Web Desk

കൊച്ചി

January 21, 2021, 8:45 pm

സമുദായാംഗങ്ങളെ വില്‍ക്കാന്‍ തയ്യാറാകുന്ന മെത്രാന്മാരെ തെരുവില്‍ തടയും

Janayugom Online

പിന്നാമ്പുറത്ത് വിലപേശി കരാറുറപ്പിച്ച് സമുദായാംഗങ്ങളെ  സംഘപരിവാര്‍ പാളയത്തിലെത്തിക്കാനുള്ള ക്രൈസ്തവ  മെത്രാന്മാരുടെ വഞ്ചനാപരമായ നീക്കം കനത്ത തിരിച്ചടിക്ക് അവസരമൊരുക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്‍റ് ക്രിസ്ത്യന്‍   കൗണ്‍സില്‍ കേന്ദ്ര സമിതിയോഗം മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കായി വിശ്വാസികളെ എക്കാലവും വിറ്റ ചരിത്രമുള്ള സഭാ നേതൃത്വം ഇപ്പോഴും അതാവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സമുദായാംഗങ്ങള്‍ പഴയകാലഘട്ടത്തില്‍നിന്നും വളരെ മാറിയിരിക്കുന്നുവെന്നും പണ്ട് തിരുവായ്ക്ക് എതിര്‍വായില്ലാതെ നിന്നിരുന്ന ഒരു വിശ്വാസ കൂട്ടായ്മയാണ് ക്രൈസ്തവരെന്ന പേരിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് മേലധ്യക്ഷന്മാരുടെ പരിധിവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചൂണ്ടുവിരലുയര്‍ത്തുവാന്‍ കെല്‍പ്പുള്ളവരാണ് സമുദായാംഗങ്ങളെന്ന് ഇവര്‍ തിരിച്ചറിയേണ്ടതുണ്ട്.

വിദേശ ഫണ്ട് തടസമില്ലാതെ കൈകളിലെത്തുന്നതിനും രാജ്യത്തെ നിയമങ്ങളെ തിരസ്കരിച്ച് അളവില്ലാതെ സമ്പാദിച്ചുകൂട്ടിയിട്ടുള്ള സമ്പത്തുകള്‍ നിലനിറുത്തുന്നതിനും  സമുദായാംഗങ്ങളെ വില്‍ക്കാന്‍ തയ്യാറാകുന്ന മെത്രാന്മാരെ തെരുവില്‍ തടയുന്നതുള്‍പ്പെടെയുള്ള സമര പരിപാടികളുമായി  ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ രംഗത്തിറങ്ങാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് ഫെലിക്സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോര്‍ജ്ജ് കട്ടിക്കാരന്‍, അഡ്വ, വര്‍ഗീസ് പറമ്പില്‍, ജോസഫ് വെളിവില്‍, ജേക്കബ് മാത്യു, സ്റ്റാന്‍ലി പൗലോസ്, വി ജെ പൈലി, ലോനന്‍ ജോയ, ബാബു ഈരത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.