29 February 2024, Thursday

ബിഷപ്പിന്റെ ജിഹാദി പരാമര്‍ശം: പ്രതിഷേധം കനക്കുന്നു

Janayugom Webdesk
കോട്ടയം
September 10, 2021 9:30 pm

സീറോ മലബാർ സഭ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിന്റെ ലൗ ജിഹാദ് — നർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുള്ള വിവാദം കനക്കുന്നു. മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ബിഷപ്സ് ഹൗസിലേക്ക് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള ഐക്യവേദിയും പിഡിപിയുമാണ് വെവ്വേറെ മാർച്ചുകൾ നടത്തിയത്. ബിഷപ് മാപ്പ് പറഞ്ഞ് പരാമർശം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് (153 എ) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം താലൂക്ക് മഹല്ല് മുസ്‌ലിം കോർഡിനേഷൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ഇതിനിടെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അസഭ്യ പരാമർശത്തോടെ ബിഷപ്പിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടർന്ന് തിരുത്തി.
മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. മാപ്പ് പറയാൻ തയ്യാറല്ലെങ്കിൽ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വസ്തുതാപരമായ തെളിവുകൾ ഹാജരാക്കണം. ആദ്ധ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മാത്രം നിയോഗിക്കപ്പെട്ട പുരോഹിതർ വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് രാഷ്ട്രീയമുൾപ്പെടെയുള്ള മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതിക്ക് മാറ്റം വന്നെങ്കിൽ മാത്രമേ മെത്രാന്മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളുവെന്നും ഫെലിക്സ് ജെ പുല്ലൂടൻ വ്യക്തമാക്കി.


ഇത് കൂടി വായിക്കുക; ലവ് ജിഹാദ് : ബിജെപിയുടെ വ്യാജപ്രചരണങ്ങൾ ഏറ്റുപിടിച്ച് ചില ക്രിസ്ത്യൻ സംഘടനകളും


ക്രിസ്ത്യൻ മതത്തിൽപെട്ട പെൺകുട്ടികളെയും യുവാക്കളെയും ലൗ ജിഹാദിലൂടെയും നർക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ വർഗീയ പരാമർശം.
ബിഷപ്പ് പറഞ്ഞത്: ചുരുക്കം മുസ്‌ലിം ഗ്രൂപ്പുകൾ നടത്തുന്ന ലൗ ജിഹാദ് ഇല്ലന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. അങ്ങനെ പറയുന്നവർക്ക് നിഷിപ്ത താത്പര്യമുണ്ട്. പ്രായം കുറഞ്ഞ പെൺകുട്ടികളെ വശത്താക്കുവാൻ ജിഹാദികൾ ഹോസ്റ്റലുകളിൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലവിരിച്ചു കാത്തിരിക്കുകയാണ്. മതംമാറ്റി മസ്തിഷ്ക പ്രക്ഷാളനം നടത്തി പെൺകുട്ടികളെ പർദയ്ക്കുള്ളിലാക്കി സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. പെൺകുട്ടികളെ വശത്താക്കുവാൻ തീവ്ര പരിശീലനം നേടിയവരാണ് ജിഹാദികൾ. ചില ഹിന്ദു, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവരെ ഇത്തരത്തിൽ മത പരിവർത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയ സംഭവങ്ങൾ കൺമുന്നിലുണ്ട്. ജിഹാദികളുടെ കാഴ്ചപ്പാടിൽ മുസ്‌ലിങ്ങളല്ലാത്തവർ നശിപ്പിക്കപ്പെടേണ്ടവരാണ്. ജിഹാദി പ്രവർത്തനങ്ങൾ ലോകത്തെമ്പാടും നടക്കുന്നതുപോലെ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നടക്കുകയില്ലെന്നും ബിഷപ് പറഞ്ഞിരുന്നു. ആയുധമെടുത്ത് നശിപ്പിക്കുന്നതിന് പകരം ഇവിടെ മറ്റു മാർഗ്ഗം എന്ന നിലയിലാണ് ലൗ ജിഹാദ് ഉൾപ്പടെയുള്ള ശ്രമങ്ങൾ നടത്തുന്നത്. മതം മാറ്റുവാനും സാമ്പത്തിക നേട്ടങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമാണ് മറ്റു മതങ്ങളിൽ പെട്ട പെൺകുട്ടികളെ ഇത്തരത്തിൽ ഉപയോഗി്ക്കുന്നത്. ജിഹാദികളുടെ പ്രവർത്തനങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളുടെ കണ്ണുനീർ ചില കുടുംബങ്ങളിൽ ഇറ്റിറ്റു വീഴുകയാണ്.
രണ്ടു മതവിഭാഗങ്ങളിൽ പെട്ടവർ പ്രണയിച്ച് വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പമെന്നത് വെറും ചോദ്യം മാത്രമാണ്. എന്നാൽ ഇങ്ങനെ വിവാഹം കഴിക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്നത് വലിയ ചോദ്യ ചിഹ്നമായി നിൽക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; love jihad mar joseph alangad

you may also like this video;

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.