ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Web Desk

ലഖ്‌നൗ

Posted on May 31, 2020, 8:00 pm

ഉത്തര്‍പ്രദേശിൽ ശ്രമിക് ട്രെയിനിലെ യാത്രക്കാരായ അതിഥി തൊഴിലാളികള്‍ക്ക് നേരെ ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കിയ റയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. റയില്‍വേ ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നവരും കുടിയേറ്റത്തൊഴിലാളികള്‍ക്ക് നേരെ ആക്രോശിക്കുന്നതിന്റേയും ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.

പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദ് തുണ്ട്‌ലെ റയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം. ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായ ഡി കെ ദീക്ഷിതിന്റെ നേതൃത്വത്തില്‍ റയില്‍വേ ജീവനക്കാര്‍ ശ്രമിക് ട്രെയിനിലെ അതിഥി തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു.
റയില്‍വേ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് ബിസ്‌ക്കറ്റ് എറിഞ്ഞ് നല്‍കുകയും അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും ചെയ്തു.

ഡികെ ദീക്ഷിതിന്റെ ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് ബിസ്‌ക്കറ്റ് വിതരണമെന്ന് ഒരു റയില്‍വേ ജീവനക്കാരന്‍ പറയുന്നതും വീഡിയോയിലുണ്ട്. സംഭവത്തിന്റെ വീഡിയോ റയില്‍വേ ജീവനക്കാരുടെ ഗ്രൂപ്പില്‍ നിന്ന് പുറത്തായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധമുയര്‍ന്നു.
ഡികെ ദീക്ഷിതിനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് അറിയിച്ച റയില്‍വേ സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:biscuit pack­ets threw towards migrant work­ers in train,officer sus­pend­ed
You may also like this video