Janayugom Online
mannuthi-janayugom

അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും ചേട്ടനും അനിയനും

Web Desk
Posted on September 21, 2018, 7:26 pm
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ ദുരവസ്ഥക്കെതിരെ എല്‍ ഡി എഫ് നടത്തുന്ന പ്രതിഷേധസമരം മൂന്നാം ദിവസം സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു.

തൃശൂര്‍: അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ചേട്ടനും അനിയനും കളിക്കുന്ന കാഴ്ചയാണ് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ ദുരവസ്ഥയില്‍ പ്രകടമാകുന്നതെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. ദേശീയപാതയുടെ ശോച്യാവസ്ഥക്കെതിരെ കെ രാജന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ മൂന്നാംദിനത്തില്‍ സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

ദേശീയപാത അതോററ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള ഒത്തുകളി നടക്കുമ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ പോലുമാകാത്ത ദയനീയാവസ്ഥയിലാണ് യുഡിഎഫ്. ദേശീയപാത നിര്‍മ്മാണത്തിനായി കരാര്‍ കൊടുത്തത് യു പി എ സര്‍ക്കാരിന്റെ കാലത്താണ്. കരാര്‍ കൊടുത്തത് കോണ്‍ഗ്രസ് ആണെങ്കില്‍ കരാര്‍ നീട്ടിക്കൊടുക്കുകയും തുക കൂട്ടിക്കൊടുക്കുകയും ചെയ്യുന്നത് ബി ജെ പി സ്വകാരും. കോണ്‍ഗ്രസ് എം പിയുമായി ബന്ധപ്പെട്ട കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചതു മുതല്‍ അഴിമതിക്ക് കുടപിടിക്കുകയായിരുന്നു യു പി എ സര്‍ക്കാരും കോണ്‍ഗ്രസും. കേരള സര്‍ക്കാരും മേഖലയിലെ എം പിമാരും നിരന്തര ശ്രമം നടത്തിയിട്ടും കരാര്‍ കമ്പനിയും കേന്ദ്രസര്‍ക്കാരും മൗനം പാലിക്കുകയാണ്. ദേശീയപാതയുടെ പേരില്‍ സമരം നടത്തുന്ന കോണ്‍ഗ്രസും ആടിനെ പട്ടിയാക്കുന്ന നയമാണ് സ്വീകരിക്കുന്നത്. മല്യയെയും അംബാനിയെയും അദാനിയെയും വളര്‍ത്താന്‍ മാത്രമാണ് കോണ്‍ഗ്രസ്-ബി ജെപി സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചത്. അത്തരം നടപടികളുടെ ബാക്കി പത്രമാണ് ദേശീയപാതയുടെ ദുരവസ്ഥയെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.
സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു. കെ രാജന്‍ എം എല്‍ എ, വര്‍ഗീസ് കണ്ടംകുളത്തി, കെ പി പോള്‍, എം എം അവറാച്ചന്‍, രമാദേവി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.