24 April 2024, Wednesday

Related news

November 21, 2023
October 6, 2023
July 26, 2022
July 26, 2022
April 3, 2022
January 23, 2022
October 2, 2021
September 15, 2021
September 13, 2021

ഭിന്നിപ്പുണ്ടാക്കാന്‍ ബോധപൂര്‍വശ്രമം; മുതലെടുക്കുന്നവരോട് ജാഗ്രതവേണം — സംയുക്ത പ്രസ്താവനയുമായി സിഎസ്‌ഐ ബിഷപും ഇമാമും

Janayugom Webdesk
കോട്ടയം
September 15, 2021 5:38 pm

മതവിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കാന്‍ പിന്നാമ്പുറങ്ങളില്‍ ബോധപൂര്‍വമായി ശ്രമം നടക്കുന്നുണ്ടെന്ന് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും പറഞ്ഞു. ഇതുവരെ പരിരഷിച്ച് പോയിരുന്ന ഊഷ്മളമായ സ്‌നേഹബന്ധം സാമൂഹ്യ മാധ്യമങ്ങളിലടക്കം അട്ടിമറിക്കപ്പെടുകയാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലായിടത്തും ഉണ്ടാകും. 

അവരുടെ തെറ്റായ ആഹ്വാനങ്ങള്‍ക്ക് ആരും വശപ്പെടരുത്. സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാട്ടണമെന്നും ഇരുവരും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന് പോര്‍വിളിയും സംഘര്‍ഷവും വിദ്വേഷവുമല്ല വേണ്ടത്. സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഉജ്വലമായ പൈതൃകമുള്ള നാടാണിത്. ഏതെങ്കിലും പ്രത്യേക സംഭവമുണ്ടായാല്‍ തകര്‍ന്നുപോകുന്നുവെങ്കില്‍ ഓരോരുത്തരും പുന:പരിശോധന നടത്തണം. സമൂഹത്തിലെ എല്ലാ തെറ്റായ പ്രവണതകളെയും എതിര്‍ക്കേണ്ടതുണ്ട്. ലഹരിക്കടത്ത് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. പക്ഷേ സമൂഹമാകരുത് ശിക്ഷിക്കപ്പെടേണ്ടത്. 

ലൗ ജിഹാദായാലും നാര്‍കോട്ടിക് ജിഹാദായാലും ഉണ്ടോ ഇല്ലെയോന്ന് പറയേണ്ടത് സര്‍ക്കാരാണെന്ന് സിഎസ്‌ഐ ബിഷപ് പറഞ്ഞു. സാമൂഹിക ജീര്‍ണതകളെ മതവത്കരിക്കുന്ന സമീപനം ആശ്വാസ്യമല്ല. സാമൂഹിക തിന്മകളെ മതവത്കരിക്കുമ്പോള്‍ അവയ്‌‌ക്കെതിരെ പ്രവര്‍ത്തിക്കുക എന്ന യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നുള്ള പിന്മാറ്റവും വര്‍ഗീയ ധ്രൂവീകരണവും എന്ന ദുരന്തങ്ങളാണ് സംഭവിക്കുക. പരസ്‌പരം കുറ്റപ്പെടുത്തുന്നതും ആരോപണ — പ്രത്യാരോപണങ്ങള്‍ നടത്തുന്നതും വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ അവസരം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും ഇരുവരും സംയുക്ത പ്രസ്താനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry : bish­op and imam press meet high­lights on polar­i­sa­tion of religions

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.