പുളിക്കല്‍ സനില്‍രാഘവന്‍

തിരുവനന്തപുരം

May 04, 2021, 11:46 am

നിയമസഭാ തെരഞെടുപ്പിലെ ദയനീയ പരാജയം; ബിജെപിയില്‍ കലാപം, നേതൃത്വത്തിനെതിരെ അണികള്‍

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന ബിജെപിയില്‍ കലാപം രൂക്ഷമാകുകയാണ്. നിരവധി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളും പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ അണികൾക്കും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും വലിയ പ്രതീക്ഷയാണ് സംസ്ഥാനനേതൃത്വം നല്‍കിയത്. കൈയിലുണ്ടായിരുന്ന സീറ്റ്‌ നഷ്ടമായതും ആകെ വോട്ട്‌ കുറഞ്ഞതും ചിലയിടങ്ങളിൽ വോട്ട്‌ വിറ്റതും നേതൃത്വത്തിന്‌ കനത്ത തിരിച്ചടിയായി. കടുത്ത ആഭ്യന്തര പ്രശ്നങ്ങളിലേക്കാണ്‌ ബിജെപി കടക്കാൻ പോകുന്നതെന്നുള്ള സൂചനകളും വന്നുകഴിഞ്ഞു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പല മണ്ഡലത്തിലും രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ബിജെപി ഇത്തവണ വളരെ പിന്നോക്കം പോയിരുന്നു. നാലു ലക്ഷത്തിലേറെ വോട്ട്‌ കുറഞ്ഞു. പത്ത്‌ മണ്ഡലത്തിൽ വോട്ടുകൾ യുഡിഎഫിന്‌ മറിച്ച കണക്കുകൾ പുറത്തുവന്നിരിക്കുന്നു. എന്നിട്ടും യുഡിഎഫിന് വിജയിക്കാന്‍ കഴിയാഞ്ഞതും നേതൃത്വത്തെ ശരിക്കും അലോരസപ്പെടുത്തുന്നു. അണികള്‍ക്ക് മുമ്പില്‍ കാര്യങ്ങല്‍ വിശദീകരിക്കാന്‍ പകച്ചുനില്‍ക്കുകയാണ് നേതൃത്വം. 

കഴക്കൂട്ടത്ത്‌ തങ്ങളെ പരാജയപ്പെടുത്താൻ പാർട്ടിയിലെ ചിലർ കളിച്ചതായി ശോഭാ സുരേന്ദ്രൻ വിഭാഗം പരാതി ഉന്നയിച്ചുകഴിഞ്ഞു. കുമ്മനം മത്സരിച്ച നേമം, കൃഷ്ണദാസ്‌ മത്സരിച്ച കാട്ടാക്കട എന്നിവിടങ്ങളിലും പാറശാല, അരുവിക്കര, കോവളം മണ്ഡലങ്ങളിലും വോട്ട്‌ കുറഞ്ഞു. വട്ടിയൂർക്കാവിൽ വി വി രാജേഷിനും കുമ്മനത്തിന്റെ പഴയ നില പിടിക്കാൻ കഴിഞ്ഞില്ല. പാലാ, തൃപ്പൂണിത്തുറ, കുണ്ടറ, കരുനാഗപ്പള്ളി, ചാലക്കുടി, ബത്തേരി തുടങ്ങിയ മണ്ഡലങ്ങളിലാണ്‌ യുഡിഎഫിന്‌ വോട്ട്‌ മറിച്ചതായി ആരോപണമുള്ളത്‌. ഇവിടങ്ങളിലൊന്നും 2016ൽ കിട്ടിയ വോട്ട്‌ ബിജെപിക്ക്‌ വീണിട്ടില്ല. തലശേരിയിലും ഗുരുവായൂരിലും സ്വന്തം സ്ഥാനാർഥികളെ ഇല്ലാതാക്കി നടത്തിയ കളിയും യുഡിഎഫിനെ സഹായിക്കാനായിരുന്നു. 

