Web Desk

December 25, 2019, 12:08 am

ഒരു വിപ്ലവകാരിയുടെ ജന്മദിനം

Janayugom Online
യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രോപൊലീത്ത
നൂറ്റാണ്ടുകൾക്ക് മുൻപ് നടന്നതാണ്; ഇന്നത്തെ ഇസ്രായേൽ, പണ്ട് യഹൂദാ എന്ന് അറിയപ്പെട്ടിരുന്ന മലനാട്ടിൽ ബേദലഹേം എന്ന ചെറിയ പട്ടണത്തിൽ നടന്ന സംഭവം. അമ്മ മേരി, വളർത്തച്ഛൻ ജോസഫ്. തികച്ചും ദരിദ്രവും പ്രാകൃതവുമായ ഇടത്ത്, വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ ഇടയന്മാർ കണ്ടെത്തിയിരുന്ന ഗുഹകളിൽ ഒന്നിൽ ആണ്, ക്രിസ്തു, രക്ഷകൻ, ദൈവപുത്രൻ എന്നൊക്കെ വിശ്വാസികൾ വിളിക്കുന്ന, യേശു ജനിച്ചത്. മറ്റുള്ളവർ ഇങ്ങനെ ഒക്കെയാണ് വിളിച്ചത് എങ്കിലും ‘മനുഷ്യ പുത്രൻ’ എന്നേ സ്വയമായി ഇദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളൂ. സെൻസസ് രേഖയിൽ പേര് ചേർക്കാനാണ് ജോസഫും ഗർഭിണിയായ മേരിയും അവിടെ വന്നത്. തങ്ങളുടെ തൊഴിൽ പ്രമാണിച്ച് ജോസഫ് നസറേത്തിലാണ് താമസിച്ചിരുന്നെങ്കിലും ഗോത്രനാടായ ബദലഹേമിൽ വരികയായിരുന്നു. അവിടെ വച്ചാണ് മേരി പ്രസവിക്കുന്നത്. ബൈബിൾ സാക്ഷ്യമനുസരിച്ച് അടുത്തുണ്ടായിരുന്ന ആട്ടിടയരും പിന്നെ ദൂരദേശത്തുനിന്നും മൂന്ന് ജ്ഞാനികളും ഈ ശിശുവിനെ കാണാനെത്തി. മാലാഖമാർ ജനനവിവരം ഘോഷിച്ചു എന്നും ബൈബിൾ പറയുന്നു. ഈ ശിശു തനിക്കും തന്റെ അധികാരത്തിനും ഭീഷണി ആകാം എന്ന ധാരണയിൽ, കുട്ടിയെ പ്രത്യേകമായി കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ, രണ്ടു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളയാൻ ചക്രവർത്തി ഹെരോദാ കല്പനയായി. ഇതറിഞ്ഞ ജോസഫ് മേരിയേയും കുട്ടിയെയും കൂട്ടി കുറേക്കാലം ഈജിപ്തിൽ ഒളിച്ച് താമസിച്ചു. തിരികെ വന്ന് നസറേത്തിൽ താമസമുറപ്പിച്ചു. ഇത്രയും കാര്യം ഇന്ന് പൊതുവെ ക്രിസ്തുമസ്സിനോടനുബന്ധിച്ച് കേട്ടിട്ടുള്ളതോ വായിച്ചിട്ടുള്ളതോ ആയ കാര്യങ്ങളാണ്.  എന്നാൽ അടുത്ത മൂന്ന് പതിറ്റാണ്ടുകളിൽ ആരും ഈ ശിശുവിനെ അന്വേഷിച്ചില്ല.
