Thursday
21 Mar 2019

തെരഞ്ഞെടുപ്പ് കമ്മിഷനെ വെല്ലുവിളിച്ച് ബിജെപി

By: Web Desk | Tuesday 12 March 2019 10:25 PM IST


ഞായറാഴ്ച തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. അടുത്ത കാലത്ത് നടന്ന യുദ്ധവികാരത്തെ മുതലെടുക്കുന്ന വിധത്തിലും സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുമുള്ള പ്രചരണങ്ങള്‍ കമ്മിഷന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. അതോടൊപ്പം കേരളത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിയുള്ള വിദ്വേഷകരമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പാടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കുകയുണ്ടായി. മതം, ദൈവം, കോടതിവിധികള്‍ എന്നിവ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് വളരെ വ്യക്തമായാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതൊന്നും അംഗീകരിക്കില്ലെന്നാണ് ബിജെപി നേതാക്കളും മുഖ്യമന്ത്രിമാരും നടത്തുന്ന പ്രസ്താവനകളില്‍ നിന്ന് മനസിലാക്കേണ്ടത്. ബലാക്കോട്ട് സൈനിക നടപടി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള വഴിയായുപയോഗിക്കുമെന്നാണ് ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാവുന്നതിന് മുമ്പ് പല നേതാക്കളും ഈ നിലപാട് സ്വീകരിച്ച ഘട്ടത്തിലാണ് കമ്മിഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ചട്ടം നിലവില്‍ വന്ന ശേഷമുള്ള ആദിത്യനാഥിന്റെ പ്രസ്താവനയിലൂടെ എങ്ങനെയാണ് ബിജെപി സൈന്യത്തെയും രാജ്യസുരക്ഷാ നടപടികളെയും തെരഞ്ഞെടുപ്പ് രംഗത്തുപയോഗിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരുപടികൂടി കടന്ന് ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്നും അത് തടയാന്‍ കമ്മിഷനാകില്ലെന്നുമുള്ള വെല്ലുവിളിയാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലി കള്ളവോട്ട് തടയല്‍ മാത്രമാണെന്നാണ് നേതാക്കള്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ചര്‍ച്ചയാക്കുമെന്നും അവര്‍ പറയുന്നു. ശബരിമല വിഷയം ഏത് രീതിയില്‍ ചര്‍ച്ചാവിഷയമാക്കിയാലും അത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്വീകരിച്ച നിലപാടിനോടുള്ള വെല്ലുവിളിയായിരിക്കും. മതം, ദൈവം, കോടതിവിധികള്‍ എല്ലാം അതുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ചര്‍ച്ചാവിഷയമാക്കുകയെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെ വന്നാല്‍ അത് ചട്ടലംഘനം മാത്രമായിരിക്കില്ല. കോടതി വിധി നടപ്പിലാക്കിയ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് കോടതിയലക്ഷ്യം കൂടിയായിരിക്കും. കാരണം ഇപ്പോഴും പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതേയുള്ളൂ.
യോഗി ആദിത്യനാഥായാലും മറ്റ് നേതാക്കളായാലും നടത്തിയ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിനെ ബിജെപി എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്.

സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അതിന്റെ പ്രവര്‍ത്തനഘടനയെ സംബന്ധിച്ച് വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അത് വോട്ടുചേര്‍ക്കലും തള്ളലും കള്ളവോട്ട് തടയലും മാത്രമല്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ നയിക്കുകയെന്ന സുപ്രധാനമായ ചുമതലയും അവരുടേതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട സുരക്ഷാചുമതലപോലും കമ്മിഷന് കീഴിലാണ് വരുന്നത്. പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞാല്‍ നിരവധി നിയന്ത്രണങ്ങളുണ്ട്.

നിയന്ത്രണങ്ങളെല്ലാം കമ്മിഷന്റെ മേല്‍നോട്ടത്തിലാണ് നടപ്പിലാക്കപ്പെടുന്നതും നിരീക്ഷിക്കപ്പെടുന്നതും. അതുപോലെതന്നെ ചെലവുകള്‍ നിയന്ത്രിക്കുന്നതും കമ്മിഷന്‍ തന്നെയാണ്. എന്നിട്ടും പണാധിപത്യം തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നുവെന്നത് മറ്റൊരു കാര്യം. സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുക, വര്‍ഗീയവും വിഭാഗീയവുമായ പ്രചരണങ്ങള്‍ നടത്താതിരിക്കുക, വിദ്വേഷം ജനിപ്പിക്കുന്ന വിഷയങ്ങള്‍ ഉപയോഗിക്കാതിരിക്കുക, സൈന്യവിഭാഗങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനും കമ്മിഷന് അധികാരമുണ്ട്. അതൊന്നും വകവച്ചുകൊടുക്കന്‍ സന്നദ്ധമല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.
കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്യുക മാത്രമല്ല ബിജെപി നേതാക്കള്‍ ചെയ്തിരിക്കുന്നത്. തങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധ്യമാവില്ലെന്ന ധാര്‍ഷ്ട്യം കൂടിയാണ് അവരുടെ വാക്കുകളില്‍ തെളിയുന്നത്. അധികാരത്തിന്റെ മത്തുപിടിച്ചവരുടെയും ഫാസിസ്റ്റുകളുടെ വാക്കുകളാണവ. കമ്മിഷന്‍ എന്താണോ ചെയ്യരുതെന്ന് പറഞ്ഞത് അതുതന്നെ ചെയ്യുമെന്നാണ് അവര്‍ പറഞ്ഞുനടക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതില്‍ അമാന്തം കാട്ടിയതില്‍ ബിജെപിയുമായി കമ്മിഷന്‍ ഒത്തുകളിച്ചുവെന്ന് ചില കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി മോഡിക്ക് പ്രചരണങ്ങളും ഉദ്ഘാടനങ്ങളും പൂര്‍ത്തിയാക്കുന്നതിനുള്ള സമയം നല്‍കുന്നതിനാണ് തീയതി പ്രഖ്യാപനം വൈകിച്ചതെന്ന ആക്ഷേപവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബിജെപി നേതാക്കള്‍ നടത്തുന്ന വെല്ലുവിളികള്‍ ഗൗരവത്തിലെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ സന്നദ്ധമാവേണ്ടത് അവരുടെ നിഷ്പക്ഷതയ്ക്ക് ആവശ്യമാണ്.