ബുധനൂരിന്റെ മുത്തശ്ശി 107ന്റെ നിറവില്‍

Web Desk
Posted on October 03, 2018, 9:49 pm
മാന്നാര്‍: ആയിരം പൂര്‍ണചന്ദ്രനെ കണ്ട പി നാണിയമ്മ 107ന്റെ നിറവിലാണ്. ബുധനൂര്‍ പഞ്ചയാത്ത് പെരിങ്ങിലിപ്പുറം 8-ാം വാര്‍ഡില്‍ ഉളുന്തിയില്‍ ശങ്കരവിലാസത്തില്‍ പരേതനായ പി വാസുദേവന്‍പിള്ളയുടെ ഭാര്യയാണ് നാണിയമ്മ. 1911 ജൂലൈ 10ന് മിഥുനമാസത്തില്‍ കായംകുളം പുല്ലുകുളങ്ങര ഏലയ്ക്കല്‍ വീട്ടില്‍ ജനിച്ച പി നാണിയമ്മ മക്കളുടെയും മരുമക്കളുടെയും, പേരക്കുട്ടികളുടെയും സ്‌നേഹ പരിലാളനകള്‍ ഏറ്റ് ഇന്നും ചിട്ടയോടെ ജീവിക്കുന്നു. പഴയ അഞ്ചാം ക്ലാസുകാരിയായ നാണിയമ്മയ്ക്ക് പകല്‍ ഉറക്കവും രാത്രിയില്‍ നാമജപവുമാണ്.
കാഴ്ചകുറവും, മുട്ടുവേദനയും മുത്തശ്ശിയെ വല്ലാതെ അലട്ടുന്നുണ്ടെങ്കിലും ഇന്നുകാണുന്ന രോഗങ്ങള്‍ ഒന്നും തന്നെ മുത്തശ്ശിയെ സ്പര്‍ശിച്ചിട്ടില്ലെന്നുള്ളതാണ് സത്യം. ഇതോടോപ്പം ചെങ്ങന്നൂര്‍ കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വാളന്റിയര്‍മാര്‍ വീട്ടിലെത്തി മുത്തശ്ശിയെ പരിചരിച്ച് ആവശ്യമായ മരുന്നും ഗുളികകളും നല്‍കുന്നുണ്ട്. ഏറെ സംസാര പ്രിയയായ മുത്തശ്ശിയെ ആരെങ്കിലും കാണുവാന്‍ വീട്ടില്‍ വന്നാല്‍ അവരോട് കാര്യങ്ങള്‍ പറയുകയും വീട്ടില്‍ ഉള്ളവരുടെ വിശേഷങ്ങള്‍ തിരക്കുകയും ചെയ്യുക പതിവാണ് കട്ടിലില്‍ നിന്നും എഴുന്നേറ്റ് മുകളില്‍ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ പിടിച്ചാണ് എഴുന്നല്‍ക്കുന്നത്. ഈസമയം മകന്‍ അരികിലെത്തി ഊന്ന് വടി അമ്മയുടെ കൈകളില്‍ പിടിപ്പിക്കും. നല്ല ഓര്‍മ ശക്തിയുടെ ഉറവിടമാണ് ഈ മുത്തശ്ശി.
കൃഷിക്കാരനായ ഭര്‍ത്താവിന്റെ മരണശേഷം പുഞ്ച കൃഷിയും, കരകൃഷിയും, പശുക്കളുടെ പരിപാലനം, വീട്ടുജോലികള്‍ ഉള്‍പ്പെടെ നാണിയമ്മയുടെ ചുമലിലായി. പ്രായം ഏറിയതോടെ ഇതെല്ലാം ഏറ്റെടുത്ത് നടത്താന്‍ പ്രയാസമായതിനെ തുടര്‍ന്ന് ഇരുകാട് പുഞ്ചയിലെ പത്തുപറ നിലം വിറ്റു. കര്‍മനിരതമായ ഈ ജീവിതം നൂറ്റി ഏഴില്‍ എത്തുമ്പോള്‍ ഇനിയും ഏറെക്കാലം ജീവിക്കണമെന്നമോഹവും മുത്തശ്ശിക്കുണ്ട്. ദിവസവും രാവിലെ ചൂടുവെള്ളത്തില്‍ കുളിക്കണം. പിന്നീട് ഉദയവും, അസ്തമയവും കണ്ടിരിക്കണമെന്ന നിര്‍ബന്ധവും മുത്തശ്ശിക്കുണ്ട്. രണ്ട് മക്കളാണ് മുത്തശ്ശിക്ക് ഉള്ളത്. ശിവാനന്ദപിള്ളയും, കോമളവല്ലിയമ്മയുമാണ് മക്കള്‍. അമ്മയുടെ പരിപാലനം ശിവാനന്ദനും ഭാര്യ ചന്ദ്രികയുമാണ് നടത്തുന്നത്. രാവിലത്തെ ലഘുഭക്ഷണമാണ് രാത്രിയിലും നല്‍കുന്നത്. ഉച്ചയ്ക്ക് ആഹാരം മിക്കപ്പോഴും നല്‍കാറില്ല. ദഹനക്കുറവാണ് പ്രശ്‌നം. ബിസ്‌ക്കറ്റും വെള്ളവും ധാരാളമായി നല്‍കും. അമ്മയുടെ ഇഷ്ടാനുഷ്ടങ്ങള്‍ അനുസരിച്ചുള്ള പരിചരണമാണ് ഇരുവരും നല്‍കുന്നത്.