September 26, 2022 Monday

ഓണത്തെ ഹൈന്ദവ ഉത്സമാക്കാനും ബിജെപി നീക്കം; വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയിട്ടില്ല

കെ കെ ജയേഷ്
കോഴിക്കോട്
August 14, 2022 1:11 am

മലയാളികളുടെ ഓണസങ്കല്‍പ്പങ്ങള്‍ തകര്‍ക്കാനും ഓണത്തെ ഹൈന്ദവ ഉത്സവമാക്കി മാറ്റാനുമായി ബിജെപി വീണ്ടും നീക്കമാരംഭിച്ചു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന് മുകളില്‍ അസുരചക്രവര്‍ത്തിയായ മഹാബലി നിറയുന്ന ഓണത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തകര്‍ക്കാനാണ് പലവട്ടം പാളിപ്പോയ ഹിന്ദുത്വ പരീക്ഷണം വീണ്ടും പയറ്റാനുള്ള ബിജെപി സംസ്ഥാന ഘടകത്തിന്റെ നീക്കം. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. ”ലോകാനാമേകമീശ്വരം” എന്ന് തന്റെ ഐശ്വര്യത്തില്‍ അഹങ്കരിച്ചുപോയ ബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത് എന്നാണ് ബിജെപിയുടെ പ്രചാരണം. പാടിപ്പതിഞ്ഞ മഹാബലിയുടെ കഥ ജനമനസ്സുകളില്‍ നിന്ന് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവോണം ഹൈന്ദവ ഉത്സവമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമുള്ള പ്രചരണം നടത്താന്‍ പാര്‍ട്ടി തീരുമാനം.
തിരുവോണം വാമനാവതാര ദിവസമാണെന്ന് പ്രചരിപ്പിക്കുന്ന ബിജെപി അത്തപ്പൂക്കളത്തില്‍ വാമനമൂര്‍ത്തിയായ തൃക്കാക്കരയപ്പനെ വെക്കണമെന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം തുടങ്ങിയിട്ടുള്ളത്. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും ഓണത്തെ വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാനുമാണ് പാര്‍ട്ടി തീരുമാനം. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഓണത്തെ ഹൈന്ദവത്ക്കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത്.
കള്ളവും ചതിയുമില്ലാത്ത സമത്വ സുന്ദരമായ ഒരു കാലത്തിന്റെ പ്രതിനിധിയായിട്ടാണ് അസുരചക്രവര്‍ത്തിയായ മഹാബലിയെ മലയാളികള്‍ സങ്കല്‍പ്പിക്കുന്നത്. അസുരന്റെ കീര്‍ത്തി ദേവന്‍മാരെ അസൂയാലുക്കളാക്കുന്നു. തുടര്‍ന്നാണ് വിഷ്ണു വാമനരൂപത്തില്‍ ഭൂമിയിലെത്തി മഹാബലിയുടെ ദയാവായ്പ് ചൂഷണം ചെയ്ത് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നതാണ് ഐതിഹ്യം. കീഴാളപക്ഷത്ത് നിന്നുള്ള ഈ ഐതിഹ്യം തന്നെയാണ് കാലങ്ങളായി സംഘപരിവാറിനെ അലോസരപ്പെടുത്തുന്നത്.
വില്ലനായി മാറിയ വാമനനെ നായക സ്ഥാനത്തെത്തിക്കാനുള്ള നീക്കവുമായി നേരത്തെ തന്നെ ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയെങ്കിലും മാനുഷരെല്ലാം ഒന്നുപോലെയായ മാവേലി കാലത്തിന്റെ ഐതിഹ്യത്തിന് പോറലേല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓണത്തിന് വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ മലയാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അമിത് ഷായ്ക്ക് ഈ പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു. ഇതിന് പിന്നാലെ തോമസ് ഐസക്കിന്റെ പോസ്റ്റ് വിവാദമാക്കാനായിരുന്നു കെ സുരേന്ദ്രന്റെ ശ്രമം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയെ തോമസ് ഐസക് അധിക്ഷേപിച്ചെന്നായിരുന്നു കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ആരോപണം. ജാതിയോ വംശമോ നോക്കി വിവേചനം കാണിക്കാത്ത മഹാബലിയെയാണ് നാം ആഘോഷിക്കുന്നതെന്നും അദ്ദേഹത്തെ ചതിച്ച വാമനനെയല്ല എന്നുമായിരുന്നു തോമസ് ഐസക്കിന്റെ പോസ്റ്റ്. വ്യാപകമായ സ്വീകാര്യത തോമസ് ഐസക്കിന് ലഭിച്ചതോടെ ബിജെപി പിന്‍വാങ്ങുകയായിരുന്നു.
ആര്‍എസ് എസ് മുഖപത്രമായ കേസരിയാണ് കുറച്ച് കാലം മുമ്പ് വാമനന്റെ ചിത്രം കവര്‍ പേജായി നല്‍കി വാമന ജയന്തി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാക്കിയത്. തന്റെ ഐശ്വര്യത്തില്‍ അല്‍പ്പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തത് എന്നായിരുന്നു കേസരി പ്രചരിപ്പിച്ചത്. മഹാബലിയെന്ന അസുര ചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ചു എന്നത് കള്ളക്കഥയാണെന്നും കേസരി വിവിധ ലേഖനങ്ങളിലൂടെ വ്യക്തമാക്കി. തുടര്‍ന്ന് കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് വാമനന്‍ എന്ന വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറും രംഗത്തെത്തി. സംഘപരിവാര്‍ നേതാക്കള്‍ക്ക് പുറമെ രണ്ട് വര്‍ഷം മുമ്പ് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയ അരവിന്ദ് കെജ്രിവാളിനെയും മലയാളികള്‍ മഹാബലിയാണ് തങ്ങളുടെ ഹീറോ എന്ന് പറഞ്ഞ് നേരിട്ടു.
ഓണത്തിന് പിന്നാലെ നവോത്ഥാന നായകരായ മഹദ് വ്യക്തികളെ ഹിന്ദു നേതാക്കളും സന്ന്യാസിമാരുമായി ചിത്രീകരിക്കാനും ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്. ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസി മാത്രമാണെന്ന് സ്ഥാപിക്കാനും ചട്ടമ്പി സ്വാമി, മന്നത്ത് പദ്മനാഭന്‍, അയ്യങ്കാളി, തുഞ്ചത്തെഴുത്തച്ഛന്‍ എന്നിവരെയെല്ലാം ഹിന്ദുത്വവുമായി ചേര്‍ത്ത് വെച്ച് മുന്നോട്ട് പോകാനുമുള്ള തന്ത്രമാണ് പാര്‍ട്ടി ആവിഷ്‌ക്കരിക്കുന്നത്. എന്നാല്‍ വര്‍ഗ്ഗീയ ലക്ഷ്യത്തോടെയും സവര്‍ണ്ണ താത്പര്യങ്ങളോടെയുമുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ പതിവുപോലെ തകര്‍ന്നടിയുമെന്ന് ഉറപ്പാണ്.

Eng­lish Sum­ma­ry: BJP also moves to make Onam a Hin­du festival

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.