സംസ്ഥാന നേതൃത്വത്തിനെതിരെ മുതിർന്ന സംഘപരിവാര്‍‌ നേതാവ്‌ പിപി മുകുന്ദൻ രംഗത്ത്‌ വന്നു. പ്രതികരിക്കുന്ന, മുതിർന്നവരടക്കമുള്ള നേതാക്കളെ മൂലക്കിരുത്തിയാണ്‌ വി മുരളീധരനും കെ സുരേന്ദ്രനും നയിച്ചത് എന്ന്‌ എതിർ വിഭാഗത്തിലുള്ളവർ നേരത്തേ തന്നെ ആക്ഷേപമുയർത്തിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്‌ അനവധി പരാതികളും ഇവർക്കെതിരെ അയച്ചിട്ടുണ്ട്‌. പത്ത്‌ സീറ്റ്‌ കിട്ടുമെന്ന്‌ കേന്ദ്ര നേതൃത്വത്തെ മുരളീധരൻ തെറ്റിദ്ധരിപ്പിച്ചതായാണ്‌ എതിർ വിഭാഗം പറയുന്നത്‌. പ്രധാനമന്ത്രി രണ്ട്‌ തവണയും അമിത്‌ ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവർ പല തവണയും നിരവധി കേന്ദ്ര മന്ത്രിമാരും പ്രചാരണത്തിനെത്തിയത്‌ അത്‌ വിശ്വസിച്ചാണ്‌. കോടികൾ ഒഴുക്കിയതും അങ്ങനെയാണ്‌. ഇതിനെല്ലാം മറുപടി പറയാനാകാതെ കുഴയുന്ന സംസ്ഥാന നേതൃത്വം മാറിനിൽക്കണമെന്ന ആവശ്യവും താമസിയാതെ ശക്തമാകും.

കോഴിക്കോട്‌ ബിജെപിക്കുണ്ടായ തിരിച്ചടി കനത്തതാണെന്ന്‌ മുതിർന്ന നേതാവ്‌ പിപി മുകുന്ദൻ. നേതൃത്വം ഇത്‌ വിലയിരുത്തണം. കൂട്ടായ നേതൃത്വമില്ലാത്തതാണ്‌ കനത്ത പരാജയത്തിന്‌ കാരണമെന്ന് മുതിര്‍ന്ന നേതാവും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന പിപി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. പരാജയം ചർച്ചചെയ്‌ത്‌ തിരുത്തണം. സംഘടനാക്രമീകരമാണ്‌ ആവശ്യം. നേതൃത്വത്തിന്റെ ഇടപെടലാണ്‌ വേണ്ടത്‌. അനുകൂലമായ സാഹചര്യം എന്തുകൊണ്ട്‌ നഷ്ടമാക്കിയെന്നത്‌ പരിശോധിക്കണം. കേരളത്തിലുണ്ടായ കനത്ത തോൽവിയെക്കുറിച്ച്‌ പഠിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. 

ഓൺലൈനിൽ ചേർന്ന കോർ കമ്മിറ്റിയാണ്‌ ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്‌. പറ്റിയാൽ പത്ത്‌ അല്ലെങ്കിൽ ഏഴ്‌ അതുമല്ലെങ്കിൽ അഞ്ച്‌ മണ്ഡലം ഉറപ്പെന്നു പറഞ്ഞ്‌ കളത്തിലിറങ്ങിയ ബിജെപിക്ക്‌ കൈയിലുള്ള നേമംകൂടി നഷ്ടമായിരുന്നു. സംസ്ഥാനവ്യാപകമായി വോട്ട്‌ ചോർച്ചയുണ്ടാവുകയും ചെയ്തു. വോട്ട്‌ മറിച്ചെന്ന്‌ ശോഭ സുരേന്ദ്രൻ പക്ഷവും തൃപ്പൂണിത്തുറയിലെ സ്ഥാനാർഥി ഡോ. കെ എസ്‌ രാധാകൃഷ്ണനും വ്യക്തമാക്കിക്കഴിഞ്ഞു. 90 സീറ്റിൽ യുഡിഎഫുമായി ബിജെപി കച്ചവടം നടത്തിയ കാര്യവും പുറത്തുവന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടിടത്ത്‌ മൽസരിച്ചത്‌ മഞ്ചേശ്വരത്തെ പരാജയത്തിനു കാരണമായതായി ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ പറഞ്ഞു. മഞ്ചേശ്വരത്തുമാത്രം മൽസരിച്ചാൽ മതിയായിരുന്നു. അവിടെമാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. മുപ്പതുവർഷമായി ബിജെപിക്ക്‌ സ്വാധീനമുള്ള മണ്ഡലമാണ്‌. കെ ജി മാരാർ ഉൾപ്പെടെയുള്ള നേതാക്കൾ മൽസരിച്ച്‌ രണ്ടാം സ്ഥാനത്ത്‌ എത്തിയതാണെന്നും എ എൻ രാധാകൃഷ്‌ണൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

