19 April 2024, Friday

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഇടനിലക്കാരനെ കണ്ടെത്തി; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

Janayugom Webdesk
കൊച്ചി
February 8, 2023 10:12 pm

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി. എറണാകുളത്തെ സംഗീത ട്രൂപ്പിലെ അംഗമാണ് ദമ്പതികളെ സഹായിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വൈകാതെ പൊലീസ് ഇയാളുടെ മൊഴിയെടുക്കും. കളമശേരി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നടന്ന നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മാണവും തൃക്കാക്കര എസിപിയാണ് അന്വേഷിക്കുന്നത്.

മെഡിക്കൽ കോളജ് ജീവനക്കാരൻ അനിൽകുമാറാണ് കേസിലെ പ്രതി. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നഗരസഭാ ജീവനക്കാരി രഹ്നയ്ക്കെതിരെയും കേസുണ്ട്. അനിൽ കുമാറിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകൾ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതും അടക്കം സങ്കീർണമായ നിരവധി തട്ടിപ്പുകൾ കളമശേരി സംഭവത്തിലുണ്ട്. ഇതോടെയാണ് കുട്ടിയെ ദത്തെടുക്കുന്നതിന് ദമ്പതികളെ സഹായിച്ച ഇടനിലക്കാരനെ സംബന്ധിച്ചും അന്വഷണം നടത്തുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി അനിൽകുമാറും കുട്ടിയെ ദത്തെടുത്ത അനൂപും തമ്മിൽ കാണുന്ന ദൃശ്യങ്ങളാണിത്. കളമശേരി മെഡിക്കൽ കോളജിൽവെച്ചായിരുന്നു കൂടിക്കാഴ്ച. വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കാൻ ഇക്കഴിഞ്ഞ ജനുവരി 31നാണ് അനൂപ് ആശുപത്രിയിലെത്തിയത്. ഐപി നമ്പറിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് രഹ്ന പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിയമവിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്ന് സിഡബ്ല്യുസി കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: kala­massery med­ical col­lege birth cer­tifi­cate controversy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.