Friday
22 Feb 2019

ബിഷപ് പീഡനം; ഇന്ന് അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം

By: Web Desk | Wednesday 12 September 2018 10:25 AM IST

കൊച്ചി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയുടെ അന്വേഷണ പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ന് അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അന്വേഷണ സംഘവും കോട്ടയം ജില്ലാ പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും വീണ്ടും ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഐജിയുടെ നിര്‍ദേശ പ്രകാരമുള്ള അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വ്യാഴാഴ്ച അന്വേഷണം സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയക്കും. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെടുക. ഏറ്റുമാനൂരില്‍ വച്ചാണ് അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.

ജലന്തര്‍ ബിഷപ്പിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയില്‍ പറയുന്ന ദിവസം താന്‍ കുറവില്ലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നില്ലെന്നായിരുന്ന ബിഷപ്പിന്റെ മൊഴി. തൊടുപുഴ മഠത്തില്‍ ആയിരുന്നു എന്നായിരുന്നു ബിഷപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ തൊടുപുഴ മഠത്തിലെ രേഖകള്‍ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല.

അതേസമയം ബിഷപ്പ് സ്ഥാനത്ത് നിന്നും നേരത്തെ രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അത് ചെയ്യരുതെന്ന് സഹവൈദികര്‍ ഉപദേശിച്ചു. സഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമ വിചാരണയാണെന്നും ബിഷപ്പ് വ്യക്തമാക്കി.

സാധാരണ ജനങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല എന്നാണ്. എന്നാല്‍ പള്ളിക്ക് എതിരെ നില്‍ക്കുന്നവര്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവര്‍ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാര്‍ഡില്‍ പല വിഷയങ്ങളുമുണ്ട്. അവര്‍ മറ്റു കാര്യങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കും.

Related News