്ക്ക് വളഞ്ഞതും കൂര്‍ത്തതുമായിരിക്കും. ധാരാളം വൃക്ഷങ്ങളുള്ളയിടത്ത് ചെറുകൂട്ടമായും തനിച്ചും വെള്ളക്കണ്ണിക്കുരുവികളെ കാണാം. പൂര്‍ണമായും വൃക്ഷങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവ ഇലകളിലൂടെ നീങ്ങുന്ന ചിലന്തികളെയും കീടങ്ങളെയുമാണ് ഭക്ഷണമാക്കുന്നത്. ചില അവസരങ്ങളില്‍ പഴവര്‍ഗങ്ങളുടെ മൃദുവായ ഭാഗവും പൂക്കളിലെ തേനും ഭക്ഷിക്കാറുണ്ട്. പൂവുകളില്‍ തേന്‍ അന്വേഷിച്ചിറങ്ങുന്ന വെള്ളക്കണ്ണിക്കുരുവികള്‍ പരാഗണത്തിനും വഴിയൊരുക്കാറുണ്ട്. പറക്കുന്ന നേരങ്ങളില്‍ അത്യാവശ്യം ആകാശ കസര്‍ത്തുകളും കാണിക്കാന്‍ ഇവര്‍ മിടുക്കരാണ്. പറക്കുന്ന വേളകളില്‍ ചില ഹുങ്കാരശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഇക്കാലത്ത് ആണ്‍ പക്ഷികള്‍ ഹൃദ്യമായ ഒരു നാദം പുറപ്പെടുവിക്കുന്നു. മനുഷ്യവാസമേഖലകളിലേക്ക് കടന്നുചെല്ലാന്‍ മടിക്കാണിക്കാത്ത ഇവ ചെറുനാരുകള്‍ കൊണ്ട് കപ്പിന്റെ ആകൃതിയില്‍ മെനഞ്ഞെടുക്കുന്ന കൂടിന്റെ പുറത്ത് ചിലന്തിവലകൊണ്ട് അലങ്കരിക്കുകയും ചെയ്യും. ചെറുമരത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പില്‍ തൊട്ടില്‍പോലെ തൂങ്ങിക്കിടക്കും വിധമാണ് കൂടുകള്‍ ഉണ്ടാക്കുക. സാധാരണ മൂന്ന് മുട്ടകളാണ് കാണപ്പെടുന്നത്. മങ്ങിയ നീലനിറമുള്ള മുട്ടകളായിരിക്കും. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് പ്രജനനകാലം. ഇണപ്പക്ഷികള്‍ ഒരുമിച്ചാണ് കൂടുകള്‍ സംരക്ഷിക്കുന്നത്.

bird watching

bird watch­ing