മുപ്പതാം വയസ്സു മുതലാണ് യേശു പൊതുജനമദ്ധ്യത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. തന്റെ സമീപനം, പ്രസംഗം, പ്രവൃത്തി എന്നിവയിലൂടെ യേശു തികച്ചും ഒരു വിവാദമനുഷ്യനായിട്ടാണ് തുടർന്നുള്ള മൂന്നു വർഷം ജീവിച്ചത്. ആ ജീവിതമാണ് ഈ ജന്മദിനാഘോഷങ്ങൾക്കു മുകളിലായി നാം ശ്രദ്ധിക്കേണ്ടത്. ജനിച്ചതെവിടെ എന്നല്ല, എത്രകാലം ജീവിച്ചു എന്നല്ല, ജനിച്ചയാൾ എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. വളരെ വ്യക്തമായ നിലപാടുള്ള ജീവിതമായിരുന്നു നസറാതുകാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട യേശുവിന്റേത്. അദ്ദേഹം അത് തന്റെ ഇടവക പള്ളിയിലെ പ്രഥമ പ്രസംഗദിവസം തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
ഇസ്രായേലിന്റെ സ്ഥിതിസമത്വത്തിന്റെ പ്രവാചകന്മാരായിരുന്ന എട്ടാം നൂറ്റാണ്ടിലെ പ്രവാചക പാരമ്പര്യത്തിൽപ്പെട്ട മൂന്നാം യെശ്ശയ്യാവിന്റെ പ്രഖ്യാപനമാണ് (യെശ്ശയ്യാവിന്റെത് എന്ന വിധത്തിൽ അറിയപ്പെടുന്ന ബൈബിളിലെ പ്രവാചക ഗ്രന്ഥം മൂന്ന് പേരുടെതാണ്. അതിൽ മൂന്നാമത്തെത് 56 മുതൽ 66 വരെ അദ്ധ്യായങ്ങളിൽ ഉള്ളതാണ്. ഇത് ആറ്, അഞ്ച് നൂറ്റാണ്ടുകളിലേത് എന്ന് കരുതപ്പെടുന്നു) അവൻ വായിച്ചത് എന്ന് ബൈബിളിലെ മൂന്നാം സുവിശേഷ കർത്താവായ ലൂക്കോസ് അറിയിക്കുന്നു. ”,വ്യഥ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ, അടിമകൾക്ക് മോചനം അറിയിക്കാൻ, യഹോവയുടെ ജൂബിലി വർഷം പ്രഖ്യാപിക്കാൻ, ശക്തിഹീനരോട് സദ്വാർത്ത പ്രസംഗിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു” എന്നായിരുന്നു ആ പ്രഖ്യാപനം.
ബാബിലോണിലെ അടിമത്തത്തിൽ നിന്നും സൈറസ് എന്ന പേർഷ്യൻ രാജാവിന്റെ ഔദാര്യത്തിൽ ഉടുതുണി മാത്രമായി, എന്നാൽ സ്വന്തം നാടും ദൈവാലയവും പുനഃനിർമ്മിക്കാം എന്ന സ്വപ്നവുമായി ജറുസലേമിൽ മടങ്ങിവന്നവരുടെ ഇടയിലേക്കാണ് പട്ടിണി, അയൽക്കാരുടെ എതിർപ്പ്, ഭരണാധികാരികളുടെ ദയവില്ലായ്മ എന്നിവകൊണ്ട് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകില്ല, ഒരിക്കലും തങ്ങൾ വിമോചിതരാവില്ല എന്ന് ചിന്തിച്ച് നിരാശരായ ജനത്തോടാണ്, പ്രവാചകൻ പ്രതീക്ഷയുടെ പ്രഖ്യാപനം നടത്തിയത്. പക്ഷെ പുതിയ സാഹചര്യത്തിലും അതുതന്നെ സന്ദേശമാകും എന്ന് യേശു തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ‘ഇന്ന് നിങ്ങൾ ഈ പ്രഖ്യാപനം ശ്രദ്ധിക്കുമെങ്കിൽ ഈ പ്രവചനത്തിന് നിവർത്തി വന്നിരിക്കുന്നു’ എന്ന് അവൻ പറഞ്ഞത്.   1947 ൽ ബ്രിട്ടീഷ്  സാമ്രാജ്യത്തിനെതിരെ  പോരാടി നേടിയ സ്വാതന്ത്യ്രം,  നാം ഇന്ന് നേരിടുന്ന  വെല്ലുവിളികളെ ക്രിയാത്മകമായി നേരിട്ട് തുടർ അനുഭവമാക്കാൻ, ഏത് പ്രവാചകനാണാവോ  സ്വാതന്ത്യ്രത്തിന്റെ  പ്രഖ്യാപനവുമായി  ഉദയം ചെയ്യുക  എന്നന്വേഷിക്കുന്നവരുണ്ടാകാം. യേശുവിന്റെ ജീവിതകാലത്തെ  സാമ്രാജ്യത്വവാദികളുടെ  ഭാവങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമല്ലാത്ത വാദഗതികൾ കൊണ്ട് മനുഷ്യനെ  അടിമത്വത്തിന്റെ പുതുതടവറകളിൽ അടക്കികിടത്തുന്ന അവസ്ഥ  ഇന്നും നിലനിൽക്കുന്നു.   കള്ള പ്രവാചകന്മാർ നിറഞ്ഞാടുന്ന ഇക്കാലത്ത് ഏതെങ്കിലും ഇനി വരാനിരിക്കുന്ന പ്രവാചകനുവേണ്ടി കാത്തിരിക്കണമോ അതോ നമ്മെത്തന്നെ മനുഷ്യസന്തതിയായി തിരിച്ചറിഞ്ഞ് പ്രതികരണത്തിന്റെ പുതുശക്തി ആർജ്ജിക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം.
