Tuesday
22 Oct 2019

പ്രജനന സമയത്ത് നിറം മാറുന്ന പക്ഷിയേതെന്നറിയാമോ?

By: Web Desk | Monday 16 September 2019 9:21 AM IST


തെറ്റിക്കൊക്കന്‍
(Whimbrel)ശാസ്ത്രീയനാമം Numenius Phaeopsu

കേരളത്തില്‍ കണ്ടുവരുന്ന ഒരിനം നീര്‍പ്പക്ഷിയാണ് തെറ്റിക്കൊക്കന്‍.ഇവയുടെ മുകള്‍ഭാഗം വിളറിയതും കടുത്തതുമായ തവിട്ട് നിറത്തിന്റെയും വെള്ളനിറത്തിന്റെയും മിശ്രണത്തില്‍ മങ്ങിയ വെളുത്തനിറത്തിലുള്ള പുളളികളോടും വരകളോടും കാണപ്പെടും. അടിഭാഗത്ത് വിളറിയ വെള്ളനിറത്തില്‍ നേരിയ തവിട്ട് നിറത്തിലുളള പുള്ളികളും ഉണ്ടാകും. ചാരനിറത്തിലാണ് കാലുകള്‍. ചിറകിന്റെ അറ്റം കടുത്ത തവിട്ട് നിറത്തിലായിരിക്കും. പറക്കുന്ന വേളയില്‍ മുകള്‍ഭാഗത്ത് ‘വി’ (ഇംഗ്ലീഷ് അക്ഷരം) ആകൃതിയില്‍ വെള്ളനിറം തെളിഞ്ഞുകാണാം. ചിറകിന്റെ അടിഭാഗവും വെള്ളനിറത്തിലായിരിക്കും. ഇവയുടെ മൂര്‍ധാവിലും കണ്ണിന്റെ ഇരു കോണുകളിലും ഇരുണ്ട പാടുണ്ടാകും. കറുത്ത് നീളമുള്ളതും അറ്റം താഴേക്ക് വളഞ്ഞതുമായ കൊക്കിന്റെ കടഭാഗത്ത് കീഴ്‌കൊക്കിന് നേരിയ ചുവപ്പ് നിറവും കാണാം. ഇത് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന സവിശേഷതകളാണ്. കടല്‍ത്തീരങ്ങളിലും അഴിമുഖങ്ങളിലും വയലേലകളിലും ചതുപ്പിലുമൊക്കെ ആഹാരം തേടി രണ്ടില്‍ കൂടുതലുള്ള സംഘമായി ഇവയെ കാണാം.

tHETTIKOKKAN

ആണ്‍-പെണ്‍ പക്ഷികള്‍ക്ക് കാഴ്ചയില്‍ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകാറില്ല. ചെറുപ്രാണികളും ഞണ്ടുകളും, കക്ക തുടങ്ങിയവയൊക്കെയാണ് ഇവയുടെ ഇഷ്ടാഹാരം. ആഹാരം തേടിയുള്ള അലച്ചിലില്‍ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ചതുപ്പിലെ ചെറിയ കുഴിയില്‍ ഇലകള്‍ നിരത്തിയാണ് കൂടൊരുക്കുന്നത്. സാധാരണ അഞ്ചു മുട്ടകള്‍വരെ ഉണ്ടാകാറുണ്ട്. മങ്ങിയ മഞ്ഞ നിറത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള മുട്ടകളില്‍ തവിട്ട് നിറത്തിലുള്ള പുള്ളികളും ഉണ്ടാകും. നാല് ആഴ്ചയ്ക്കുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരും. ഇണപ്പക്ഷികള്‍ മാറിമാറിയാണ് അടയിരിക്കുന്നത്. കുഞ്ഞുങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇരതേടാന്‍ ഇണപ്പക്ഷികള്‍ പഠിപ്പിക്കുന്നു.

റോസ്‌മൈന (കരിന്തോപ്പിക്കാളി)
(Rosy starling)ശാസ്ത്രീയനാമം Pastor rosesu

കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്ന ഒരിനം ചെറിയ പക്ഷിയാണ് റോസ്‌മൈന അഥവാ കരിന്തോപ്പിക്കാളി. ഇവയുടെ ദേഹം ആകെക്കൂടി മങ്ങിയ തവിട്ട് നിറത്തിലായിരിക്കും. എന്നാല്‍ പ്രജനനകാലമാകുമ്പോള്‍ ഇവയുടെ തലയ്ക്കും കഴുത്തിനും തൊണ്ടയ്ക്കും നെഞ്ചിന് മുകള്‍ ഭാഗത്തും തിളക്കമുള്ള കറുപ്പ് നിറം പ്രകടമാകുന്നു. തലയില്‍ ഒരു ശിഖയും രൂപപ്പെടും.

rOSE MYNA

ചിറകുകള്‍ക്ക് ഇരുണ്ട തവിട്ട് നിറം കൈവരുന്നു. വാലിന് നേരിയ നീല കലര്‍ന്ന തിളക്കമുള്ള പച്ചനിറം പ്രകടമാകും. മേല്‍മുതുകിന്റെ അടിഭാഗത്ത് നേരിയ ചെമ്പന്‍ നിറം പ്രകടമാകും. പൊതുവെ വലിയ കൂട്ടമായിട്ടായിരിക്കും ഇവയെ കാണപ്പെടുന്നത്. ഗ്രാമങ്ങളിലെ വൈദ്യുത കമ്പികളില്‍ വലിയ കൂട്ടമായി തന്നെ നിരന്നിരിക്കുന്നത് കാണാം. പറക്കുമ്പോഴും വലിയ കൂട്ടമായിട്ടായിരിക്കും. പ്രാണികളും കീടങ്ങളുമാണ് ഇവയുടെ ഇഷ്ടാഹാരം. എന്നാല്‍ പഴവര്‍ഗങ്ങളും കായ്കനികളും തേനും ഇവ ഇഷ്ടാഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. വലിയ സംഘമായിട്ടായിരിക്കും ഇവ കൂടൊരുക്കുന്നത്. അനുയോജ്യമായ സ്ഥലത്ത് കൂടൊരുക്കുന്ന ഇവയ്ക്ക് സാധാരണയായി നാല് മുട്ടകള്‍ വരെ ഉണ്ടാകാറുണ്ട്.

മേനിപൊന്മാന്‍

(Oriental dwarf kingfisher ,Black-backed Dwarf Kingfisher)
ശാസ്ത്രീയനാമം Ceyx erithaca

കേരളത്തിലെ പശ്ചിമഘട്ട മേഖലയോട് ചേര്‍ന്നുള്ള വനമേഖലകളില്‍ കണ്ടുവരുന്ന ഒരിനം മീന്‍കൊത്തിയാണ് മേനിപൊന്മാന്‍. തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ കൃത്യമായിട്ടുള്ള ഇടവേളകളില്‍ ഇവയെ കാണാന്‍ കഴിയും. മേനിപൊന്മാന്റെ മേനി തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ഇവയുടെ മുകള്‍ ഭാഗം തിളക്കമുള്ള കടുത്ത തവിട്ട് നിറത്തിലും അതില്‍ കടുത്ത നീല നിറവും ഉണ്ടായിരിക്കും. അരപ്പട്ടയിലും വാലിന്റെ മേല്‍മൂടിയിലും മൂര്‍ദ്ധാവിലും വയലറ്റ് നിറം പ്രകടമായിരിക്കും. കൊക്കിനും കാലുകള്‍ക്കും ഓറഞ്ച് നിറമായിരിക്കും. നെറ്റിയിലും കണ്ണിനു താഴെയും അടിഭാഗവും തിളക്കമുള്ള മഞ്ഞനിറത്തിലായിരിക്കും. കൊക്കിന്റെ അടിഭാഗം വെള്ളനിറത്തിലായിരിക്കും.

mENIPONMAN

വാലിന്റെ അറ്റത്തും തലയുടെ മുകള്‍ ഭാഗത്തും ഓറഞ്ച് നിറം പ്രകടമായിരിക്കും. ബഹുവര്‍ണമേനിയുളള ഇവ ചെറിയ പ്രാണികള്‍, പല്ലികള്‍, ഒച്ചുകള്‍, ചീവീട് എന്നിവയൊക്കെയാണ് ഭക്ഷണമാക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ പ്രജനനകാലം ജൂണ്‍മാസത്തിന്റെ അവസാനത്തിലായിരിക്കും. മണ്‍തിട്ടകളില്‍ വലിയ നീളത്തില്‍ തുരങ്കമുണ്ടാക്കി അതിനുള്ളിലായിരിക്കും മേനിപൊന്മാന്‍ മുട്ടയിടുന്നത്. ഒരു മീറ്ററില്‍ കുറയാതെ നീളമുള്ള കൂട്ടില്‍ സാധാരണ നാലുവരെ മുട്ടകള്‍ ഉണ്ടാകാറുണ്ട്. ഇണപ്പക്ഷികള്‍ മാറി മാറി അടയിരിക്കും. പതിനാറ് മുതല്‍ പത്തൊന്‍പതു ദിവസത്തെ അടയിരിപ്പിന് ശേഷമാണ് മുട്ടകള്‍ വിരിയുന്നത്. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെയും കൂടിന്റെയും സംരക്ഷണം ഇണപ്പക്ഷികള്‍ തുല്യ പങ്കാളിത്തത്തോടെയാണ് ഏറ്റെടുക്കുന്നത്.

ചെറിയ കടല്‍കാക്ക

(Black headed gull)ശാസ്ത്രീയനാമം Chroicocephalus ridibundsu

കേരളത്തില്‍ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് ചെറിയ കടല്‍കാക്ക. ദേശാടനസ്വഭാവമുള്ള ഈ പക്ഷി ആകെക്കൂടി വെള്ള നിറത്തിലായിരിക്കും. ഇതിന്റെ ചെവിത്തടത്തില്‍ ഇരുണ്ട പാട് കാണപ്പെടുന്നു. ശരീരത്തിന്റെ ഇരുവശത്തും ചാരനിറം പ്രകടമായിരിക്കും. വാലിനോളം നീളം വരുന്ന ചിറകുകളുടെ അറ്റം കറുപ്പ് നിറത്തില്‍ കാണപ്പെടുന്നു. ചുവന്ന നിറത്തിലായിരിക്കും കാലുകളും, കൊക്കും. കൊക്കിന്റെ അഗ്രം കറുപ്പ് നിറത്തിലും കണ്‍പോളകള്‍ മങ്ങിയ തവിട്ട് നിറത്തിലുമായിരിക്കും. പ്രജനനകാലമാകുന്നതോടെ ഇവയുടെ തലയ്ക്ക് ഇരുണ്ട തവിട്ടുനിറം പ്രകടമാകുന്നതോടൊപ്പം കൊക്ക് കറുപ്പ് കലര്‍ന്ന ചുവപ്പ് നിറത്തിലാകും. വലിയ കടല്‍കാക്കയെക്കാലും അല്‍പം വലിപ്പം കുറഞ്ഞവയാണ് ചെറിയ കടല്‍കാക്കകള്‍. തീരപ്രദേശത്തും അഴിമുഖങ്ങളിലും നദീതീരത്തുമൊക്കെ ആഹാരം തേടി ഒറ്റയ്‌ക്കോ ചെറിയ കൂട്ടമായിട്ടോ ഇവയെ കാണാന്‍ സാധിക്കും.

Cheriyakadal kakka

ആഹാരം തേടിയുള്ള അലച്ചിലില്‍ നേരിയ ഒരു ശബ്ദം പുറപ്പെടുവിക്കും. കാക്കയുടേതിന് സാമ്യമുള്ളതാണെങ്കിലും അല്‍പം നേര്‍ത്തതായിരിക്കും ഇവയുടെ കുറുകല്‍ ശബ്ദം. ചെറിയ മത്സ്യങ്ങള്‍, മണ്ണിര, കീടങ്ങള്‍ ചിലയിനം പുല്‍വിത്തുകള്‍ തുടങ്ങിയവയാണ് ഇഷ്ടാഹാരങ്ങള്‍. പ്രജനനകാലമാരംഭത്തില്‍ തന്നെ കൂടൊരുക്കേണ്ട സ്ഥലം ഇവ കണ്ടെത്തിയിരിക്കും. വലിയ കൂട്ടമായിട്ടാണ് ഇവയുടെ കൂടൊരുക്കുന്നത്. ജലാശയത്തിനോട് ചേര്‍ന്നുള്ള അനുയോജ്യമായ സ്ഥലത്താണ് ഇവ കൂടൊരുക്കല്‍. ചുള്ളിക്കമ്പുകളും നാരുകളും പാഴ്‌വസ്തുക്കളും നിരത്തി അതിനുള്ളിലാണ് ഇവ മുട്ടയിടുന്നത്. സാധാരണ മൂന്നുവരെ മുട്ടകള്‍ ഉണ്ടാകാറുണ്ട്. ദീര്‍ഘവൃത്താകൃതിയിലുള്ള മുട്ടകളുടെ ഒരു ഭാഗം കൂമ്പിച്ചായിരിക്കും. നേരിയ മഞ്ഞനിറമുള്ള മുട്ടകളില്‍ തവിട്ട് നിറത്തിലുള്ള പുള്ളികളും കാണപ്പെടുന്നു.

bird watching