ഇറ്റലി എന്ന മനോഹരമായ സ്ഥലത്ത് ഒരു വീട്. എല്ലാവർക്കും ആഗ്രഹമുണ്ടാകും. വീട് സ്വന്തമാക്കാനുള്ള പൈസയുടെ കാര്യം ആലോചിക്കുമ്പോൾ സ്വപ്നങ്ങളെല്ലാം ബാക്കിയാകും. എന്നാൽ വെറും എൺപതു രൂപയ്ക്ക് വീട് വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഇറ്റലിയിലെ ബിസാക്കിയ എന്ന പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്‍സില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് ബിസാക്കിയ. ഇവിടെ ഇവർ വെറും ഒരു യൂറോയ്ക്കാണ് വീട് വിൽക്കാൻ തയ്യാറായി വിനോദസഞ്ചാരികളേയും വില്‍പ്പനക്കാരേയും ക്ഷണിച്ചിരിക്കുന്നത്. അതായത് എൺപത് രൂപയോളം മാത്രം.
ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്‍പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടവും അംഗീകൃത വില്‍പ്പനക്കാരുമാണ് കൈവശം വെച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും കൂട്ടി വീടുകള്‍ വാങ്ങാന്‍ വരൂ എന്നാണ് ബിസാക്കിയ മേയര്‍ ഫ്രാന്‍സെസ്കോ ടാര്‍ട്ടാഗ്ലിയ പറയുന്നത്. എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല്‍ ചെറുതായൊന്നു ഞെട്ടും. അവിടെ താമസിക്കാന്‍ ആളില്ല എന്നതുതന്നെ കാരണം. ഗ്രാമത്തിലുണ്ടായിരുന്നവരെല്ലാം മറ്റിടങ്ങളിലേയ്ക്ക് കുടിയേറിയപ്പോള്‍ ജനങ്ങളില്ലാത്ത ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ മാത്രമുള്ള ഗ്രാമമായി ബിസാക്കിയ മാറുകയായിരുന്നു.
1980കള്‍ മുതല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു. 80 രൂപയ്ക്ക് ഇറ്റലിയില്‍ വീട് എന്നു കേട്ട് ആഡംബര സ്വപ്നങ്ങൾ കണ്ട് ചെല്ലാൻ നിൽക്കേണ്ട. തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ കാരണം മിക്ക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ജീർണ്ണാവസ്ഥയിലായ കെട്ടിടങ്ങള്‍ വാങ്ങുന്നവർ തന്നെ സ്വന്തം ചിലവിൽ ശരിയാക്കണമെന്ന് പ്രത്യേകം പറയുന്നുമുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ ബോണ്ട് സമര്‍പ്പിച്ച് 80 രൂപയ്ക്ക് പക്ഷെ ഈ വീട് സ്വന്തമാക്കാം എന്നുള്ളതാണ് ആകര്‍ഷണീയം. കഴിഞ്ഞ വര്‍ഷം സംബൂക്ക ടൗണിലും സമാനരീതിയില്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. താമസക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് സംബൂക്കയിലും വീടുകള്‍ വിറ്റഴിച്ചത്. വീടുകൾ വാങ്ങാൻ ആരൊക്കെ വരുമെന്നത് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
English Summary: Bisaccia village sale house in one euro.
you may also like this video;