ജനലക്ഷങ്ങളെ ദുരിതത്തിലാഴ്ത്തി ജന്മദിനാഘോഷം

Web Desk
Posted on September 18, 2019, 11:17 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 69-ാം ജന്മദിനാഘോഷം മധ്യപ്രദേശിലെ 192 ഗ്രാമങ്ങളിലെ മൂന്നുലക്ഷത്തില്‍പരം ജനങ്ങളെ വഴിയാധാരമാക്കി. നര്‍മ്മദാ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ജലനിരപ്പ് 138.68 മീറ്ററായി ഉയര്‍ത്തിയതോടെയാണ് മധ്യപ്രദേശിലെ ധര്‍, ബര്‍വാനി, അലിരാജ്പൂര്‍ എന്നീ ജില്ലകളിലെ മോഡിയുടെ ജന്മദിനാഘോഷം ജനങ്ങള്‍ക്ക് ദുരന്തമായി മാറിയത്. ജലനിരപ്പ് അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷിയായി ഉയര്‍ത്തുന്നതിന് നിശ്ചയിച്ചതിനും പ്രഖ്യാപിച്ചിരുന്നതിനും വിരുദ്ധമായി നേരത്തേകൂട്ടി ഉയര്‍ത്തുകയാണ് ഉണ്ടായതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാല ബച്ചന്‍ പറഞ്ഞു. ഒക്‌ടോബര്‍ 15നെ അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയര്‍ത്തുവെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് സെപ്റ്റംബര്‍ 30 ആയി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാല്‍ മോഡിയുടെ ജന്മദിനം സെപ്റ്റംബര്‍ 17 ‘നമാമി നര്‍മ്മദ’ എന്ന പേരില്‍ ഉത്സവസമാനമായി ആഘോഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 56 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഡാമിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഡാമുകള്‍ വികസനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പ്രതീകങ്ങളായി കരുതപ്പെട്ടിരുന്ന കാലത്തായിരുന്നു അത്. എന്നാല്‍ ഡാമുകള്‍, പ്രത്യേകിച്ചും വന്‍കിട ഡാമുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, അതുമൂലമുണ്ടാവുന്ന സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളും നഷ്ടങ്ങളും എന്നിവയെ സംബന്ധിച്ച താരതമ്യ പഠനങ്ങള്‍, ഡാമുകള്‍ മൂലം തലമുറകളായി തങ്ങള്‍ ജീവിച്ചുവരുന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റിയുള്ള അവബോധം വേറിട്ടു ചിന്തിക്കാന്‍ ജനങ്ങളെയും ഭരണകൂടങ്ങളെയും നിര്‍ബന്ധിതമാക്കി. സര്‍ദാര്‍ സരോവര്‍ ഡാം സംബന്ധിച്ച് ഇതുവരെ ലോകബാങ്ക്, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വതന്ത്ര സംഘടനകള്‍ എന്നിവ നടത്തിയ പഠനങ്ങള്‍ എല്ലാം തന്നെ അതിന്റെ പ്രയോജനത്തെപ്പറ്റിയും പദ്ധതി പൂര്‍ത്തിയായാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഒട്ടുംതന്നെ പ്രോത്സാഹജനകമായ റിപ്പോര്‍ട്ടുകളല്ല പുറത്തുവിട്ടിട്ടുള്ളത്. അത്തരം ഒരു പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ മുഖ്യ കാരണം നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ഒരുപറ്റം രാഷ്ട്രീയ നേതാക്കളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും തന്‍പ്രമാണിത്ത പ്രകടന തല്‍പരതയും അല്ലാതെ മറ്റൊന്നുമല്ല.