8 September 2024, Sunday
KSFE Galaxy Chits Banner 2

മതമേലധ്യക്ഷന്മാർക്കെതിരെ ബിജെപി; കത്തോലിക്കാ സഭയിൽ അമർഷം

ബേബി ആലുവ
കൊച്ചി
July 1, 2024 10:13 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് മത മേലധ്യക്ഷന്മാർക്കും വിശ്വാസികൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപി നീക്കത്തിൽ കത്തോലിക്കാസഭയിൽ കടുത്ത അമർഷവും പ്രതിഷേധവും ഉയരുന്നു. 

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ, മത മേലധ്യക്ഷന്മാരുടെ കൽപ്പനകളോട് അനുസരണക്കേട് കാട്ടി വിശ്വാസികൾ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്നുവെന്ന സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമർശം സഭയുടെ വിവിധ തലങ്ങളിൽ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തന്ത്രം അപലപനീയമാണെന്ന് കെസിബിസിഐക്യ‑ജാഗ്രത കമ്മിഷന്‍ പറ‌ഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പോലും ചില ബിഷപ്പുമാർ മണിപ്പൂർ കലാപം ഓർമിപ്പിച്ച് ബിജെപിക്ക് എതിരെ വോട്ട് ചെയ്യണമെന്ന് സന്ദേശം നൽകിയെങ്കിലും തൃശൂരിലെ വിശ്വാസികൾ അത് തള്ളിക്കളഞ്ഞ് ബിജെപിയെ കയ്യയച്ച് സഹായിച്ചുവെന്നാണ് സുരേന്ദ്രന്റെ ഒരു പരാമർശം. ഇത്, മതമേലധ്യക്ഷന്മാരെ ധിക്കരിക്കുന്ന തരത്തിൽ വിശ്വാസികളെ മാറ്റിയെടുക്കാൻ തങ്ങൾക്കായി എന്ന ഒളിയമ്പാണെന്ന് സഭയിൽ ധാരാളം പേർ വിലയിരുത്തുന്നു. ഇതിൽ സംതൃപ്തിയും വിശ്വാസി സമൂഹത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും മത മേലധ്യക്ഷന്മാർക്കുള്ള മുന്നറിയിപ്പും ഉൾക്കൊള്ളുന്നതായി പലരും വ്യാഖ്യാനിക്കുന്നുണ്ട്. 

പഠനത്തിനും ജോലിക്കുമായി യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗക്കാരുടെ രക്ഷിതാക്കൾ വ്യപകമായി ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന സുരേന്ദ്രന്റെ അവകാശ വാദത്തിലും ആ വിഭാഗത്തെ വലയിലാക്കാൻ തങ്ങൾക്കു കഴിഞ്ഞുവെന്ന ധാർഷ്ട്യമുണ്ട്. കൂട്ടത്തിൽ, മത മേലധ്യക്ഷന്മാരിലല്ല വിശ്വാസികളിലാണ് ശ്രദ്ധയൂന്നേണ്ടത് എന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യന് നൽകിയ ഉപദേശത്തിൽ മത മേലധ്യക്ഷന്മാരെ വകവയ്ക്കേണ്ടതില്ലെന്ന ധ്വനിയുള്ളതായും വിലയിരുത്തലുണ്ട്. സഭയ്ക്കു വേണ്ടി സമീപിക്കുന്നവരെ വിലയിരുത്തി വേണം തീരുമാനമെടുക്കാനെന്നും അതേ സമയം സാധാരണ വിശ്വാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിക്ക് നൽകിയ ഉപദേശവും കത്തോലിക്കാ സഭയെ ചൊടിപ്പിച്ചിട്ടുണ്ട്. ഒരു പടികൂടി കടന്ന്, ലത്തീൻ കത്തോലിക്കാ സഭയെ നന്ദികെട്ട സഭാ വിഭാഗമെന്ന തരത്തിൽ യോഗത്തിൽ സുരേന്ദ്രൻ കുറ്റപ്പെടുത്തിയതും വലിയ എതിർപ്പിനിടയാക്കി. കേന്ദ്ര മന്ത്രിമാരായിരുന്ന രാജീവ് ചന്ദ്രശേഖറും വി മുരളീധരനും കാര്യമായി സഹായിച്ചിട്ടും സഭാ നേതൃത്വം എതിർ പ്രചാരണം നടത്തി. ആറ്റിങ്ങൽ മണ്ഡലത്തിലെ ലത്തീൻ കത്തോലിക്കാ മേഖലകളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞതിന്റെ പേരിലായിരുന്നു വിമർശനം. 

ക്രൈസ്തവ വിശ്വാസികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണെന്നും കെസിബിസിഐക്യ‑ജാഗ്രത കമ്മിഷന്‍ വിലയിരുത്തി. കേരളത്തിൽ ബിജെപിയിൽ നിന്ന് കത്തോലിക്കാ സഭയ്ക്കു നേരെ ഇത്ര പ്രത്യക്ഷമായ കടന്നാക്രമണം ഇതാദ്യമായാണ്. അതുകൊണ്ടു തന്നെ ഇതിനെതിരെ വരും ദിവസങ്ങളിൽ സഭയിൽ നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടാകും. അതേസമയം, സാമൂഹിക മാധ്യമങ്ങളിലും വിഷയം ചൂടുപിടിച്ചു തുടങ്ങിയിട്ടുണ്ട്. 

Eng­lish Sum­ma­ry: BJP against reli­gious lead­ers; Anger in the Catholic Church

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.