Monday
18 Feb 2019

കത്തോലിക്കാ സഭ നടത്തുന്ന നഗ്‌നമായ പക്ഷം പിടിക്കല്‍ വിശ്വാസികളില്‍ ഭിന്നിപ്പ് രൂക്ഷമാക്കുന്നു

By: Web Desk | Monday 1 October 2018 10:46 PM IST

ബേബി ആലുവ
കൊച്ചി: സഭാ നേതൃത്വത്തിന്റെ ലൈംഗികാതിക്രമങ്ങളടക്കമുള്ള വിഷയങ്ങളില്‍ കത്തോലിക്കാ സഭ നടത്തുന്ന നഗ്‌നമായ പക്ഷം പിടിക്കല്‍ വിശ്വാസികളില്‍ ഭിന്നിപ്പ് രൂക്ഷമാക്കുന്നു. സഭയോടൊപ്പവും സഭയോടകന്നും എന്ന നിലയില്‍ വിഭാഗീയത പലയിടത്തും രൂപപ്പെട്ടു കഴിഞ്ഞു.
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റിനു ശേഷവും പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന തരത്തിലുള്ള സമീപനമാണ് കത്തോലിക്കാ സഭയില്‍ നിന്നുണ്ടാകുന്നത് എന്ന അഭിപ്രായം ശക്തമാണ്. വിഷയത്തില്‍ ഇപ്പോള്‍ കാണിക്കുന്ന താത്പര്യം, ബിഷപ്പില്‍ നിന്ന് ലൈംഗികാതിക്രമത്തിനിരയായ കന്യാസ്ത്രീ പരാതി ബോധിപ്പിച്ച സമയത്ത് സഭ കാണിച്ചിരുന്നെങ്കില്‍ വിഷയം തെരുവിലേക്കെത്തുമായിരുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് സഭാംഗങ്ങളിലധികവും. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമാണെന്ന ഇന്ത്യന്‍ ബിഷപ്‌സ് കൗണ്‍സിലിന്റെ (സി ബി സി ഐ)യും,ആരോപണത്തിന്റെ പേരില്‍ ബിഷപ്പിനെ അവഹേളിക്കുന്നത് അനീതിയാണെന്ന് കേരള ബിഷപ്‌സ് കൗണ്‍സിലും (കെ സി ബി സി ) പ്രഖ്യാപിച്ചതോടെ, സഭ ബിഷപ്പിന്റെ നിരപരാധിത്വം വ്യക്തമാക്കി കഴിഞ്ഞു എന്നാണ് വിശ്വാസികള്‍ക്കിടയിലെ വിലയിരുത്തല്‍.ഒരു മേലദ്ധ്യക്ഷന്‍ ജയിലില്‍ ബിഷപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍, സഭാ വസ്ത്രം ധരിച്ച കന്യാസ്ത്രീയെ ഒരു ഘട്ടത്തിലും കേള്‍ക്കാന്‍ സഭ തയ്യാറായതുമില്ല.
സമരം നടത്തിയ കന്യാസ്ത്രീകളെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച മാനന്തവാടിരൂപതയിലെ കാരയ്ക്കാമല സെന്റ് മേരീസ് പള്ളി ഇടവകാംഗം സിസ്റ്റര്‍ ലൂസിക്കെതിരായ ശുശ്രൂഷാ വിലക്കിനെ ഇടവകാംഗങ്ങള്‍ ജാഥയായെത്തി പിന്‍വലിപ്പിച്ചതും, അതേ വിഷയത്തില്‍ യാക്കോബായ സഭയിലെ യൂഹാനോന്‍ റമ്പാനെ വിലക്കിയതിനെതിരെ മാതൃഇടവക രംഗത്തെത്തിയതും സഭകളുടെ ചരിത്രത്തിലാദ്യമാണ്. റമ്പാനു പിന്തുണയര്‍പ്പിച്ച ഇടവക യോഗം ഒരു പടി കൂടി കടന്ന് പള്ളി നിയമം നടപ്പാക്കണമെന്ന പ്രമേയവും പാസ്സാക്കി. ക്രിസ്തീയ സഭകളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പള്ളി നിയമം സജീവ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ് സഭാ നവീകരണ പ്രസ്ഥാനങ്ങള്‍. സമരപ്പന്തലിലെത്തിയ കന്യാസ്ത്രീയെ വിലക്കാന്‍ തിടുക്കം കാണിച്ച സഭ, ‘സത്യദീപ’ത്തിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ ഫാ.പോള്‍ തേലക്കാട്ടിനു മുമ്പില്‍ എന്തുകൊണ്ട് മിണ്ടാ വ്രതം തുടരുന്നു എന്ന ചോദ്യവും വിശ്വാസികളില്‍ ശക്തമാണ്. ക്രൈസ്തവ സഭയില്‍ ഒരു പ്രളയമാണ് നടന്നതെന്നും അത് ഒരു മെത്രാന്‍ പാപം ചെയ്തതു കൊണ്ടു മാത്രമല്ല, അറിഞ്ഞോ അറിയാതെയോ മൂടിവയ്ക്കാന്‍ ശ്രമിച്ചതുകൊണ്ടു കൂടിയാണെന്നും ഫാ.തേലക്കാട്ട് ഒരു ലേഖനത്തില്‍ സഭയെ ഓര്‍മ്മിപ്പിച്ചിരുന്നു. സത്യഗ്രഹമനുഷ്ഠിച്ച മിഷനറി ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കാത്തതും വിശ്വാസികളില്‍ നിന്നുണ്ടാകാവുന്ന തിരിച്ചടി ഭയന്നാണ്.അതേസമയം, ദല്ലാളുകള്‍ മുഖേന കന്യാസ്ത്രീകളെ പ്രലോഭിപ്പിക്കാനും സമ്മര്‍ദ്ദത്തിലാക്കാനുമുള്ള തന്ത്രങ്ങള്‍ സഭ പയറ്റുന്നുണ്ട്.
കോളിളക്കം സൃഷ്ടിച്ച അഭയക്കേസ്സിന്റെ വിചാരണ എട്ട് മുതല്‍ ആരംഭിക്കുന്നു എന്നത് ക്രിസ്തീയ സഭകള്‍ക്കുള്ളില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് എരിവ് പകരുന്നതാണ്. ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ്സിനു പുറമെ, മനന്തവാടിരൂപതയിലെ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവക വികാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്സും, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന കേസ്സുമുണ്ട്.
ഭൂമി വില്‍പ്പന, ഇടവക ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ വിവാദമായകേസ്സുകള്‍ വേറെ. കുമ്പസാരരഹസ്യം ചൂഷണം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസ്സ് മറ്റൊന്ന്. സഭാ രീതികള്‍ വ്യത്യസ്തമാണെങ്കിലും അതീവ ഗൗരവമുള്ള കുമ്പസാരം എന്ന കൂദാശയുടെ ദുര്‍വിനിയോഗമാണ് വിഷയം. അത് ഇതര ക്രിസ്തീയ സഭകളെയും ബാധിക്കുന്നതുമാണ്.

Related News