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരെ സമരം നയിക്കുന്ന നര്‍മ്മദാ ബചാവോ ആന്തോളന്‍ ഡാമിന്റെ ജലസംഭരണ ശേഷി 122 മീറ്ററായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടു പോന്നിട്ടുള്ളത്. സുപ്രീം കോടതി മറ്റു പല വിഷയങ്ങളിലുമെന്നപോലെ, പ്രശ്‌നത്തിന്റെ ഇരകളാവുന്ന ജനങ്ങളുടെ ദുരിതങ്ങളും പരിസ്ഥിതി നാശവും അര്‍ഹമായ രീതിയില്‍ കണക്കിലെടുക്കാതെ, ഡാമിലെ ജലനിരപ്പ് 138.68 മീറ്ററായി ഉയര്‍ത്താന്‍ അനുവദിക്കുകയാണ് ഉണ്ടായത്. പ്രഖ്യാപിത സമയക്രമം പാലിക്കാതെ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിനുവേണ്ടി മുന്‍കൂട്ടി ഡാം നിറയ്ക്കുക വഴി 32,000 കുടുംബങ്ങളെയാണ് അഭയാര്‍ഥികളാക്കി മാറ്റിയിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് ഇപ്പോഴത്തെ തോതില്‍ ഉയര്‍ത്തും മുമ്പ് അതുമൂലം സര്‍വതും നഷ്ടമാകുന്ന ജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. ഡാം നിറച്ച് വിധി നടപ്പാക്കിയവര്‍ പുനരധിവാസത്തിനായി യാതൊന്നും ചെയ്തില്ലെന്ന പരാതി വ്യാപകമാണ്. ഏതെങ്കിലും തരത്തില്‍ പുനരധിവാസത്തിന്റെ ആനുകൂല്യം ലഭിച്ചുവെന്ന് പറയുന്നവര്‍ക്കാകട്ടെ ഉപയോഗ ശൂന്യമായ ഭൂമിയും തൊഴില്‍രാഹിത്യവും മാത്രമാണ് കൈമുതലായിട്ടുള്ളത്. സര്‍ദാര്‍ സരോവര്‍ ഡാം നിറച്ച് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം നടക്കുമ്പോള്‍ ഡാം നിര്‍മ്മാണത്തിനുവേണ്ടി ചെലവഴിച്ച ഭീമമായ തുകയും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ചിത്രവും താരതമ്യം ചെയ്യുന്നതും ഉചിതമായിരിക്കും. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കു പകരം ഭരണ നേതൃത്വത്തിന്റെയും അവരെ നിയന്ത്രിക്കുന്ന ശക്തികളുടെയും രഹസ്യ അജണ്ടകളാണ് യഥാര്‍ഥത്തില്‍ നിറവേറ്റപ്പെടുന്നതെന്ന് വ്യക്തമാവും.
സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ലക്ഷ്യങ്ങള്‍ മഹത്തരമാണ്. ഗുജറാത്തില്‍ 18.45 ലക്ഷവും രാജസ്ഥാനില്‍ 2.46 ലക്ഷവും കൃഷിഭൂമിക്ക് ജലസേചനം. 1450 മെഗാവാട്ട് വൈദ്യുതി, 30,000 ഹെക്ടര്‍ ഭൂമിയില്‍ വെള്ളപ്പൊക്ക പ്രതിരോധം, 76.1 ദശലക്ഷം വൃക്ഷങ്ങള്‍. ആരെയും അത്ഭുതപരതന്ത്രരാക്കുന്ന നേട്ടങ്ങള്‍. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. 1986 ല്‍ ആസൂത്രണ കമ്മിഷന്‍ ഡാമിന്റെ നിര്‍മാണ ചെലവ് 6,400 കോടി രൂപയെന്നാണ് കണക്കാക്കിയിരുന്നത്. 2012 ആവുമ്പോഴേക്കും അത് ഏഴ് ലക്ഷം കോടി രൂപ കവിഞ്ഞിരുന്നു. ഡാമിലെ ജലം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ 30,000 കിലോമീറ്റര്‍ കനാല്‍ ശൃംഖല വേണ്ടതില്‍ 20,000 ത്തില്‍ താഴെ മാത്രമെ ഇതിനകം നിര്‍മ്മിക്കാനായിട്ടുള്ളു. ഇപ്പോള്‍ ഡാം പൂര്‍ണതോതില്‍ നിറയ്ക്കുന്നതിന് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു എന്നാണ് വാര്‍ത്ത. അതിലെല്ലാം ഉപരി ഡാമിലെ ജലത്തിന്റെ സിംഹഭാഗവും കൃഷിക്കുപകരം ഗുജറാത്തിലെ വന്‍കിട വ്യവസായങ്ങള്‍ക്കായാണ് തിരിച്ചുവിടുന്നതെന്ന യാഥാര്‍ഥ്യവും വിസ്മരിച്ചുകൂട. വികസനത്തിന്റെ വളര്‍ച്ചയുടെ പേരില്‍ നാം പടുത്തുയര്‍ത്തുന്നത് പൊങ്ങച്ചത്തിന്റെ വെള്ളാനകളാണോ എന്ന് പരിശോധിക്കാന്‍ രാഷ്ട്രം തയ്യാറാവണം.