ബിജെപി-അജിത് പവാർ പാതിരാക്കച്ചവടം; കത്ത് വിധി നിര്‍ണയിക്കും

രാഷ്ട്രീയ ലേഖകൻ
Posted on November 24, 2019, 11:03 pm

ന്യഡൽഹി: മഹാരാഷ്ട്രയിലെ ബിജെപി-അജിത് പവാർ പാതിരാക്കച്ചവടത്തിന് നിയമപരമായ സാധുത നാളെറിയാം. ഭൂരിപക്ഷമുണ്ടെന്ന് ഗവർണർക്ക് ഫഡ്നാവിസ് സമർപ്പിച്ച കത്തിനൊപ്പം ബിജെപി സർക്കാരിന് എൻസിപിയുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് നിർണായകം. അജിത് പവാറിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്ത തീരുമാനം അറിയിച്ചുകൊണ്ടുള്ള എന്‍സിപിയുടെ കത്താണ് സർക്കാർ രൂപീകരണത്തിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത്. എന്നാൽ പാർലമെന്ററി പാർട്ടി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ എൻസിപി നീക്കിയതോടെ കത്തിന്റെ ആധികാരികത നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതേസമയം ഒക്ടോബർ 30 ന് അജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായാണ് ബിജെപി അവകാശപ്പെടുന്നത്. എൻസിപിയുടെ എല്ലാ എംഎൽഎമാരുടെയും പിന്തുണ ഗവർണർക്ക് മുന്നിൽ അവകാശപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഭരണം പിൻവലിച്ച് നാടുണരും മുൻപ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അവസരം നൽകിയത്. അതിനിടെ മുംബൈയിലെ എൻസിപി ഓഫിസിൽ സൂക്ഷിച്ചിരുന്ന കത്ത് അജിത് പവാറിന്റെ കയ്യിലെത്തിയത് എങ്ങനെയെന്ന ചോദ്യവുമായി ഒരു വിഭാഗം എംഎൽഎമാരും രംഗത്തെത്തി. പാർട്ടി ജനറൽ സെക്രട്ടറിയും ശരത് പവാറിന്റെ വിശ്വസ്തനുമായ ശിവാജിറാവു ഗാർജേയെ തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ കത്ത് കൈക്കലാക്കിയതെന്നാണ് പറയപ്പെടുന്നത്. വെള്ളിയാഴ്ച രാത്രിയിൽ ശരത് പവാർ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തിയ ശേഷമാണ് കത്ത് അജിത് പവാർ വാങ്ങുന്നത്. ശിവസേനയുമായി സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞതിൽ ഗാർജേയ്ക് ഒട്ടും സംശയമുണ്ടായില്ല. എന്നാൽ സംഭവിച്ചതെന്തെന്ന് രാവിലെയാണ് എല്ലാവർക്കും മനസ്സിലായത്. അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ ഉള്ളടക്കം എന്താണെന്ന് എന്‍സിപി നേതാക്കളില്‍ ആര്‍ക്കുമറിയില്ല. നിയമപരമായ തിരിച്ചടിക്ക് സാധ്യത മണത്ത അജിത് പവാർ, തന്നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കിയ എൻസിപി നടപടിയെ​ സു​പ്രീം​കോ​ട​തിയിൽ ചോദ്യം ചെയ്തേക്കും.