  മനുഷ്യവിമോചനത്തിന് ഊർജ്ജം പകർന്നവരുടെ പിൻഗാമികളാകാൻ എന്തുകൊണ്ട് നമുക്കാകില്ല എന്ന ചോദ്യവും ഇതൊടൊന്നിച്ച് ഉന്നയിക്കാം. മനുഷ്യൻ തന്റെതന്നെ സ്വാഭാവിക ചോതനയിൽ വിശ്വസിച്ചുകൊണ്ട് കാലികമായ ഒരു സ്വാതന്ത്യ്രപ്രഖ്യാപനം നടത്തുകയല്ലേ കരണീയമായിട്ടുള്ളത് എന്നാണ് മനുഷ്യപുത്രനായി ജനിച്ച് ജീവിച്ച യേശുവിന്റെ ചോദ്യം. യഹൂദാ മതം ഉയർത്തിക്കെട്ടിയ അതിർവരമ്പുകൾക്ക് അപ്പുറത്തേക്ക് കടന്നപ്പോഴാണ്, സ്വയം മനുഷ്യസന്തതി എന്ന് വിശേഷിപ്പിച്ച, അവൻ ശരിക്കും വിമോചകനായ ദൈവപുത്രൻ എന്ന് വിശേഷിക്കപ്പെട്ടത്. ഇതാണ് മനുഷ്യപുത്രനായി ജനിച്ച് ജീവിച്ച യേശുവിന്റെ ജന്മദിനസന്ദേശം. മനുഷ്യമക്കളായ നമുക്ക് ദൈവമക്കൾ എന്ന് വിളിക്കപ്പെടാൻ ഇന്നത്തെ ലോകം കെട്ടിഉയർത്തുന്ന വേലികളെ നിഷേധിക്കേണ്ടതുണ്ട്. യേശുവിന് തന്റെ കർത്തവ്യനിർവ്വഹണ യാത്രയിൽ സഹകാരികളായി ലഭിച്ചത് പാർശ്വവൽക്കരിക്കപ്പെട്ടവരും സ്ത്രീകളും, പാപികൾ എന്ന് മുദ്രകുത്തപ്പെട്ടവരും, തൊട്ടും തീണ്ടിയും കൂടാത്തവരും ഒക്കെ ആയിരുന്നു.
സവർണ ഹിന്ദുത്വത്തിന്റെ വേലിക്കെട്ടിനെ ദൃഢമാക്കാൻ മറ്റെല്ലാ വിഭാഗങ്ങളെയും പുറത്താക്കാം അവരുടെ അവകാശങ്ങളെ നിഷേധിക്കാം ശ്രമിക്കുന്ന ഇക്കാലത്ത് ഈ ജന്മദിനത്തിന്റെ സന്ദേശത്തിന് കാലിക പ്രസക്തിയുണ്ട്. അതിന്റെ കർമ്മരൂപം കണ്ടെത്താൻ ഇനിയും ഒരാൾ ജനിക്കും എന്ന പ്രതീക്ഷയല്ല “ഞാൻ വന്നിരിക്കുന്നു” എന്ന ദൃഢപ്രഖ്യാപനമാണ് മനുഷ്യ സന്തതികളായ നമ്മിൽനിന്നും ഉണ്ടാകേണ്ടത്. അതിന് ശബ്ദമില്ലാത്തവരും, പർശ്വവൽക്കരിക്കപ്പെട്ടവരും നമുക്ക് സഹകാരികളാകേണ്ടതുണ്ട്, അവരെ ചേർത്തുനിർത്തിക്കൊണ്ട് ഈ വിമോചനയാത്ര നമുക്ക് നടത്താം.