‘മോഡി കളി’ക്കാൻ ഒന്നിലധികം സീറ്റുകളിൽ മത്സരിച്ച്‌ ഹെലികോപ്‌റ്ററിൽ പറന്നു പ്രചാരണം നടത്തിയ കെ സുരേന്ദ്രന്റെ കോമാളിത്തരവും തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിലെ കുട്ടിക്കളിയുമാണ്‌ ബിജെപിയെ തോൽപ്പിച്ചതെന്ന്‌ ആർഎസ്‌എസ്‌ നേതാവ്‌ ഇ എൻ നന്ദകുമാർ. ഇങ്ങനെയുള്ളവർ എത്രയുംവേഗം സ്ഥാനമൊഴിഞ്ഞ്‌ പ്രസ്ഥാനത്തെ രക്ഷിക്കണമെന്നും ആർഎസ്‌എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്സ്‌ ചുമതലക്കാരനും നാഷണൽ ബുക്ക്‌ ട്രസ്‌റ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായ നന്ദകുമാർ ആവശ്യപ്പെട്ടു. 

കുറഞ്ഞത് മൂന്നു സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നു ബിജെപിക്ക് ചെറിയ ആഘാതമല്ല ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയര്‍ത്താനായാല്‍ പറഞ്ഞു നില്‍ക്കാമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും ബി.ജെ.പിക്ക് കൈവിട്ടതായാണ് വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി. നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ബിജെപി, ബിഡിജെഎസ്, എഐഎഡിഎംകെ. എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. നേരിയ വ്യത്യാസം ഈ കണക്കില്‍ ഉണ്ടായാലും ഇത്തവണ ബിജെപിക്ക് വന്‍തോതിലുള്ള വോട്ട് ചോര്‍ച്ച ഉണ്ടായതായി വേണം മനസ്സിലാക്കാന്‍. 

2016‑ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു എന്‍ഡിഎക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണ 12.4 ശതമാനം മാത്രമാണ് ലഭിച്ചത് എന്നത് പാര്‍ട്ടിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. 2016‑ല്‍ ലഭിച്ച വോട്ടില്‍നിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2019‑ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ട്. 2020‑ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരുടേത് അടക്കം വോട്ട് ശതമാനം 16.5‑ന് മുകളിലെത്തി. ഈ നിലയില്‍നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.4 ശതമാനത്തിലേക്ക് എന്‍ഡിഎ. കൂപ്പുകുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതായത്, തൊട്ടു മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ നേടിയതില്‍നിന്ന് നാല് ശതമാനത്തിന്റെ കുറവ്. വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 

കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ദേശീയനേതൃത്വം കാടിളക്കി പ്രചാരണം നടത്തിയിട്ടും കേരളത്തില്‍ വോട്ട് വിഹിതം ഉയര്‍ത്താനായില്ലെന്നു മാത്രമല്ല, നാല് ശതമാനത്തോളം കുറയുകയും ചെയ്തു എന്നത് ബി.ജെ.പി. നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ കാര്യമാണ്. നിലവില്‍ ലഭിച്ച വോട്ടുകള്‍ത്തന്നെ ഇ. ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയില്‍ നേടിയതാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് വരുംദിവസങ്ങളില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.

Eng­lish sum­ma­ry: BJP activ­its against leadership
You may also like this video: